രണ്ട് ഹൈക്കോടതി ജഡ്ജിമാർ, രണ്ടു ഡി.ജി.പിമാർ: കെ.സുരേന്ദ്രന്റെ ജാഥ എറണാകുളത്ത് എത്തുമ്പോൾ ബി.ജെ.പിയിലേയ്ക്ക് വൻ ഒഴുക്ക്
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമായ നീക്കങ്ങളുമായി ബി.ജെ.പിയുടെ വിജയയാത്ര എത്തുന്നു. യാത്ര എറണാകുളം ജില്ലയിൽ എത്തുമ്പോൾ രണ്ട് ഹൈക്കോടതി ജ്ഡജിമാരും മുൻ ഡിജിപിമാരും അടക്കമുള്ളവർ ബി.ജെ.പിയുടെ ഭാഗമായി മാറുമെന്നാണ് ലഭിക്കുന്ന സൂചന.
യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്‌ബോൾ പല പ്രമുഖരും ബിജെപിയിൽ ഉണ്ടാകും എന്നാണ് കെ സുരേന്ദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മെട്രോമാൻ ഇ ശ്രീധരനെയും മുൻ ഡിജിപി ജേക്കബ് തോമസിനെയും പാർട്ടിയിൽ എത്തിച്ചു കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൂടാതെ ജാഥ എറണാകുളം ജില്ലയിൽ എത്തുമ്പോഴേക്കും ഉദ്യോഗസ്ഥ തലത്തിലെ രണ്ടു പ്രമുഖരും ഹൈക്കോടതിയിൽ നിന്നും വിരമിച്ച രണ്ട് ന്യായാധിപരും ബിജെപിയിൽ അംഗത്വം എടുക്കുമെന്നാണ് റിപ്പോർട്ട്.
ഉദ്യോഗസ്ഥ തലത്തിലെ പ്രമുഖരെ മുന്നണിയിൽ എത്തിക്കുന്നതിലൂടെ ബിജെപി രാഷ്ട്രീയ താൽപ്പര്യമുള്ള പ്രമുഖരെ കൂടുതലായി ഉന്നമിടുന്നു. സുരേന്ദ്രന്റെ യാത്ര എറണാകുളത്ത് എത്തുമ്പോാൾ ബിജെപിയിൽ അംഗത്വമെടുക്കുക രണ്ട് മുൻ ഡിജിപിമാരായിരിക്കും. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഐബി തലവൻ ഹരിസേന വർമ്മ, മുൻ ഡിജിപി ആർ പത്മനാഭൻ എന്നിവരാണ് ബിജെപിക്കൊപ്പം ചേരുക. ഇത് കൂടാതെ ഹൈക്കോടതിയിൽ നിന്നും വിരമിച്ച രണ്ട് പ്രമുഖ ജഡ്ജിമാരും ബിജെപി കൊടി പിടിക്കാൻ സന്നദ്ധരായി രംഗത്തുണ്ട്.
നിരവധി പുസ്തകങ്ങൾ അടക്കം രചിച്ചിട്ടുള്ള പശ്ചിമ ബംഗാൾ കേഡർ ഉദ്യോഗസ്ഥനായിരുന്ന ഡിജിപി ഹരിസേന വർമ്മ കേന്ദ്ര ഇന്റലിജൻസിലും പ്രവർത്തിച്ച പ്രമുഖനാണ്. കേരളത്തിലെ ഐബി മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ വിദേശ സ്ഥാപനം രഹസ്യ സർവേ നടത്തിയപ്പോൾ ഇതിൽ അന്വേഷണത്തിനായി അന്നത്തെ ആഭ്യന്ത്രര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അന്വേഷണത്തിനായി നിയോഗിച്ചതും ഹരിസേന വർമ്മയെ ആയിരുന്നു. ഇത് കൂടാതെ ഇന്റലിജൻസിൽ നിയോഗിക്കപ്പെട്ട കാലത്ത് പല സുപ്രധാന കേസുകളും അന്വേഷിച്ചതും ഹരിസേന വർമ്മയായിരുന്നു. ഇദ്ദേഹത്തെ പോലുള്ള ഉദ്യോഗസ്ഥനെ ബിജെപിയിൽ എത്തിച്ചാൽ അത് നേട്ടമായി മാറുമെന്നാണ് പൊതുവിലയിരുത്തൽ.
അഭിഭാഷക സമൂഹത്തിൽ നിന്നടക്കം കൂടുതൽ പേരെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതിലൂടെ ബിജെപി ഉന്നമിടുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ഇടപെടൽ അടക്കം പ്രമുഖർ പാർട്ടിയിൽ എത്താൻ ഇടയാക്കുന്നുണ്ട്. നേമത്ത് മാത്രം ഒതുങ്ങുന്നതല്ല ബിജെപിയുടെ പ്രതീക്ഷകൾ. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക അമിത്ഷായാകും. നാൽപതു മണ്ഡലങ്ങളിൽ എങ്കിലും വിജയപ്രതീക്ഷ വെക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത നിയമസഭയിൽ അഞ്ചുപേർ ബിജെപിക്കുണ്ടാകുമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനു നൽകിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും, മെട്രോമാൻ ഇ.ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസ്, സുരേഷ് ഗോപി അടക്കമുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ട്. നിലവിൽ പാർട്ടിയിലേക്ക് എത്തുന്ന പ്രമുഖരുടെ സ്ഥാനാർത്ഥിയായി രംഗത്തുണ്ടാകും. കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, എം ടി രമേശ്, പി.കെ കൃഷ്ണദാസ് അടക്കമുള്ളവർ പ്രധാനമണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാകുമെന്നതും ഉറപ്പാണ്. മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ അറിയിച്ചെങ്കിലും ജയസാധ്യതയുള്ള മണ്ഡലത്തിൽ നിർത്തി സുരേന്ദ്രനെ നിയമസഭയിൽ എത്തിക്കണമെന്നാണ് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ തവണ 10000 ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ നാലിടത്തിനു പുറമേ ഒരു സീറ്റു കൂടിയാണ് ബിജെപി ഷുവർ സീറ്റായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അഞ്ചു അംഗങ്ങൾ എങ്കിലും കുറഞ്ഞത് ബിജെപിയിൽ നിന്നു ഉണ്ടായില്ലെങ്കിൽ ശക്തമായ നടപടി ഏറ്റുവാങ്ങാൻ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോദി തരംഗത്തിന്റെ മാത്രം പിൻബലത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളിൽ ഇക്കുറി ഒന്നാം സ്ഥാനത്തെത്താൻ കഴിയുമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ രണ്ടാമതെത്തിയത്. മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത്. അതുകൊണ്ടു തന്നെ ഒരിക്കൽ കൂടി മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. വെറും 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രന് അന്നു മണ്ഡലം നഷ്ടമായത്.വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി. മുരളീധരനും ശക്തമായ പോരാട്ടം നടത്തിയാണ് രണ്ടാമതെത്തിയത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയിൽ സി.കൃഷ്ണകുമാറും കാസർകോട്ട് രവീശ തന്ത്രിയും കൊല്ലം ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും മികച്ച പ്രകടനം നടത്തി. ശബരിമല വികാരം നിലനിൽക്കുന്നതിനാൽ ഇക്കുറി ചെങ്ങന്നൂരിലും പ്രതീക്ഷയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ നാൽപതിനായിരത്തിലേറെ വോട്ടും 27 മണ്ഡലങ്ങളിൽ മുപ്പതിനായിരത്തിലധികം വോട്ടും ബിജെപി സ്വന്തമാക്കി. നേമത്ത് ഒ രാജഗോപാലാണ് ഏറ്റവും കൂടുതൽ വോട്ടു നേടിയത് 67,813. മഞ്ചേശ്വരം (കെ. സുരേന്ദ്രൻ56,781), കാസർകോട് (രവീശ തന്ത്രി56,120), മലമ്പുഴയിൽ സി. കൃഷ്ണകുമാർ (46,157), വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ (43,700), കഴക്കൂട്ടത്ത് വി.മുരളീധരൻ (42,732), ചെങ്ങന്നൂരിൽ പി.എസ് ശ്രീധരൻപിള്ള (42,489), പാലക്കാട്ട് ശോഭ സുരേന്ദ്രൻ (40,076) എന്നിങ്ങനെയായിരുന്നു വോട്ട്‌നില.ഈ മണ്ഡലങ്ങളിൽ വിജയിക്കാമെന്നു തന്നെയാണ് ബി ജെ പി പ്രതീക്ഷ. തിരുവനന്തപുരം സെൻട്രലിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് മൂന്നാമതായെങ്കിലും രണ്ടാമതെത്തിയ ആന്റണി രാജുവുമായി വളരെക്കുറച്ച് വോട്ടുകളുടെ വ്യത്യാസമേയുള്ളു. ഇവിടെ ആന്റണി രാജുവിന് 35,569 വോട്ടും ശ്രീശാന്തിന് 34,764 വോട്ടും ലഭിച്ചു. ജയിച്ച ശിവകുമാറിന് 46,474 വോട്ടുകളാണ് ലഭിച്ചത്. ഈ മണ്ഡലവും ജയപട്ടികയിലാണ് ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇ.ശ്രീധരനും സുരേഷ് ഗോപിയുമടക്കം നിയമസഭയിൽ ഉണ്ടാകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങളായ യുവാക്കൾക്കും സ്ത്രീകൾക്കും ഇടമുണ്ടാകണം. സ്ഥാനാർത്ഥി ലിസ്റ്റ് ആർഎസ്എസ് പരിശോധിച്ച ശേഷമാകും പ്രഖ്യാപിക്കുക. 17 ശതമാനം വോട്ടുള്ള കേരളത്തിൽ ഇക്കുറി അത്ഭുതം സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പി.സി ജോർജ്, പി.സി തോമസ്, ജേക്കബ് തോമസ്, ജോർജ് കുര്യൻ എന്നിവരെ ക്രൈസ്തവമുഖമായി അവതരിപ്പിക്കുമ്പോൾ അബ്ദുള്ളക്കുട്ടിയും സജീവമായി തന്നെ കളത്തിലുണ്ടാകും.