
ആളൊഴിഞ്ഞ ബി. ജെ. പി അധ്യക്ഷ കസേര; കുമ്മനത്തെ പ്രസിഡന്റ് ആക്കാൻ ചരട് വലിച്ച് ആർ.എസ്.എസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെതുടര്ന്ന് ബി.ജെ.പിയില്‍ സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ‘കസേരകളി’ മുറുകുകയാണ്. സംസ്ഥാന ജന.സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്, ശോഭാസുരേന്ദ്രന് എന്നിവരുടെ പേരുകളാണ് പ്രധാനമായും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന് വേണ്ടി ആര്.എസ്.എസും ചരടുവലി ആരംഭിച്ചിട്ടുണ്ട്.നിലവില്‍ കെ. സുരേന്ദ്രനാണ് പ്രസിഡന്റാകാന്‍ ഏറെ സാധ്യത. നേരത്തെ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചപ്പോഴും പ്രസിഡന്റാകാന്‍ ആദ്യം പരിഗണിക്കപ്പെട്ടത് കെ.സുരേന്ദ്രനെ ആയിരുന്നു. ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമി ആരെന്ന് പരിഗണിക്കുമ്പോഴും ശബരിമല പ്രക്ഷോഭത്തിലും തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനത്തോടെ കെ. സുരേന്ദ്രനാണ് മുന്നില്‍. സുരേന്ദ്രന് പിന്തുണയുമായി വി. മുരളീധരപക്ഷവുമുണ്ട്.
എന്നാൽ , സുരേന്ദ്രനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം സജീവമാണ്. ഉപതെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ജയിക്കുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രശ്നങ്ങളുണ്ടാകില്ലെന്ന് കരുതിയിരുന്ന അവര്‍ക്ക് കോന്നിയിലെ തോല്‍വി തലവേദനയായിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്ന പ്രചാരണത്തിലൂടെ എം.ടി. രമേശിനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള നീക്കവും സജീവമാണ്. പ്രസിഡന്റായി വനിതയെ കൊണ്ടുവരണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്. ശോഭാസുരേന്ദ്രന്റെ പേരാണ് ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്.
മുന്‍ പ്രസിഡന്റ് എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് കുമ്മനം രാജശേഖരന് വീണ്ടും അവസരം കൊടുക്കണമെന്നാണ് ആര്.എസ്.എസ് ആവശ്യം. പാര്‍ട്ടി ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ഗവര്‍ണര്‍സ്ഥാനം വരെ രാജിവെച്ചാണ് കുമ്മനം സ്ഥാനാര്‍ഥിയായതെന്നും അതിന്റേതായ മാന്യത അദ്ദേഹത്തോട് കാണിക്കണമെന്നുമുള്ള ആവശ്യവും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഗ്രൂപ് പോര് ശക്തമാകുകയാണെങ്കില്‍ സമവായം എന്ന നിലക്ക് കുമ്മനത്തിനുതന്നെ വീണ്ടും അവസരം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പിയില്‍ പ്രശ്നങ്ങള്‍ കൂടുതലാണെന്ന തോന്നല്‍ കേന്ദ്രനേതൃത്വത്തിനുണ്ടായാല് പുറത്ത് നിന്നും മറ്റാരെയെങ്കിലും പ്രസിഡന്റാക്കുമോയെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ട്. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായമാണ് പി.എസ്. ശ്രീധരന്‍പിള്ള നടത്തിയത്. പാര്‍ട്ടി ഏല്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും സ്ഥാനമാനങ്ങള്‍ക്കായല്ല ബി.ജെ.പി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. പുതിയ അധ്യക്ഷനെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്ന് ശോഭാ സുരേന്ദ്രനും പുതിയ പ്രസിഡന്റിനെ ദേശീയനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വി. മുരളീധരനും പ്രതികരിച്ചു.