മരണമൊഴിയിലും അയ്യപ്പനില്ല: വേണുഗോപാലൻ നായർ മരിച്ചത് മാനസിക അസ്വസ്ഥ്യത്തെ തുടർന്നെന്ന് സൂചന; മരണം സമൂഹത്തിനെതിരായ പ്രതിഷേധമെന്നും മൊഴി; ഹർത്താൽ പ്രഖ്യാപിച്ച ബിജെപി വെട്ടിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിനു മുന്നിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശിയുടെ മരണമൊഴി പുറത്ത്. തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് ആഞ്ഞൂർ വീട്ടിൽ വേണുഗോപാലൻ നായരാണ് (49) കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപന്തലിനു മുന്നിൽ തീ കൊളുത്തി മരിച്ചത്. ശബരിമലയിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് വേണുഗോപാലൻ നായർ മരിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഈ ആരോപണം ഉന്നയിച്ച് ബിജെപി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഇപ്പോൾ വേണുഗോപാലൻ നായരുടെ മരണ മൊഴി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജീവിതം തുടരാൻ താല്പര്യമില്ലെന്നും അതിനാലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നുമാണ് വേണുഗോപാലൻ നായരുടെ മരണമൊഴി. സമൂഹത്തിൽ തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും, അതുകൊണ്ടു തന്നെ താൻ ജീവനൊടുക്കുകയാണെന്നുമായിരുന്നു വേണുഗോപാലിന്റെ മരണമൊഴി. മജിസ്‌ട്രേറ്റിനും ഡോക്ടർക്കും നൽകിയ മൊഴി രണ്ടും ഏകദേശം സമാന സ്വഭാവത്തിലുള്ളതാണ്.
എന്നാൽ, ഈ മൊഴിയ്‌ക്കെതിരെ ബിജെപി നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് വേണുഗോപാലൻ നായരുടെ മരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള തന്നെ രംഗത്ത് എത്തി. ഇതിനിടെ ഏത് മരണമൊഴിയേക്കാളും തങ്ങൾക്ക് വിശ്വാസം ബിജെപി പ്രവർത്തകർക്ക് വേണുഗോപാലൻ നായർ നൽകിയ മൊഴിയിലാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ് പറഞ്ഞു.
എന്നാൽ, വേണുഗോപാലൻ നായരുടെ മരണ മൊഴി പുറത്ത് വന്നതോടെ ഹർത്താൽ പ്രഖ്യാപിച്ച ബിജെപി നേതൃത്വം വെട്ടിലായി. ഇത് മറയ്ക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ബിജെപി നേതൃത്വം ഇപ്പോൾ മരണമൊഴിയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നതും.