രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിനും നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുമായി ബി.ജെ.പി ചെലവഴിച്ചത് 1264 കോടി : തൊട്ടുപിറകെ 820 കോടി രൂപ ചെലവുമായി കോൺഗ്രസും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പുറത്ത്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മാത്രം ബിജെപി ചെലവഴിച്ചത് 1264 കോടി രൂപ. കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനുമാണ് ബി.ജെ.പി ഇത്രയും തുക ചെലവാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
2014 തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രചാരണ ചിലവ് 714 കോടി ആയിരുന്നു. ഇതിന്റെ 77 ശതമാനം കൂടുതലാണ് പുതിയ ചെലവുകൾ എന്നാണ് കണക്കുകൾ. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽപ്രദേശ് എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് 755 കോടിയാണ് പാർട്ടി ചെലവാക്കിയത്. ഇതിൽ 175.68 കോടി താര പ്രചാരണങ്ങൾക്കും 325 കോടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്കും 25.40 കോടി പോസ്റ്റർ, കട്ടൗട്ട്, ബാനറുകൾ പോലെയുള്ള പ്രചാരണ സാധനങ്ങൾക്കും 15.91 കോടി പൊതുയോഗങ്ങൾക്കുമായാണ് ചെലവാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം രേഖകൾ പ്രകാരം കോൺഗ്രസിന്റെ പ്രചാരണ ചിലവും കൂടിയിട്ടുണ്ട് 2014ൽ 516 കോടി പ്രചാരണത്തിന് ചിലവായ കോൺഗ്രസിന് 2019 ൽ എത്തുമ്പോൾ അത് 820 കോടിയാണ്. 2018-19 വർഷത്തിൽ ബിജെപിയുടെ വരുമാനം 2410 കോടിയാണെന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിൽ 1450 കോടി ഇലക്ടറൽ ബോണ്ട് വഴി മാത്രം ലഭിച്ചതാണ്. 2017-18 വർഷത്തെ 1,027 കോടിയിൽ നിന്ന് 134% വർധനവ്. 210 കോടിയായിരുന്നു ഇക്കാലത്തെ ഇലക്ടറൽ ബോണ്ട്. 201718 വർഷത്തിൽ മൊത്തം ചെലവായി ബി.ജെ.പി കാണിച്ചിരിക്കുന്നത് 758 കോടിയാണ്. 2018-19 വർഷത്തിലെ തെരഞ്ഞെടുപ്പിൽ ഇത് 32% വർധിച്ച് 1005 കോടിയായി.