play-sharp-fill
തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നിർണ്ണയം ; ലവ് ജിഹാദും ദേശീയ വികാരവും തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കും; ക്രൈസ്തവ വോട്ടുകള്‍ പി സി ജോർജ്ജിലൂടെ ബി.ജെ.പിയുടെ വോട്ട് പെട്ടിയിലാക്കാൻ ആലോചന നടക്കുന്നുവെന്ന് സൂചന

തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നിർണ്ണയം ; ലവ് ജിഹാദും ദേശീയ വികാരവും തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കും; ക്രൈസ്തവ വോട്ടുകള്‍ പി സി ജോർജ്ജിലൂടെ ബി.ജെ.പിയുടെ വോട്ട് പെട്ടിയിലാക്കാൻ ആലോചന നടക്കുന്നുവെന്ന് സൂചന

സ്വന്തം ലേഖകൻ

കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും പി സി ജോര്‍ജ് എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.


നാളെ കോഴിക്കോട് പാര്‍ട്ടി കോര്‍ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം വരാന്‍ ആണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസ് എത്തുമ്ബോള്‍ ഇനിയും ഇടത് സ്ഥാനാര്‍ഥി ആരെന്ന സ്ഥിരീകരണം നേതാക്കള്‍ ഇനിയും നല്‍കിയിട്ടില്ല. അഡ്വ. കെ. എസ്. അരുണ്‍ കുമാറിന്റെ പേരാണ് പാര്‍ട്ടില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും ഉമ തോമസ് സ്ഥാനാര്‍ഥിയായതോടെ മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ വോട്ടുകള്‍ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വേണമോ എന്ന അവസാന ഘട്ട കൂടി ആലോചനയിലാണ് സിപിഎം. രാവിലെയോടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ച്‌ എല്‍ഡിഎഫില്‍ അവതരിപ്പിക്കും. പിന്നാലെ മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതേസമയം ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയം ഇനിയും വൈകും

തൃക്കാക്കരയില്‍ നെയ്യാറ്റിന്‍കര മോഡല്‍ സ്ഥാനാര്‍ഥിയെ വേണമെന്ന ആവശ്യമാണ് ബിജെപി അണികളില്‍ നിന്നുയരുന്നത്. അഞ്ചാം മന്ത്രി പദം ചര്‍ച്ചയായ സമയത്തായിരുന്നു നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അപ്പോള്‍ ഒ. രാജഗോപാലിനെ അവിടെ സ്ഥാനാര്‍ഥിയാക്കി വോട്ട് വിഹിതം ഇരട്ടിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. നേമത്തെ കന്നി വിജയത്തിന് പോലും ഇത് നിര്‍ണായകമായി. എല്‍ഡിഎഫിന്റെ നൂറ് സീറ്റെന്ന സ്വപ്‌നം പൂവണിയാതിരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ഥിയെ ഇറക്കണമെന്ന് ബൂത്ത് നേതാക്കള്‍ മുതല്‍ സംസ്ഥാന നേതൃത്വത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്. സജിയായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി. 15483 വോട്ടുകളാണ് എസ്. സജി നേടിയത്. വിജയിച്ച പി.ടി. തോമസിന് 59839 വോട്ടുകളും രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. ജെ. ജേക്കബിന് 45510 വോട്ടുകളുമാണ് ലഭിച്ചത്.

ട്വന്റി 20 സ്ഥാനാര്‍ഥിയായ മത്സരിച്ച ഡോ. ടെറി തോമസ് 13897 വോട്ടുകള്‍ നേടി ബിജെപിയുടെ മൂന്നാം സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ആം ആദ്മിയും ട്വന്റി 20യും ഈ ഉപതിരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ബിജെപി വോട്ടുകള്‍ ചോരുമെന്ന ഭയം പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. പൊതുസമ്മതനും ശക്തനുമായ ഒരു സ്ഥാനാര്‍ഥി വേണമെന്നാണ് ബിജെപി നേതൃത്വം ആഗ്രഹിക്കുന്നത്. പാര്‍ട്ടിയുടെ ജനപ്രിയമുഖമായ സുരേഷ് ഗോപി തൃക്കാക്കരയില്‍ മത്സരിക്കാനാവില്ലെന്ന് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യതയുമില്ല. പിന്നെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി എല്ലാവരും കാണുന്നത് എ.എന്‍. രാധാകൃഷ്ണനെയാണ്. എന്നാല്‍ എ.എന്‍. രാധാകൃഷ്ണന് തൃക്കാക്കര മണ്ഡലത്തില്‍ ശക്തമായ വേരുകളില്ലെന്ന് ഒരു ചേരി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ നിലനിര്‍ത്തുക മാത്രമല്ല നെയ്യാറ്റിന്‍കരയിലെന്ന പോലെ ഒരു ഓളം സൃഷ്ടിക്കാനും നേതൃത്വത്തിന് പദ്ധതിയുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ പി.സി. ജോര്‍ജിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാനും ഒരു വിഭാഗം നീക്കം തുടങ്ങിയതായി സൂചനയുണ്ട്.

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍, തീവ്രവാദം തുടങ്ങി പി.സി. ജോര്‍ജ് പറഞ്ഞ വിഷയങ്ങളെല്ലാം ക്രിസ്ത്യന്‍ സമുദായത്തെ കാര്യമായി സ്വാധീനിക്കുന്ന വിഷയങ്ങളാണ്. ഇതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കി പരമാവധി വോട്ടുകള്‍ നേടിയെടുക്കാന്‍ ബിജെപി മുന്നിട്ടിറങ്ങും. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പി.സി. ജോര്‍ജ് തന്റെ സ്വാധീനം കേരളത്തില്‍ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാന്‍ തൃക്കാക്കരയിലെന്നല്ല, കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ സന്നദ്ധനായേക്കും. ഈ മാസം ആറിന് ബിജെപി ദേശീയ അധ്യക്ഷന്‍ കോഴിക്കോട്ടെത്തുന്നുണ്ട്. 15ന് ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തും എത്തും.