
സ്വന്തംലേഖകൻ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിന്റെ സുരക്ഷ പിൻവലിക്കണമെന്ന് ബിജെപി. ഡൽഹി പോലീസിനോടാണ് ബിജെപി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് പോലെ താനും സുരക്ഷാ ജീവനക്കാരാൽ കൊല്ലപ്പെടുമെന്ന കേജരിവാളിന്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപി തന്റെ പിന്നാലെ ഉണ്ടെന്നും തന്റെ സുരക്ഷ ജീവനക്കാർ എല്ലാ കാര്യങ്ങളും ബിജെപിയെ അറിയിക്കുന്നുണ്ടെന്നുമായിരുന്നു കേജരിവാളിന്റെ പ്രസ്താവന. ഡൽഹി പോലീസ് കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ബിജെപി കത്തയച്ചു. കേജരിവാളിന്റെ പ്രസ്താവന സുരക്ഷാ ജീവനക്കാരെ മാനസികമായി തകർത്തിരിക്കാമെന്നും എത്രയും വേഗം അവരെ സുരക്ഷാ ചുമതലയിൽ നിന്നു തിരികെ വിളിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.