play-sharp-fill
ബി.ജെ.പിയെ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണം, സർജറി ചെയ്യേണ്ടിടത്ത് സർജറി ചെയ്യണം.സം ഘടനയാണ് വലുത് അധികാരമല്ല ; പി.പി മുകുന്ദൻ

ബി.ജെ.പിയെ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണം, സർജറി ചെയ്യേണ്ടിടത്ത് സർജറി ചെയ്യണം.സം ഘടനയാണ് വലുത് അധികാരമല്ല ; പി.പി മുകുന്ദൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണമെന്ന് ബി.ജെ.പി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ. സർജറി ചെയ്യേണ്ടിടത്ത് സർജറി നടത്തിയേ പറ്റൂ. സംഘടനയാണ് വലുത് അധികാരമല്ല. എന്നാൽ ഇപ്പോൾ സ്ഥാനമാനത്തിന് വേണ്ടി നേതാക്കൾ പാർട്ടിയെ മറക്കുകയാണ്. നേതാവിന്റെ ജനകീയത അല്ല വലുത് സമർപ്പണമാണ്. ഇനി പുതിയതായി വരുന്ന പ്രസിഡന്റിന്റെ ഉത്തരവാദിത്വവും അതായിരിക്കണം. സംഘടനയിൽ അടിമുടി മാറ്റം ഉണ്ടായേ പറ്റൂ. പ്രസംഗിക്കുന്നവരല്ല പ്രവർത്തിക്കുന്നവരാണ് സംഘടനയുടെ തലപ്പത്തേക്ക് വരേണ്ടത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ അന്വേഷിച്ച് ഇറങ്ങിയാൽ പോരാ. ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കണം.


കേന്ദ്ര നേതാക്കൾ അഖിലേന്ത്യാ തലത്തിൽ ചിന്തിച്ചാകും ശ്രീധരൻപിള്ളയെ ഗവർണറാക്കുന്ന തീരുമാനം നടപ്പിലാക്കിയത്.എന്നാൽ അതിന്റെ വരുംവരായ്കകളെപ്പറ്റി ഉത്തരവാദിത്വപ്പെട്ടവരോട് സംസാരിച്ചിട്ടാണ് നടപ്പാക്കിയതെങ്കിൽ നല്ലത്. അല്ലെങ്കിൽ കുമ്മനം മിസോറാമിൽ പോയത് പോലെയാകും. കുമ്മനത്തെ ഗവർണറാക്കിയേ ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ തിരികെ വിളിച്ചു. ഒടുവിൽ അവിടെയും ഇവിടെയുമില്ലാതായി. കേന്ദ്രം ഇതൊക്കെ ചെയ്യുന്ന സമയവും പ്രധാനമാണ്. കുമ്മനത്തെ മാറ്റിയത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു. ഇപ്പോൾ അഞ്ച് മണ്ഡലങ്ങളിലെ ഫലം വന്ന ഉടനെയാണ് പിളളയെ മാറ്റുന്നത്. ഇത് അപവാദ പ്രചരണങ്ങൾക്ക് വഴിയൊരുക്കി.
തെരെഞ്ഞെടുപ്പ് അടുക്കും മുമ്പേ പാർട്ടിയെ ഒരുക്കേണ്ട ചുമതല നേതൃത്വത്തിനുണ്ട്. ഒരു കല്യാണത്തിന് ഒരാഴ്ച മുമ്പല്ല പന്തലിനെപ്പറ്റിയും ആഹാരത്തെപ്പറ്റിയുമൊക്കെ ആലോചിക്കേണ്ടത്. കാലേകൂട്ടി ബന്ധുക്കളെ വിളിക്കണം. അഞ്ച് മാസം മുമ്പ് ഒഴിവ് വന്ന മണ്ഡലങ്ങളിൽ ഉൾക്കാഴ്ചയോടെ പ്രവർത്തിക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല ഉപയോഗിക്കാൻ പറ്റാത്തതിലെ വിഷമം മാറും മുമ്പേയാണ് ഉപതിരഞ്ഞെടുപ്പ് എത്തിയത്. ഇതുപോലൊരു അന്തരീക്ഷം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. കോൺഗ്രസുകാർ ശബരിമല വിഷയത്തെ എങ്ങനെ ഉപയോഗപ്പെടുത്തി എന്നത് പഠിക്കണം. വോട്ടർമാരുടെ എണ്ണം കൂടിയിട്ടും പഴയ ശതമാന കണക്ക് വച്ച് നമുക്ക് വോട്ട് കൂടി എന്ന ന്യായീകരണം പറഞ്ഞിട്ട് കാര്യമില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ വീടുകളിൽ സ്‌ളിപ്പുകൾ വിതരണം ചെയ്യാത്തത് വരെ അന്വേഷിക്കണം. നേരെ പ്രവർത്തിച്ചില്ലെങ്കിൽ ഒന്നര വർഷം കഴിയുമ്പോൾ നേമവും ബി.ജെ.പിയുടെ കൈയിൽ നിന്ന് പോകും. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന് ഒരു ദിവസം വൈകുന്നേരം ഓ.രാജഗോപാൽ പരസ്യമായി പറഞ്ഞു. പിറ്റേ ദിവസം സുരേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി.പണ്ട് കാലം മുതൽക്കെ കേരളത്തിൽ രാജേട്ടനായിരുന്നു സംഘടനയുടെ അവസാന വാക്ക്. മഞ്ചേശ്വരത്തും കോന്നിയിലുമെല്ലാം പാളിച്ചകൾ ഉണ്ടായി. എല്ലായിടത്തും വോട്ട് കുറഞ്ഞു എന്നതാണ് സത്യം. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പോലെ വളരുക ഇപ്പോഴത്തെ സാഹചര്യത്തിൽ എൻ.ഡി.എക്ക് പ്രയാസമാണ്. മുന്നണിയെ ശക്തിപ്പെടുത്തും മുമ്പ് ആദ്യം പാർട്ടി ശക്തിപ്പെടേണ്ടതുണ്ട്. വരുന്ന കക്ഷികളെ മുന്നണിയിൽ പിടിച്ചു നിറുത്താൻ ശ്രമിക്കണം
പുതിയ നേതാക്കൾ വന്നാൽ പ്രസ്ഥാനം വലുതാകുമെന്ന ചിന്ത തെറ്റാണ്.പാർട്ടിയിലേക്ക് എത്രയോ നേതാക്കൾ വന്നു. പക്ഷേ, അതിന്റെ ഗുണമൊന്നുമുണ്ടായില്ല. വരുന്നവർക്ക് വലിയ പദവികൾ നൽകും മുമ്പ് അവർക്കായി പഠന ക്‌ളാസുകൾ നടത്തണം. ദീൻദയാൽ ഉപാദ്ധ്യായ ആരാണെന്ന് അബ്ദുളളക്കുട്ടിയെ പോലുളളവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണം. നേതാക്കൾക്ക് മാത്രമല്ല പാർട്ടിയിലേക്ക് മെമ്പർഷിപ്പ് എടുത്ത് കടന്നുവരുന്ന പ്രവർത്തകർക്കും പഠനക്ലാസുകൾ ആവശ്യമാണ്. എന്നാൽ, മാത്രമേ പാർട്ടിക്ക് ശക്തിയുണ്ടാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സമുദായ കക്ഷികളുമായി ബന്ധം വയ്‌ക്കേണ്ടത് ആവശ്യമാണ്. നീതി കിട്ടാത്തത് കൊണ്ടാണ് സി.കെ ജാനു മുന്നണി വിട്ട് പോയത്. എൻ.എസ്.എസിന്റെ ശരിദൂര നിലപാട് ബി.ജെ.പിക്ക് പ്രഹരമായിരുന്നു. ആർ.എസ്.എസ് സർസംഘചാലക് ഗുരുജി ഗോൾവാർക്കറുടെ കാലം മുതൽ സംഘത്തിന് മന്നത്ത് പദ്മനാഭനുമായും എൻ.എസ്.എസുമായും നല്ല ബന്ധമുണ്ട്. ആ ബന്ധം നിലനിർത്താൻ ഇപ്പോഴത്തെ നേതാക്കൾ ശ്രമിക്കുന്നില്ല. അവസരം വരുമ്പോൾ മാത്രം അവരുടെയടുത്തേക്ക് പോകുന്നത് ശരിയല്ല.