ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡയെ തെരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
ഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷ പദവിയിലേയ്ക്ക് ജെ പി നഡ്ഡയെ തെരഞ്ഞെടുത്തു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്ത തെരഞ്ഞെടുപ്പിൽ ഏകകണ്ഠമായിട്ടായിരുന്നു നഡ്ഡയുടെ തെരഞ്ഞെടുപ്പ്. രാവിലെ 10 ന് ആരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നഡ്ഡയ്ക്കുവേണ്ടിയല്ലാതെ മറ്റാർക്കുവേണ്ടിയും പത്രിക സമർപ്പിക്കപ്പെട്ടില്ല. ഇതോടെ നഡ്ഡയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. നഡ്ഡ ഇന്നു തന്നെ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കും.
അമിത് ഷായുടെ പിൻഗാമിയായാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവായ ജഗത് പ്രകാശ് നഡ്ഡ ബിജെപിയുടെ അമരത്തെത്തുന്നത്. രാവിലെ 10 മുതൽ 12.30 വരെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ നഡ്ഡയ്ക്കു വേണ്ടി പത്രിക നൽകി. രണ്ടു മണിക്ക് നാമനിർദേശ പത്രികയുടെ സൂക്ഷമപരിശോധന നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റാരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകാതിരുന്നതോടെ, നഡ്ഡയെ തെരഞ്ഞെടുത്തതായി പാർട്ടി ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ രാധാമോഹൻ സിങ് പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും നഡ്ഡയെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു
ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ജെപി നഡ്ഡ. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിയമിച്ചു. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നഡ്ഡ ‘നിശ്ശബ്ദനായ സംഘാടകൻ’ എന്നാണ് പാർട്ടിക്കുള്ളിൽ അറിയപ്പെടുന്നത്.