play-sharp-fill
ഇരുപതിടത്തും സുരേന്ദ്രൻ മാത്രം..! കോട്ടയത്ത് കുമ്മനത്തെ തിരികെ വിളിക്കും: ബിജെപി പ്രവർത്തകരുടെ സ്ഥാനാർത്ഥി പട്ടികയിൽ ശ്രീധരൻപിള്ളയ്ക്ക് ഇടമില്ല; സുരേന്ദ്രനെ തഴയാൻ തന്ത്രവുമായി പാർട്ടി നേതാക്കൾ

ഇരുപതിടത്തും സുരേന്ദ്രൻ മാത്രം..! കോട്ടയത്ത് കുമ്മനത്തെ തിരികെ വിളിക്കും: ബിജെപി പ്രവർത്തകരുടെ സ്ഥാനാർത്ഥി പട്ടികയിൽ ശ്രീധരൻപിള്ളയ്ക്ക് ഇടമില്ല; സുരേന്ദ്രനെ തഴയാൻ തന്ത്രവുമായി പാർട്ടി നേതാക്കൾ

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് പാർലമെന്റ് സീറ്റിലും കെ.സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി പ്രവർത്തകർ. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ തിരികെ വിളിച്ച് സ്ഥാനാർത്ഥിയാക്കണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം.
ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രനെ വേണമെന്നാണ് പാർട്ടി പ്രവർത്തകർ സർവേയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പാർട്ടിയുടെ സംസ്ഥാനത്തെ 90 ശതമാനം പ്രവർത്തകർക്കും കെ.സുരേന്ദ്രനെ തന്നെ മതിയെന്ന് ഏതാണ്ട് ഉറപ്പായി. ഒരിടത്തു പോലും സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയുടെ പേര് പ്രവർത്തകർ പരാമർശിച്ചതേയില്ല. കോട്ടയത്തും, പത്തനംതിട്ടയിലും, തിരുവനന്തപുരത്തുമുള്ള പ്രവർത്തകർ കുമ്മനം രാജശേഖരനെ തിരികെ വിളിച്ച് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ബിജെപി നേതാക്കൾ നൽകിയ പട്ടികയിൽ ഒരിടത്തു പോലും കെ.സുരേന്ദ്രന്റെ പേര് പരിഗണിച്ചിട്ടില്ലെന്നത് വിരോധാഭാസമായി. ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള സുരേന്ദ്രനെ ഗ്രൂപ്പ് പരിഗണനയുടെ പേരിൽ പാർട്ടി തന്നെ തഴയുകയാണെന്ന് വ്യക്തമാകുന്നതായി ഈ സംഭവ വികാസങ്ങൾ.
ബിജെപി സംസ്ഥാന ഘടകത്തിൽ കടുത്ത ഗ്രൂപ്പ് യുദ്ധം നിലനിൽക്കുന്നതിനാലാണ് ബിജെപി കേന്ദ്ര നേതൃത്വം രഹസ്യമായി വിവിധ ഏജൻസികൾ വഴി സർവേ നടത്തിയത്. ഐടി പ്രഫഷണലുകളും, ജെഎൻയുവിലെ വിശ്വസ്തരായ പ്രഫസർമാരും അടങ്ങുന്ന സ്വകാര്യ സംഘം വഴിയാണ് ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിൽ സർവേ നടത്തിയത്. ഈ സർവേയിലാണ് 20 ഇടത്തും 70 ശതമാനത്തിനു മുകളിൽ പ്രവർത്തകരുടെ വോട്ട് നേടി സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്.
ശബരിമലയിലെ യുവതി പ്രവേശന സമരത്തിൽ സന്നിധാനത്ത് എത്തി സമരത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്തതാണ് സുരേന്ദ്രന് പ്രവർത്തകർക്കിടയിൽ സ്വീകാര്യത നൽകിയത്. സമരത്തെ തുടർന്ന് ജയിൽവാസം അനുഭവിച്ചതോടെ സുരേന്ദ്രന് പ്രവർത്തകരുടെ ആവേശമായും മാറി. ഇതേ തുടർന്നാണ് സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം എല്ലാ ഭാഗത്തു നിന്നും പ്രവർത്തകർ ഉയർത്തി തുടങ്ങിയത്. എന്നാൽ, തിരുവനന്തപുരത്തോ കാസർകോട്ടോ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനാണ് പാർട്ടി ദേശീയ നേതൃത്വത്തിനു താല്പര്യം. എന്നാൽ, നായർ വോട്ടുകൾ കൂടുതലുള്ള തിരുവനന്തപുരത്ത് എസ്എൻഡിപി സമുദായത്തിൽപ്പെട്ട സുരേന്ദ്രനനെ മത്സരിപ്പിക്കുന്നത് കാര്യമായി പ്രയോജനപ്പെടില്ലെന്നാണ് ബിജിപി സംസ്ഥാന ഘടകം നൽകുന്ന റിപ്പോർട്ട്. ഇരുമുടിക്കെട്ട് അടക്കം താഴെയിട്ട് നടത്തിയ നാടകങ്ങളും, ശബരിമല സമരത്തിലെ അറസ്റ്റും, പത്തനംതിട്ട ജില്ലയിലും ശബരിമലയിലും കയറാനാവാത്ത വിലക്കുമെല്ലാം സാധാരണക്കാരെ സുരേന്ദ്രന് എതിരാക്കിയെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം വാദിക്കുന്നു. ഈ സാഹചര്യത്തിൽ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് ഇവരുടെ ആവശ്യം.