കേരളത്തിൽ തന്ത്രം മാറ്റാനൊരുങ്ങി ബി ജെ പി;തീവ്ര ഹിന്ദുത്വം മൃദു ഹിന്ദുത്വത്തിലേക്ക് ചുവടുമാറ്റും…

Spread the love

2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡലങ്ങളിൽ ഒന്നിലെങ്കിലും താമര വിരിയിക്കാൻ തങ്ങളുടെ പ്രഖ്യാപിത നിലപാടായ തീവ്ര ഹിന്ദുത്വത്തെ നിന്ന് മൃദു ഹിന്ദുത്വത്തിത്തിലേക്ക് ചുവട് മാറ്റാനൊരുങ്ങി ബി ജെ പി.രാജ്യത്ത് കേരളം ഇപ്പോഴും ബാലികേറാമലയായി തുടരുന്നതിൽ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്.ഈ സാഹചര്യത്തിൽ കോട്ടയത്തു ചേർന്ന നേതൃ യോഗങ്ങൾ മൃദു ഹിന്ദുത്വ നിലപാടിലേക്ക് തിരിയാൻ തീരുമാനമെടുത്തത്.മൃദു ഹിന്ദുത്വം,ദേശീയത,സംസ്ഥാനത്തെ 10 മുതൽ 15 ശതമാനം വരുന്ന ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കൽ എന്നീ ലക്ഷ്യങ്ങൾ വെച്ചുള്ള പ്രവർത്തനങ്ങൾക്കാണ് ബി ജെ പി ആസൂത്രണം ചെയ്യുന്നത്.
തിരുവനന്തപുരം,മാവേലിക്കര,ആറ്റിങ്ങൽ,പത്തനംതിട്ട,തൃശൂർ,പാലക്കാട് എന്നീ മണ്ഡലങ്ങളെ എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.സ്വതവേ ബി ജെ പിക്ക് സംഘടനാപരമായി മികച്ച വേരോട്ടമുണ്ടെന്ന പൊതുധാരണ ഉള്ള കാസർഗോഡ് ഇത്തവണ പട്ടികയിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.2019ൽ കാസർഗോഡ് എ പ്ലസ് കാറ്റഗറിയിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.ജില്ലയിൽ കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിക്കുള്ളിൽ രൂക്ഷമായ ചേരിപ്പോരുണ്ടെന്ന വാർത്തകൾ സാധൂകരിക്കുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

തിരുവനന്തപുരത്തും തൃശ്ശൂരും വരുന്ന തെരെഞ്ഞെടുപ്പിൽ വൻമുന്നേറ്റം നടത്താനാകുമെന്ന് പാർട്ടി കരുതുന്നു.അതിനാൽ ഈ രണ്ടു മണ്ഡലങ്ങളിലും കേന്ദ്ര മന്ത്രിമാർക്ക് ചുമതല നൽകാനും ആലോചനയുണ്ട്.പ്രധാന മന്ത്രി നരേന്ദ്ര മോദിയെത്തന്നെ ഇറക്കി ഇവിടങ്ങളിൽ പ്രത്യേക റാലി നടത്താനും ആലോചനയുണ്ട്.സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ ഇതിനോടകം നിരവധി തവണ സംസ്ഥാനത്തെത്തി യോഗങ്ങൾ ചേർന്നതും ഇതിന്റെ സൂചനയായി വേണം കണക്കാക്കാൻ.ഈ യോഗങ്ങളിൽ എ പ്ലസ് മണ്ഡലങ്ങൾക്കായുള്ള പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.ഈ മണ്ഡലങ്ങളിൽ പാർട്ടി ദുർബലമായ 100 ഓളം ബൂത്തുകളിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുക എന്നതാണ് ആദ്യ പദ്ധതി.ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്.

എന്നാലും കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാന നേതൃത്വം നൽകിയ കണക്കുകളുടെ അടുത്തെങ്ങും എത്തുന്ന പ്രകടനം നടത്താനാവാതിരുന്നതിനാൽ കാര്യങ്ങളുടെ മുഴുവൻ കടിഞ്ഞാണും ഏറ്റെടുത്ത് പ്രത്യേകം നിരീക്ഷിക്കാൻ പ്രകാശ് ജാവദേക്കരോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതായും വിവരമുണ്ട്.ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാന നേതൃത്വത്തെ ഇത്തവണ കേന്ദ്ര നേതൃത്വം പൂർണ വിശ്വാസത്തിലെടുക്കാൻ തയ്യാറല്ല എന്ന് ചുരുക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group