സുരേഷ് ഗോപി തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള സീറ്റിൽ: ഇ.ശ്രീധരൻ തൃപ്പൂണിത്തുറയിൽ എം.സ്വരാജിന് എതിരെ; ബി.ജെ.പി പ്രതീക്ഷിക്കുന്നത് അഞ്ചു സീറ്റ് വരെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റ് വരെ ലക്ഷ്യമിട്ട് ബി.ജെ.പി. സുരേഷ് ഗോപിയെ തിരുവനന്തപുരത്തെ നിർണ്ണായക സീറ്റിലും, ഇ.ശ്രീധരനെ തൃപ്പൂണിത്തുറയിലും സ്ഥാനാർത്ഥിയാക്കുന്നതിനാണ് നീക്കം നടത്തുന്നത്.
തിരുവനന്തപുരം ജില്ലയിൽ നേമം സീറ്റിന് അപ്പുറത്തേക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങൾ ഉണ്ടെങ്കിലും അവിടെ ഇറക്കാൻ കഴിയുന്ന സ്ഥാനാർത്ഥികൾ ഇല്ലെന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ നേമത്തിന് പുറമേ മറ്റൊരു മണ്ഡലം കൂടി ഉറപ്പിക്കാൻ ആക്ഷൻ ഹീറോ സുരേഷ് ഗോപിയെ കളത്തിൽ ഇറക്കാനാണ് ബിജെപി ആലോചന. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ടു വെച്ച നിർദ്ദേശം സുരേഷ് ഗോപി തള്ളിയതോടെ അമിത്് ഷാ നേരിട്ടു തന്നെ സുരേഷ് ഗോപിയെ കളത്തിൽ എത്തിക്കാൻ പരിശ്രമം തുടങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശ്ശൂരിൽ ലോക്സഭാ സ്ഥാനാർത്ഥിയായപ്പോൾ അവിടെ ഇളക്കിമറിച്ച പ്രചരണവുമായി സുരേഷ് ഗോപി തിളങ്ങിയിരുന്നു. ഈ പ്രകടനം തലസ്ഥാനത്തെ വട്ടിയൂർക്കാവിലോ തിരുവനന്തപുരത്തോ ആണെങ്കിൽ വിജയിക്കാം എന്നാണ് കണക്കു കൂട്ടൽ. എന്നാൽ, സുരേഷ് ഗോപിക്ക് ഇപ്പോൾ മത്സരിക്കാൻ താൽപ്പര്യമില്ല. സിനിമയിൽ അദ്ദേഹം കൂടുതൽ സജീവമാകുന്ന സമയമാണ് ഇപ്പോൾ. ബിഗ് ബജറ്റ് ചിത്രങ്ങൾ തന്നെ റിലീസാകാൻ ഇരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നോ പറയുന്നത്.
കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും മത്സരിക്കാൻ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടതോടെ അദ്ദേഹം വട്ടിയൂർക്കാവിലോ തിരുവനന്തപുരത്തോ ബിജെപി സ്ഥാനാർത്ഥിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന ഇടങ്ങളാണ് വട്ടിയൂർക്കാവും തിരുവനന്തപുരം സെൻട്രലും. മണ്ഡലം ഏതെന്ന് അദ്ദേഹത്തിനു തിരഞ്ഞെടുക്കാം. ആർഎസ്എസും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സുരേഷ് ഗോപി വട്ടിയൂർക്കാവിലെത്തിയാൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ മണ്ഡലം പിടിക്കാമെന്നാണ് ആർഎസ്എസ് നിഗമനം. ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ ആർഎസ്എസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മത്സരത്തിനില്ലെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചത്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ നിലവിൽ രാജ്യസഭാംഗമായ സുരേഷ് ഗോപി മത്സരത്തിനിറങ്ങേണ്ടി വരുമെന്നാണ് സംസ്ഥാന നേതാക്കളുടെ പക്ഷം.
അതേസമയം, കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം നിർദ്ദേശിച്ച് ആറു ജില്ലാ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിനു കത്തു നൽകിയിട്ടുണ്ട്. സുരേന്ദ്രനാണ് ബിജെപിയുടെ ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥി. ഇദ്ദേഹം മത്സരിച്ചിടത്തെല്ലാം വോട്ടുയർത്തിയ ചരിത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ സുരേന്ദ്രനായി തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട്, പാലക്കാട് ജില്ലാ കമ്മിറ്റികളാണ് കത്തു നൽകിയിരിക്കുന്നത്.
അതേസമയം മെട്രോമാൻ ഇ ശ്രീധരന് തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് ബിജെപിയുടെ അലോചന. അദ്ദേഹം പാലക്കാട് മത്സരിക്കാനാണ് താൽപ്പര്യം പരിഗണിച്ചത് എങ്കിലും എം സ്വരാജിന് വെല്ലുവിളി ഉയർത്താൻ തൃപ്പൂണിത്തുറയാണ് നല്ലതെന്നാണ് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. മണ്ഡലത്തിന്റെ നഗരസ്വഭാവും അനുകൂലഘടകമായി വിലയിരുത്തുന്നു. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.
ഇ ശ്രീധരൻ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായിൽ അത് എം സ്വാരാജിന് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക. കെ ബാബുവും കൂടി മത്സരിക്കാൻ എത്തിയാൽ സ്വരാജ് മറിയുമെന്ന കണക്കുകൂട്ടലുമുണ്ട്. അതേസമയം സംസ്ഥാന നേതൃത്വം നൽകിയ സാധ്യതാ പട്ടികയുടെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ സർവേയുടെ അടിസ്ഥാനത്തിലാകും അന്തിമ സ്ഥാനാർത്ഥി പട്ടികയെത്തുക. അമിത്ഷാ തന്നെയാകും ഇക്കാര്യത്തിൽ അന്തിമ വാക്ക്.