
നേപ്പാൾ വിമാനദുരന്തം; മരിച്ചവരുടെ എണ്ണം 68 ആയി ; അപകടസ്ഥലത്തു നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു
സ്വന്തം ലേഖകൻ
കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി കാഠ്മണ്ഡു വിമാനത്താവള ഉദ്യോഗസ്ഥന്‍ ഷെര്‍ ബത്ത് താക്കൂര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിക്കവേ അപകടസ്ഥലത്തു നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്.
ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള ഡാറ്റ, ഒരു കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും അപകട കാരണം നിര്‍ണ്ണയിക്കുന്നതില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഠ്മണ്ഡുവില്‍ നിന്ന് ടൂറിസ്റ്റ് നഗരമായ പൊഖാറയിലേക്ക് പറക്കുകയായിരുന്ന വിമാനം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ 10.33നാണ് അപകടത്തില്‍പ്പെട്ടത്. നാല് ജീവനക്കാര്‍ ഉള്‍പ്പെടെ 72 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതുവരെ 68 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബാക്കി നാലുപേര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു.
അഞ്ച് ഇന്ത്യക്കാരും നാല് റഷ്യക്കാരും രണ്ട് ദക്ഷിണ കൊറിയന്‍ സ്വദേശികളും അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഉള്‍പ്പെടുന്നു. അഞ്ച് ഇന്ത്യക്കാരില്‍ നാലുപേര്‍ യുപിയിലെ ഗാസിപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ജനുവരി 13ന് അവധി ആഘോഷിക്കാനായി നേപ്പാളിലേക്ക് പോകുകയായിരുന്നു.