
കോട്ടയം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അഡ്വ.നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് നോബിള്‍ മാത്യു.
കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ നോബിള്‍ മാത്യു കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു നോബിള്‍ മാത്യു ആരോപിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് പോരും വീതം വെയ്പ്പുമാണ് നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേന്ദ്രന്‍ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതം വെയ്പ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിന്റെ താല്‍പര്യങ്ങളും ഇതില്‍ പ്രതിഫലിച്ചുവെന്നും നോബിള്‍ മാത്യു പറഞ്ഞിരുന്നു.
11 വര്‍ഷമായി ബിജെപി പ്രവര്‍ത്തകനായ തനിക്ക് കാഞ്ഞിരപ്പള്ളിയില്‍ കുടുംബപരമായി സ്വാധീനമുണ്ടെന്നും മണ്ഡലവുമായി ബന്ധമില്ലാത്തയാളെയാണ് ഇവിടെ സ്ഥാനാര്‍ത്ഥി ആക്കിയതെന്നും നോബിള്‍ മാത്യു ആരോപിച്ചിരുന്നു.
ജോര്‍ജ് കുര്യന് കാഞ്ഞിരപ്പള്ളിയില്‍ 2,000 വോട്ടുകള്‍ പോലും ലഭിക്കില്ലെന്നും ഭൂരിപക്ഷം ലഭിക്കുന്ന സീറ്റില്‍ വേണമായിരുന്നു അദ്ദേഹമെന്നും നോബിള്‍ മാത്യു പറഞ്ഞിരുന്നു.



