ബിജെപിയുടെയും കോൺഗ്രസിന്റെയും 2022- 23 ലെ തിരഞ്ഞെടുപ്പ് ചെലവ് തുക പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപി 1092 കോടിയും, കോൺഗ്രസ് 192 കോടിയും
ന്യൂഡൽഹി : 2022-23ൽ ബിജെപിക്ക് 1092 കോടിയും, കോൺഗ്രസിന് 192 കോടിയും ചെലവ്.2022-23 ലെ തിരഞ്ഞെടുപ്പുകൾക്ക് ബിജെപി ചെലവാക്കിയത് 1092.15 കോടി രൂപ. കോൺഗ്രസ് ചെലവാക്കിയ 192.55 കോടിയുടെ അഞ്ചിരട്ടിയാണിത്. ഇലക്ട്‌ടറൽ ബോണ്ടുകൾ വഴി ഈ കാലയളവിൽ ബിജെപിക്ക് 1294.14 കോടി രൂപ സംഭാവന ലഭിച്ചു. കോൺഗ്രസിനു കിട്ടിയതാകട്ടെ 171.01 കോടി മാത്രം.
കോൺഗ്രസിനു കിട്ടിയതിൻ്റെ ഏഴിരട്ടിയിലധികം ബിജെപിക്കു കിട്ടി. തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടികൾ നൽകിയ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. 2022-23 ൽ ബിജെപിക്ക് ആകെ ലഭിച്ചത് 2360.84 കോടിയാണ്. മുൻവർഷം ഇത് 1917.12 കോടിയായിരുന്നു. കോൺഗ്രസിന് 22-23 ൽ 452.37 കോടി രൂപയാണു ലഭിച്ചത്. ബിജെപി ചെലവാക്കിയത് 1361.68 കോടി രൂപയാണെങ്കിൽ കോൺഗ്രസിന്റെ ചെലവ് 467.13 കോടി രൂപ.
ബിജെപിയുടെ സംഭാവനകളിൽ 54% ഇലക്‌ടറൽ ബോണ്ടുകളിൽ നിന്നാണ്. തിരഞ്ഞെടുപ്പു പരസ്യങ്ങൾക്കായി ബിജെ പി 432.14 കോടി രൂപ ചെലവിട്ടു. വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമായി 78.22 കോടിയും, സ്‌ഥാനാർഥികൾക്കായി 75.05 കോടിയും പാർട്ടി സമ്മേളനങ്ങൾക്കാ യി 71.60 കോടി രൂപയും ചെലവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group