
കൊപ്പാൾ: മുസ്ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. കർണാടകയിലെ ബിജാപൂർ സിറ്റി എംഎൽഎയും ബിജെപിയുടെ തീപ്പൊരി നേതാവുമായ ബസനഗൗഡ പാട്ടീൽ യത്നാൾ ആണ് ഞായറാഴ്ച വിവാദ പ്രസ്താവന നടത്തിയത്.
കൊപ്പാളിൽ മുസ്‌ലിം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രസ്താവന. ഈ വാഗ്ദാനവുമായി താൻ പ്രചാരണം നടത്തുമെന്നും എംഎൽഎ വിശദമാക്കി. വാൽമീകി വിഭാഗത്തിലുള്ള യുവാവിന്റെ വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംഎൽഎ. വടിവാൾ വച്ച് മുസ്ലിം ആരാധനാലയത്തിന് മുന്നിൽ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. എന്നാൽ കടയാൻ ആരും ശ്രമിച്ചില്ല. സർക്കാർ ന്യൂനപക്ഷത്തെ പിന്തുണയ്ക്കുന്നത് പതിവാണെന്നുമാണ് എംഎൽഎ ആരോപിക്കുന്നത്. നിയമസഭയിൽ പ്രശ്നം വലിയ രീതിയിൽ ഉന്നയിക്കുമെന്നും എംഎൽഎ വിശദമാക്കി.
യുവാവിനെ കുടുംബത്തിന് സർക്കാർ വർഗീയ അക്രമണത്തിൽ കൊലപ്പെട്ടതായി കണക്കാക്കി സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 3നാണ് ഗവിസിദ്ധപ്പ നായക് എന്ന 26കാരനെ മുസ്ലിം ആരാധനാലയത്തിന് മുന്നിൽ വച്ച് വെട്ടിക്കൊന്നത്. സംഭവത്തിൽ മൂന്ന് പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളുമായി ഇവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവിസിദ്ധപ്പ പ്രണയിച്ചിരുന്ന പെൺകുട്ടിയെ പ്രധാനപ്രതിയും പ്രണയിച്ചിരുന്നു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ നടന്നത് ദുരഭിമാനക്കൊലപാതകമാണ് എന്നാണ് ബസനഗൗഡ പാട്ടീൽ യത്നാൾ ആരോപിക്കുന്നത്.