play-sharp-fill
ശബരിമല പുനപരിശോധനാ ഹർജി 22 ന് പരിഗണിക്കില്ല: നിരാഹാര സമരം എങ്ങിനെ അവസാനിപ്പിക്കുമെന്നറിയാതെ ബിജെപി വെട്ടിൽ; നിരാഹാര പന്തലിലേയ്ക്ക് തിരിഞ്ഞ് നോക്കാതെ മോദിയും മടങ്ങി: ഇന്ദുമൽഹോത്രയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനയുമായി പ്രയാർ ഗോപാലകൃഷ്ണൻ

ശബരിമല പുനപരിശോധനാ ഹർജി 22 ന് പരിഗണിക്കില്ല: നിരാഹാര സമരം എങ്ങിനെ അവസാനിപ്പിക്കുമെന്നറിയാതെ ബിജെപി വെട്ടിൽ; നിരാഹാര പന്തലിലേയ്ക്ക് തിരിഞ്ഞ് നോക്കാതെ മോദിയും മടങ്ങി: ഇന്ദുമൽഹോത്രയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനയുമായി പ്രയാർ ഗോപാലകൃഷ്ണൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിലെ പുനപരിശോധനാ ഹർജി 22 ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് തന്നെ പ്രഖ്യാപിച്ചതോടെ വെട്ടിലായത് ബിജെപി സംസ്ഥാന നേതൃത്വം. ഒരു മാസം മുൻപ് ആരംഭിച്ച സമരം സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 22 ന് അവസാനിപ്പിക്കാനായിരുന്നു ബിജെപിയുടെ ധാരണ. എന്നാൽ, കേസ് പരിഗണിക്കുന്ന തീയതി നീട്ടുക കൂടി ചെയ്തതോടെ അക്ഷരാർത്ഥത്തിൽ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായി. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന നിരാഹാര പന്തലിലേയ്ക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നു പോകുക കൂടി ചെയ്തതോടെ എന്തിനു വേണ്ടിയായിരുന്നു ഈ സമരമെന്നതായി ബിജെപി നേതാക്കളുടെ പ്രധാന ചിന്ത.
ശബരിമലയിലെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള സമര വേദി സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്കു മാറ്റുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ബിജെപി നേതാക്കൾ ഓരോരുരത്തരായി നിരാഹാര സമരത്തിനായി വേദിയിൽ എത്തുകയും ചെയ്തു. എന്നാൽ, മാസം ഒന്ന് കഴിഞ്ഞിട്ടും നിരാഹാരം അവസാനിപ്പിക്കാൻ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. അക്രമവും അടിപിടിയും എല്ലാ പ്രയോഗങ്ങളും നടത്തിയെങ്കിലും മുഖ്യമന്ത്രിയോ സർക്കാരോ ആരും തന്നെ ഈ സമരത്തെ ഗൗനിക്കുന്നതേയില്ല.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മകര വിളക്ക് ദിവസം തന്നെ സമരം അവസാനിപ്പിക്കണമെന്ന ധാരണ ഉയർന്നിരുന്നു. എന്നാൽ, സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 22 ന് സമരം അവസാനിപ്പിച്ചാൽ മതിയെന്ന ധാരണയാണ് ഉയർന്നത്. ശബരിമലയിൽ ആചാര ലംഘനം നടത്തുന്നത് അവസാനിപ്പിക്കുക, നിരോധനാജ്ഞ പിൻവലിക്കുക, ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി സമരം നടത്തിയത്. ആചാര ലംഘനം നടത്തിയ ഏഴോ എട്ടോ സ്ത്രീകൾ ഇതിനിടെ ശബരിമല കയറിക്കഴിഞ്ഞു. മകരവിളക്ക് കഴിഞ്ഞതോടെ സ്വാഭാവികമായും നിരോധനാജ്ഞ പിൻവലിക്കപ്പെട്ടു. നിലവിൽ കേസുകൾ കോടതിയിൽ എത്തിയതിനാൽ ഇനി ഒരാൾക്കെതിരെയുമുള്ള കേസും പിൻവലിക്കാനും സാധിക്കില്ല. പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നും അംഗീകരിക്കാതിരുന്നിട്ടും ബിജെപി ഇപ്പോഴും സമരം തുടരുക തന്നെയാണ്.
ഇതിനിടെ സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്രയുടെ ആരോഗ്യ സൗഖ്യത്തിന് വേണ്ടി ജഡ്ജിയമ്മാവൻ കോവിലിൽ പ്രത്യേക പ്രാർത്ഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എത്തിയത് കൗതുകമായി.
സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചിൽ ശബരിമല യുവതീപ്രവേശനത്തിന് എതിരെ നിലപാടെടുത്ത ഏക ജഡ്ജിയാണ് ഇന്ദു മൽഹോത്ര. ശബരിമലയിലെ ആചാരങ്ങൾ അതേപടി സംരക്ഷിക്കണമെന്നായിരുന്നു ഇന്ദു മൽഹോത്ര പറഞ്ഞത്.
യുവതീപ്രവേശനത്തിന് എതിരായ റിവ്യൂ ഹരജികൾ ഉൾപ്പെടെ ഈ മാസം 22 ന് പരിഗണിക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്ദു മൽഹോത്ര അവധിയിൽ പോയത്. തുടർന്ന് ഹരജി പരിഗണിക്കുന്നത് നീട്ടിവെച്ചതായി സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് അറിയിച്ചിരുന്നു.
ശബരിമല വിഷയത്തിൽ നിരവധി റിവ്യൂ ഹരജികളാണ് പരിഗണനയിലുള്ളത്. ശബരിമല വിധിക്കെതിരായ പുന:പരിശോധന ഹരജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ തീരുമാനം.ശബരിമലയ യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് റിവ്യൂ ഹരജികൾ കോടതി പരിഗണനയ്ക്കെടുമ്പോൾ കോടതിയ്ക്കുള്ളിൽ നടക്കുന്ന നടപടികൾ പൂർണമായും റെക്കോർഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കൂടിയായ മാത്യു നെടുമ്പാറ ഹരജി സമർപ്പിച്ചിരുന്നു.
മാത്യു നെടുമ്പാറയുടെ ഹരജി പരിഗണിക്കുന്ന വേളയിൽ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് 22 ന് പുനപരിശോധന ഹരജികൾ പരിഗണനയ്ക്ക ്വരുമോ എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലാണെന്നും അതുകൊണ്ട് തന്നെ 22 ാം തിയതി ഹരജികൾ പരിഗണിക്കുമോ എന്ന് ഉറപ്പില്ലെന്നും ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് പറഞ്ഞത്.