
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബിജെപി.
സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് കൈമാറി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിലാണ് പട്ടിക സംബന്ധിച്ച ചർച്ചകള്‍ നടന്നത്.
ആറന്മുള മണ്ഡലത്തില്‍ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും, മഞ്ചേശ്വരത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരിക്കുമെന്നതാണ് പ്രാഥമിക തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള നേമം മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ സ്ഥാനാർഥിയാകാൻ സാധ്യതയേറെയാണ്. ഇക്കാര്യം അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രാഥമിക പട്ടികയില്‍ മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ (കഴക്കൂട്ടം), മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ പി. കെ. കൃഷ്ണദാസ് (കാട്ടാക്കട), സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആൻറണി (തിരുവല്ല), വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ് (പാലാ), തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ (തിരുവനന്തപുരം), ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി (ചെങ്ങന്നൂർ) എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.



