നിയമസഭയ്ക്കു മുന്നിലെ ബിജെപി സമരപ്പന്തലിൽ ആത്മഹത്യാ ശ്രമം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നിലെ ബിജെപി സമര പന്തലിൽ അജ്ഞാതന്റെ ആത്മഹത്യാ ശ്രമം. പുലർച്ചെ രണ്ട് മണിയോടെ സമര പന്തലിലേക്ക് ഓടിക്കയറിയ ആൾ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. സമരപന്തലിൽ ഉണ്ടായിരുന്നവരും പോലീസും ഇടപെട്ട് തീയണച്ച് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചിട്ടുള്ള ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ഇയാൾ റോഡിൽ നിന്നും സമരപന്തലിലേക്ക് ഓടിക്കയറുകയും ശരീരത്തിൽ തീക്കൊളുത്തുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
‘സമരപന്തലിന് തൊട്ട് സമീപത്തായി തന്നെ ഞാനുണ്ടായിരുന്നു. പാർട്ടി പ്രവർത്തകരിൽ ചിലർ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. രാത്രി ഒന്നര മണിക്ക് സമരപന്തലിന് എതിർവശത്തുള്ള റോഡിൽ നിന്നും ഉച്ചത്തിലുള്ള ശരണം വിളി കേട്ടു. പാർട്ടി പ്രവർത്തകർ നോക്കുമ്പോൾ തലയിലൂടെ എന്തോ ഒഴിക്കുന്ന ഒരാളെയാണ് കാണാനായത്. ഇത് ശ്രദ്ധിച്ചിട്ട് തൊട്ടടുത്തുണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിച്ചു. അപ്പോഴേക്കും ഇയാൾ ഒരു തീഗോളമായിട്ട് സമരപന്തലിന് മുന്നിലേക്ക് ഓടിവരുന്നതാണ് പിന്നെ കാണുന്നത്. ഏതാണ്ട് സി.കെ പത്മനാഭൻ കിടക്കുന്ന ഭാഗത്തേക്കാണ് അയാൾ ഓടി എത്തിയത്. സികെപിയുടെ ഗൺമാനും പാർട്ടി പ്രവർത്തകരും കൂടി ചേർന്ന് അവിടെയുണ്ടായിരുന്ന കസേര കൊണ്ട് ദേഹത്ത് അടിച്ച് അയാളെ വീഴ്ത്തുകയായിരുന്നു. ഇവിടെ കുടിക്കാൻ വെച്ചിരുന്ന വെള്ളമെടുത്ത് ഒഴിച്ചാണ് തീ കെടുത്തിയത്. നല്ല രീതിയിൽ അയാൾക്ക് പൊള്ളലേറ്റിറ്റുണ്ട്. ആ സമയത്തും അദ്ദേഹം വിളിച്ചു പറഞ്ഞത് അയ്യപ്പന് വേണ്ടി എനിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റൂവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.’ രാത്രി ഒരു മണിയോടെ നടന്ന ഈ സംഭവവികാസങ്ങൾ ബിജെപി നേതാവ് വി.കെ സജീവനാണ് വിവരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുട്ടടയിലുള്ള വേണുഗോപാൽ നായർ (44) എന്ന അയ്യപ്പഭക്തനാണ് അദ്ദേഹം. ബിജെപി പ്രവർത്തകനെന്ന് അദ്ദേഹത്തെ പറയാൻ പറ്റില്ല. അയാളുടെ കുടുംബമൊക്കെ സിപിഎമ്മാണ്. ബിഎംഎസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിന് മുമ്പ് സമരപന്തലിലൊന്നും ഇയാൾ എത്തിയതായി അറിയില്ല. അദ്ദേഹം സ്ഥിരമായി ശബരിമലയ്ക്ക് പോകുന്ന ആളാണെന്നും ശബരിമലയിലെ വിഷയവുമായി സംബന്ധിച്ച് അയാൾക്ക് പ്രതിഷേധം ഉണ്ടായിരുന്നുവെന്നും അയാളുടെ നാട്ടുകാർ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസാണ് ആത്മഹത്യാ ശ്രമത്തിന് ശേഷം വേണുഗോപാലൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയത്.