നരേന്ദ്രമോദി എൻഎസ്എസ് ആസ്ഥാനത്ത് എത്തും: ബിജെപിയും സുകുമാരൻ നായരും വീണ്ടും കൂടുതൽ അടുക്കുന്നു; രാഷ്ട്രീയ തന്ത്രം പയറ്റി നരേന്ദ്രമോദി; ബിഡിജെഎസ് എൻഡിഎ മുന്നണി വിട്ടേയ്ക്കും
സ്വന്തം ലേഖകൻ
കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തിലും ശബരിമലയിലും അടക്കം ബിജൈപിയുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയും, പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കത്തെഴുതുകയും ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചങ്ങനാശേരി എൻഎസ്എസ് ആസ്ഥാനത്ത് എത്തും. ചൊവ്വാഴ്ച കൊല്ലത്തെ പാർട്ടി റാലിയ്ക്ക് ശേഷമാവും എൻഎസ്എസ് ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തുകയെന്നാണ് സംസ്ഥാന ബിജെപി നേതൃത്വവും എൻഎസ്എസുമായി ബന്ധപ്പെട്ട വൃത്തങ്ങളും അറിയിക്കുന്നത്. നാട്ടകം ഗസ്റ്റ് ഹൗസിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നപ്പോൾ നേരിട്ട അപമാനത്തിന് പ്രധാനമന്ത്രിയെ തന്നെ എൻഎസ്എസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി മറുപടി നൽകുകയാണ് സുകുമാരൻ നായർ എന്നാണ് സൂചന. ഇതിനിടെ എൻഎസ്എസിനെ മുന്നണിയുടെ ഭാഗമാക്കാനുള്ള ബിജെപി നീക്കത്തിൽ പ്രതിഷേധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിഡിജെഎസ് എൻഡിഎ വിട്ടേക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
സാമ്പത്തിക സംവരണത്തിലും, ശബരിമല വിഷയത്തിലും എൻഎസ്എസ് നൽകിയ പിൻതുണ ബിജെപിയ്ക്കും ആർഎസ്എസിനും കേരളത്തിൽ കൂടുതൽ അടിത്തറ ഒരുക്കി നൽകിയിട്ടുണ്ട്. ഈ അടിത്തറയിൽ നിന്ന് മുന്നോട്ട് പോകാനും നിഷ്പക്ഷ വോട്ടുകൾ സ്വന്തമാക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ പ്രധാനമന്ത്രി തന്നെ എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തുന്നത്. കൊല്ലത്ത് വിവിധ പരിപാടികൾക്കായി എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം ചങ്ങനാശേരിയിൽ എത്തുമെന്നാണ് സൂചന. ആദ്യം പ്രധാനമന്ത്രിയെ കൊല്ലത്ത് എത്തി സുകുമാരൻ നായർ സന്ദർശിക്കുമെന്നായിരുന്ന ബിജെപി നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ, എൻഎസ്എസ് ആസ്ഥാനത്ത് എത്തി മന്നം സമാധിയിൽ പുഷ്പാർച്ച നടത്തിയാൽ സമുദായാംഗങ്ങളുടെ ഇടയിൽ ബിജെപിയ്ക്കും പ്രധാനമന്ത്രി നേരേന്ദ്രമോദിയ്ക്കും കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നുള്ള നിർദേശം മുന്നോട്ട് വച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറി തന്നെയാണ്. ഇതേ തുടർന്നാണ് ബിജെപി നേതൃത്വം പ്രധാനമന്ത്രിയെ ചങ്ങനാശേരിയിൽ എത്തിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. കൊല്ലത്ത് നിന്ന് റോഡ് മാർഗം ചങ്ങനാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി പത്ത് മിനിറ്റോളം എൻഎസ്എസ് ആസ്ഥാനത്ത് ചിലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ സാമ്പത്തിക സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ എസ്എൻഡിപി യോഗം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. എൻഡിഎയുടെ ഭാഗമായുള്ള ബിഡിജെഎസ് അടക്കം എതിർത്ത് നിൽക്കുകയാണ് സാമ്പത്തിക സംവരണ വിഷയത്തിൽ. ഇതിനിടെയാണ് ഇപ്പോൾ എൻഎസ്എസും ബിജെപിയുമായി കൂടുതൽ അടുക്കുന്നത്. ഇത് എസ്എൻഡിപി യോഗത്തെയും ബിഡിജെഎസിനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതോടെ ബിഡിജെഎസ് എൻഡിഎ മുന്നണി തന്നെ വിടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.