മോദിമന്ത്രം തന്ത്രമാക്കാൻ ബി.ജെ പി ; മൂന്ന് സീറ്റ് ഉറപ്പിക്കാൻ മാസ്റ്റർ പ്ലാൻ, ഏകോപനച്ചുമതല വി മുരളീധരന്.ശബരിമലയും പിന്നാക്ക സമുദായ വിശാലമുന്നണിയും ന്യൂനപക്ഷ സ്നേഹവുമൊന്നും ഏശാത്ത സാഹചര്യത്തിലാണ് മോദി എന്ന ബ്രാൻഡ് ആയുധമാക്കി സംസ്ഥാന നേതൃത്വം കച്ചമുറുക്കുന്നത്.
കേരളത്തിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് ഉറപ്പിക്കാൻ ‘മോദിമന്ത്രം’ തുറുപ്പ് ചീട്ടാക്കി ബി. ജെ. പിയുടെ മുന്നൊരുക്കം. ശബരിമലയും പിന്നാക്ക സമുദായ വിശാലമുന്നണിയും ന്യൂനപക്ഷ സ്നേഹവുമൊന്നും ഏശാത്ത സാഹചര്യത്തിലാണ് മോദി എന്ന ബ്രാൻഡ് ആയുധമാക്കി സംസ്ഥാന നേതൃത്വം കച്ചമുറുക്കുന്നത്.
കേരളത്തിൽ ഏറെ പ്രതീക്ഷ മൂന്നിടത്താണ് – തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട. ബി. ജെ. പിക്ക് മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുള്ള ഈ സീറ്റുകൾ ഉറപ്പിക്കാൻ ഒരു മാസ്റ്റർ പ്ലാൻ തന്നെയുണ്ട്. ഇവ കൂടാതെ, രണ്ട് ലക്ഷത്തിന് മുകളിൽ വോട്ടുള്ള പാലക്കാടും കാസർകോടും ആറ്റിങ്ങലും ഒരുകൈ നോക്കാവുന്ന മണ്ഡലങ്ങളായാണ് കരുതുന്നത്.
ദേശീയതലത്തിൽ ‘മിഷൻ 450’ആണ് ബി.ജെ.പി അജണ്ട. നിലവിൽ 303 സീറ്റാണ് പാർലമെന്റിൽ. അതിനൊപ്പം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ വിജയപ്രതീക്ഷയിലോ ആയിരുന്ന 144 മണ്ഡലങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് 24 മാസത്തിലേറെ ശേഷിക്കേ ഈ മണ്ഡലങ്ങളിലെല്ലാം ഒരുക്കങ്ങൾ തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ സംസ്ഥാനത്തും ഓരോ പ്ലാൻ ആണ്. കേരളത്തിൽ മോദിയോടുള്ള പ്രീതിയാണ് മുഖ്യവിഷയം. 35 ശതമാനം വോട്ടർമാർക്ക് മോദിയോട് ആരാധനയുണ്ടെന്നാണ് സർവ്വേ റിപ്പോർട്ട്. കേന്ദ്രത്തിന്റെ ഇരുനൂറോളം ജനക്ഷേമ പദ്ധതികളിൽ ഏതെങ്കിലും ഒന്നിന്റെ ഗുണഭോക്താവായ ഒന്നേകാൽ കോടി വോട്ടർമാരുണ്ട് കേരളത്തിൽ. മോദി എന്നാൽ വികസനം, ദേശാഭിമാനം, പറഞ്ഞത് ചെയ്യുന്ന ഭരണാധിപൻ, ലോകത്ത് ഇന്ത്യയുടെ യശസ് ഉയർത്തിയ നേതാവ് തുടങ്ങിയ മുദ്രകൾ ഉയർത്തിയാവും പ്രചാരണം. ഓരോ മാസവും ഒരു കേന്ദ്രമന്ത്രി സംസ്ഥാനത്ത് ഓരോ ജില്ലയിലും മോദി എന്ന ബ്രാൻഡിന്റെ പ്രൊമോഷന് നേതൃത്വം നൽകും.
22,000 ബൂത്ത് കമ്മിറ്റികൾ
ഇക്കൊല്ലം ഏപ്രിലിൽ തുടങ്ങിയ ഒന്നാം ഘട്ട തയ്യാറെടുപ്പ് അടുത്ത മാർച്ചിൽ പൂർത്തിയാകും. അതിനകം ബൂത്ത് കമ്മിറ്റികൾ 18,000ത്തിൽ നിന്ന് 22,000 ആയി വർദ്ധിപ്പിക്കും. ബൂത്ത് രൂപീകരണം, ഫണ്ട് സമാഹരണം,മൂന്നിലേറെ ബൂത്തുകൾ ചേർത്ത് ശക്തികേന്ദ്ര രൂപീകരണം തുടങ്ങിയവ നടത്തും. പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ള 15,000 നേതാക്കൾ ഹോം ബൂത്തുകൾ രൂപീകരിച്ച് പ്രവർത്തിക്കും. എല്ലാ വീട്ടിലും ബി.ജെ.പി പ്രവർത്തകർ മോദിയുടെ സന്ദേശം എത്തിക്കും. കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് അഭിനന്ദിക്കും.
ഏകോപനം വി. മുരളീധരൻ
കേന്ദ്രമന്ത്രി വി. മുരളീധരനാണ് ‘ബ്രാൻഡ് മോദി’ ഏകോപനച്ചുമതല. കേന്ദ്രമന്ത്രിമാരായ ശോഭ കരന്ത്ലജെ, ഭഗവന്ത് ഖുബെ, സുരേഷ് ഗോപി തുടങ്ങിയവരുടെ ടീം സഹായിക്കും. ദീനദയാൽ ഉപാദ്ധ്യായ രക്തസാക്ഷി ദിനമായ ഫെബ്രുവരി 11ന് ബൂത്ത് രൂപീകരണ ശാക്തികദിനമായി ആചരിക്കുന്നതോടെ ഒന്നാം ഘട്ട മുന്നാെരുക്കം പൂർത്തിയാവും. അതുവരെയുള്ള പ്രവർത്തനം വിലയിരുത്തി രണ്ടാം ഘട്ടം തുടങ്ങും.