
കൊല്ലം: ബിജെപിയുടെ ഒരു പ്രതിനിധിയെ ലോക്സഭയിലേക്കു അയച്ചപ്പോൾ ദേശീയനേതൃത്വം രണ്ട് മന്ത്രിമാരെയാണ് കേരളത്തിന് നൽകിയത്. രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് സൂചന. കേരളത്തിൽ ഇനിമുതൽ മറ്റു പാർട്ടികളേപോലെ തന്നെ ബിജെപിയും ഇടപെടുമെന്നാണ് സൂചന.
എന്നാൽ, സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം നിലനിർത്തുക എന്നതാണ് ഉയരുന്ന വെല്ലുവിളി. ക്രൈസ്തവ സമൂഹത്തെ ഒപ്പം നിർത്തിയാലേ മുന്നേറ്റം സാധ്യമാകൂ എന്ന് ബോധ്യം ഉണ്ടായിട്ടുണ്ട്. ജോർജ്ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതും ക്രൈസ്തവരിലേക്കുള്ള പാലമിടലാണ്.
ദീർഘകാലമായി ബിജെപിയുടെ അടിയുറച്ച നേതാവാണ് കുര്യൻ. സുരേഷ് ഗോപി മന്ത്രിയാകുമെന്നുറപ്പായിരുന്നു. എന്നാല്‍, ആരും പ്രതീക്ഷിക്കാതെയാണ് ജോർജ് കുര്യനെ ദേശീയനേതൃത്വം മന്ത്രിയാക്കിയത്. ദീർഘകാലമായി ബിജെപി കണ്ണുവെക്കുന്ന ക്രൈസ്തവ വോട്ടുബാങ്കിലേക്ക് ജോർജ് കുര്യൻ വഴി ഒരു പാലമിടുകായാണ് പാർട്ടി ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിലെ മുന്നേറ്റത്തിലേക്കാണ് ബിജെപിയുടെ കണ്ണ്. ബിജെപിക്ക് അനുകൂല സാഹചര്യം പിണറായി വിജയന്റെ ഭരണം കൊണ്ട് ഉണ്ടായിട്ടുണ്ട്. ഇനി മുതലെടുക്കുകയാണ് വേണ്ടതെന്ന് വ്യക്തമായി നേതൃത്വത്തിന് അറിയാം. അതുകൊണ്ട് തന്നെ ജനകീയ മുഖങ്ങളിലേക്കുള്ള പരീക്ഷണങ്ങള്‍ തുടരും.
തൃശ്ശൂർ ഒഴികെയുള്ള മണ്ഡലങ്ങളിലൊന്നും ഇക്കുറി ക്രൈസ്തവവോട്ട് കാര്യമായി കിട്ടിയിട്ടുമില്ല. ക്രൈസ്തവവോട്ടുകൂടി ലഭിച്ചാല്‍, തൃശ്ശൂർ മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഭാവിയില്‍ ഇത് കിട്ടാൻ സാധ്യതയുണ്ടെന്ന കാര്യം കൂടി പരിഗണിച്ചുള്ള കാര്യങ്ങളിലേക്കാണ് പാർട്ടി ഇനി കടക്കുക.
സമീപകാലത്ത് ബിജെപിയിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി തുടങ്ങിയവർക്ക് ദേശീയ ഭാരവാഹിത്വം നല്‍കിയപ്പോള്‍ തങ്ങളെ തഴയുകയാണെന്നൊരു വികാരം പഴയതലമുറ നേതാക്കള്‍ക്ക് ഉണ്ടായിരുന്നു.
ബിജെപി രൂപംകൊണ്ട ദിവസംതന്നെ അംഗത്വമെടുത്ത ജോർജ് കുര്യനെ കൊണ്ടുവന്നതിലൂടെ പഴയ തലമുറയെ തഴയില്ലെന്ന സന്ദേശവും ദേശീയനേതൃത്വം നല്‍കുന്നു. ഒരിക്കലും ഗ്രൂപ്പ് മുഖമായി മാറാൻ അദ്ദേഹം തയ്യാറായിട്ടില്ല. പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കളുമായി ദീർഘകാല ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തില്‍ അക്കൗണ്ടുതുറന്ന സാഹചര്യത്തില്‍, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുരേന്ദ്രന് ഒരവസരംകൂടി നല്‍കണമെന്ന വാദം ഉറപ്പായും ഉണ്ടാകും. എന്നാല്‍, ഈ വിജയത്തില്‍ സംസ്ഥാനനേതൃത്വത്തിന് പങ്കില്ലെന്നും നേരത്തേതന്നെ അനുയോജ്യരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ കൂടുതല്‍ വിജയം നേടാനാകുമായിരുന്നു എന്നുമാണ് മറുപക്ഷത്തിന്റെ വാദം.
ജനറല്‍ സെക്രട്ടറി എം ടി. രമേശിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു ഉയർത്തിക്കൊണ്ടുവരാൻ ആർ.എസ്.എസിലെ ഒരുവിഭാഗവും സുരേന്ദ്രൻ-മുരളീധരൻ വിരുദ്ധരും രംഗത്തുണ്ട്. കഴിഞ്ഞതവണ ആറ്റിങ്ങലിലും ഇത്തവണ ആലപ്പുഴയിലും തിളക്കമാർന്ന നേട്ടമുണ്ടാക്കിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന വാദത്തിനും ശക്തികൂടും.
ത്രികോണ മത്സരം നടന്ന തൃശൂരില്‍ സുരേഷ് ഗോപിക്ക് 74,686 വോട്ടുകളുടെ തകർപ്പൻ ജയം വലിയൊരു സൂചനയാണ്. അരാഷ്ട്രീയ വോട്ടുകളാണ് തന്നെ ജയിപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും, ഭരണവിരുദ്ധ വികാരവും, എൻഡിഎയുടെ തീവ്രയത്നവും കുറച്ചുകണ്ടുകൂടാ.
ജനുവരിയില്‍ മഹിള മോർച്ചയുടെ നാരീ ശക്തി മോദിക്കൊപ്പം എന്ന വനിതാസംഗമത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി പ്രചാരണത്തിന് തുടക്കമിട്ടത് മുതല്‍ കൊട്ടിക്കലാശം വരെ സുരേഷ് ഗോപിയും ബിജെപിയും വിശ്രമിച്ചിട്ടില്ല. കഴിഞ്ഞ തവണ 28.2 ശതമാനം വോട്ട് നേടിയ സുരേഷ് ഗോപി ഇക്കുറി അത് 37.8 ശതമാനത്തിലേക്ക് ഉയർത്തി. മണ്ഡലത്തിലെ 24.27 ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനുള്ള പ്രവർത്തനങ്ങളും സുരേഷ് ഗോപി നടത്തി.
ഗോവയിലെയും മേഘാലയയിലെയും മോഡലില്‍ ബിജെപി ക്രൈസ്തവരെ ഒപ്പം നിർത്താൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാൻ ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമെന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വം പരിശ്രമം തുടരുന്നത്.
2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോള്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായി സുരേഷ് ഗോപിയും, രാഹുല്‍ ചന്ദ്രശേഖറുമൊക്കെ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നത് തുടർന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ഡിസംബറില്‍ ബിജെപി സ്നേഹയാത്ര നടത്തി. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നിന്നായിരുന്നു ഭവന സന്ദർശനത്തിന്റെ തുടക്കം.
ഭവന സന്ദർശനത്തില്‍ രാഷ്ട്രീയമില്ല, ക്രിസ്തുമസ് ആശംസകള്‍ നേരുക മാത്രമാണ് ഉദ്ദേശമെന്ന് പറഞ്ഞപ്പോഴും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു ബിജെപിയുടെ സ്നേഹയാത്ര. മണിപ്പൂർ വിഷയത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിന് കോണ്‍ഗ്രസിനെക്കാള്‍ വിശ്വാസം ബിജെപിയെ ആണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനത്തില്‍ നിന്നും വ്യത്യസ്തമായി വിപുലമായ രീതിയിലായിരുന്നു സ്നേഹയാത്ര. പഞ്ചായത്ത് തലത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ഭവനസന്ദർശനത്തിന് ഇറങ്ങി. തിരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ സർക്കാർ ഡബിള്‍ എഞ്ചിനോടെ പ്രവർത്തിക്കണമെന്നാണ് സിപിഎം വിലയിരുത്തിയത്.
പാർട്ടി ശക്തി കേന്ദ്രങ്ങളില്‍ വോട്ടുചോർന്നു. 11 സിറ്റിങ് മണ്ഡലങ്ങളില്‍ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയി. ജനവിശ്വാസം വീണ്ടെടുക്കാൻ സിപിഎം ആലോചിക്കുമ്ബോള്‍, കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ തങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതാണ് ബിജൈപിയെ സന്തോഷിപ്പിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ പതിനാറായിരത്തോളം വോട്ടുകള്‍ക്ക് മാത്രമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്.