പരാതികൾക്കിടയിലും ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും; തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാർ; സംസ്ഥാന പ്രസിഡണ്ടിന്റെ കാര്യത്തിലും ഉടൻ തീരുമാനം

Spread the love

തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും. പാലക്കാട് മാത്രമല്ല മറ്റ് പല ഇടങ്ങളിലും പരാതികൾ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാരാണ്.

സംസ്ഥാന പ്രസിഡണ്ടിന്റെ കാര്യത്തിൽ വൈകാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. പലമാനദണ്ഡങ്ങളും പരിഗണിച്ചാണ് ബിജെപി ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തീരുമാനിച്ചത്. കൂടുതൽ വോട്ട് കിട്ടിയ പലർക്കും സ്ഥാനം കിട്ടാതെ പോയതും അത് കൊണ്ടാണെന്നാണ് വിശദീകരണം.

‘മിഷൻ കേരള’യുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയത്. അതേസമയം, തിരുവനന്തപുരത്ത് കരമന ജയന്റെ നോമിനേഷനെതിരെ പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി 60 പിന്നിട്ടെന്ന പരാതി ഇതിനകം കൗൺസിലർമാരടക്കം നേതൃത്വത്തെ അറിയിച്ചു. 27 സംഘടനാ ജില്ലാ പ്രസിഡണ്ടുമാരിൽ നാലിടത്ത് മാത്രമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുള്ളത്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന മൂന്ന് പേരുണ്ട്.

ബാക്കി ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ്. അതിൽ തന്നെ കരമന ജയൻ അടക്കം വി മുരളീധരനെ പിന്തുണക്കുന്നവരാണ് സുരേന്ദ്രന്റെ നോമിനികളെക്കാൾ കൂടുതലുള്ളത്. സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പിൽ ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ ഘടകമല്ല. അഞ്ച് വർഷം പൂർത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരുടെ മാറ്റം സുരേന്ദ്രനും മാറേണ്ടിവരുമെന്ന സന്ദേശം നൽകുന്നു.

അല്ലെങ്കിൽ സംസ്ഥാന അധ്യക്ഷന് മാത്രം പ്രത്യേക ഇളവ് നൽകണം. ജില്ലാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിന് ശേഷം വി മുരളീധരൻ സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. പക്ഷെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മുരളിയുടെ പേര് പരിഗണനയിലുണ്ട്. ശോഭാ സുരേന്ദ്രന്റെയും എംടി രമേശിന്റെയും പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമാണ്.