‘ദേശീയ ചിഹ്നത്തിൽ ബിജെപിയുടെ വേട്ടക്കാരുടെ രാഷ്ട്രീയം’; വിമർശിച്ച് എം.വി ജയരാജൻ
തിരുവനന്തപുരം: പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നം ബി.ജെ.പിയുടെ വേട്ടക്കാരുടെ രാഷ്ട്രീയമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ. ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ രാഷ്ട്രപതിയാക്കി പ്രതിഷ്ഠിക്കുന്നവരാണ് സംഘപരിവാർ. ഇതേ മാതൃകയാണ് ദേശീയ ചിഹ്നത്തിലും ഇവർ സ്വീകരിച്ചിരിക്കുന്നത്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ബി.ജെ.പി അധികാരത്തിൽ വന്നതു മുതൽ ഇരകളെ വേട്ടയാടുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ തുടർച്ചയാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
“നാല് സിംഹങ്ങളോടുകൂടിയ അശോകസ്തംഭമാണ് ഇന്ത്യയുടെ അംഗീകൃത ചിഹ്നം. സാരനാഥിലെ മ്യൂസിയത്തിലാണ് ഇപ്പോൾ ഇത് സൂക്ഷിച്ചിട്ടുള്ളത്. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നം ബിജെപിയുടെ വേട്ടക്കാരുടെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. അംഗീകൃത ചിഹ്നവുമായി പ്രകടമായ വ്യത്യാസം ഇതിനുണ്ട്. ഇരയെ വേട്ടയാടാൻ ക്രൗര്യതയോടെ പാഞ്ഞടുക്കുന്ന സിംഹത്തിന്റെ രൂപമാണ് പുതിയ ചിഹ്നത്തിലെങ്കിൽ, രാജകീയ ഭാവത്തിലും ശാന്തസ്വരൂപമുള്ളതും ആത്മവിശ്വാസം നൽകുന്നതുമായ സിംഹങ്ങളാണ് അംഗീകൃത ചിഹ്നത്തിന്റെ മുഖമുദ്ര. ബുദ്ധമതപ്രചരണാർത്ഥം അശോക ചക്രവർത്തി സ്ഥാപിച്ച ശിലാസ്തംഭം പിന്നീട് ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമാക്കുകയായിരുന്നു. ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ രാഷ്ട്രപതിയാക്കി പ്രതിഷ്ഠിക്കുന്നവരാണ് സംഘപരിവാർ. അതേ മാതൃകയാണ് ദേശീയ ചിഹ്നത്തിലും സ്വീകരിച്ചിരിക്കുന്നത്.
പാർലമെന്റിന്റെ മുന്നിൽ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യേണ്ടത് രാഷ്ട്രപതി ആയിരുന്നു, അത് പ്രധാനമന്ത്രി തട്ടിയെടുത്തു. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന സമയത്തെ പൂജ പോലെ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നത്തിന്റെ മുന്നിൽ ഉദ്ഘാടനസമയത്തും പ്രധാനമന്ത്രി പൂജ നടത്തി. മതേതര ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, ബിജെപി അധികാരത്തിൽ എത്തിയതിനു ശേഷം ഇരകളെ വേട്ടയാടുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ തുടർച്ചയാണ്. ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരണം.” ജയരാജൻ എഫ്.ബി പോസ്റ്റിൽ കുറിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group