play-sharp-fill
തമ്മിൽ തല്ലിൽ നേട്ടം കൊയ്ത് കേരള ഘടകം; ബി ജെ പിയുടെ  മൂന്നാം ഗ്രൂപ്പും പിറവിയെടുത്തു

തമ്മിൽ തല്ലിൽ നേട്ടം കൊയ്ത് കേരള ഘടകം; ബി ജെ പിയുടെ മൂന്നാം ഗ്രൂപ്പും പിറവിയെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗ്രൂപ്പ് വഴക്കുകൊണ്ട് പൊറുതിമുട്ടിയ ബി.ജെ.പി കേരള ഘടകത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ മൂന്നാം ഗ്രൂപ്പ് പിറവിയെടുത്തു! ദേശീയ സമിതി അംഗവും തെലുങ്കാനയുടെ ചുമതലക്കാരനുമായ പി.കെ.കൃഷ്ണദാസിന്റെയും ആന്ധ്രയുടെ ചുമതലക്കാരനും രാജ്യസഭാംഗവുമായ വി.മുരളീധരന്റെയും നേതൃത്വത്തിലാണ് നിലവിലെ രണ്ട് വിഭാഗങ്ങൾ. പല തവണ പാർട്ടി ദേശീയ നേതൃത്വം താക്കീത് നൽകിയിട്ടും കേരള ഘടകത്തിൽ ഗ്രൂപ്പ് പോരിന് ശമനമായിട്ടില്ല. അതിനിടെയാണ് പുതിയ ഗ്രൂപ്പ് ഉദയം ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നേരിടുമ്‌ബോൾ ഈ ചേരിതിരിവുകൾ പാർട്ടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നേതാക്കൾ.

ഒ.രാജഗോപാൽ, മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധൻ, ചേറ്രൂർ ബാലകൃഷ്ണൻ, കെ.പി.ശ്രീശൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറി ടി.ലീലാവതി തുടങ്ങിയവരാണ് മൂന്നാം ഗ്രൂപ്പിലുള്ളതെന്നാണ് പറയപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇരുവിഭാഗവുമായും ബന്ധമില്ലാതിരുന്ന ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വം പാർട്ടി സംസ്ഥാന പ്രസിഡന്റാക്കിയത് പാർട്ടിയിലെ ഗ്രൂപ്പ് വൈരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ, നേരെ വിപരീത ഫലമാണ് ഉണ്ടായത്. കുമ്മനം പ്രസിഡന്റായതോടെ കൃഷ്ണദാസ് വിഭാഗം കുമ്മനവുമായി യോജിക്കുകയും ഒരു ഗ്രൂപ്പായി പ്രവർത്തിക്കുകയും ചെയ്തു. അതിനിടെയാണ് കുമ്മനത്തെ ഗവർണറാക്കുന്നത്. ഇത് ആർ.എസ്.എസ് കേരള ഘടകം അറിഞ്ഞില്ലെന്നത് വലിയ ചർച്ചയായി.

പിന്നീട് പി.എസ് ശ്രീധരൻ പിള്ളയെ പ്രസിഡന്റാക്കി. എന്നാൽ, പാർട്ടിയിലെ രണ്ട് ഗ്രൂപ്പുകളും ശ്രീധരൻ പിള്ളയുമായി സഹകരിക്കാതായതോടെ ഗ്രൂപ്പ് വൈരം മൂർച്ഛിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശനോട് മാത്രം പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്താണ് ശ്രീധരൻ പിള്ള മുന്നോട്ട് പോകുന്നതെന്ന് ചില നേതാക്കൾ ആക്ഷേപമുന്നയിച്ചു. ശബരിമല വിഷയം വന്നപ്പോൾ ശ്രീധരൻ പിള്ളയുടെ നിലപാടുകളോട് ഇരുവിഭാഗവും ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പാർട്ടിക്ക് നേട്ടമുണ്ടാക്കാമായിരുന്ന നല്ല അവസരം ശ്രീധരൻ പിള്ള പരസ്യ പ്രസ്താവനകളിലൂടെ ഇല്ലാതാക്കിയെന്ന് ഇരു വിഭാഗവും ആരോപിച്ചു. നിശിതമായ വിമർശനങ്ങളാണ് ഇരുവിഭാഗവും പാർട്ടി യോഗങ്ങളിൽ ശ്രീധരൻ പിള്ളയ്‌ക്കെതിരെ ഉയർത്തിയത്. പിന്തുണയ്ക്കാൻ ആരുമുണ്ടായതുമില്ല. അത് തുറന്ന് പ്രകടിപ്പിക്കാനും ശ്രീധരൻ പിള്ള മടിച്ചില്ല. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കണമെന്ന ആഗ്രഹവും ശ്രീധരൻ പിള്ളയ്ക്കുണ്ടെങ്കിലും അതിന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഇതെല്ലാമാണ് മൂന്നാം ഗ്രൂപ്പ് എന്ന ആശയത്തിലേക്ക് നീങ്ങിയതത്രേ.

തിരുവനന്തപുരത്തെച്ചൊല്ലി

തിരുവനന്തപുരത്ത് ശ്രീധരൻ പിള്ള മത്സരിക്കുന്നതാണ് നല്ലതെന്ന് ഇപ്പോൾ ഒ.രാജഗോപാൽ വാദിക്കുന്നു. സംസ്ഥാനത്ത് നിന്നുള്ള പ്രമുഖ ആർ.എസ്. എസ് നേതാവ് എസ്. സേതുമാധവന്റെ പിന്തുണയും ഇതിനുണ്ട്. കുമ്മനെ ഗവർണറാക്കിയതോടെ കേരളത്തിലെ ആർ.എസ്.എസ് നേതാക്കളുടെ എതിർപ്പ് നേരിടുന്ന ബി.ജെ.പി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷും അനുകൂലിക്കുന്നുണ്ട്. എന്നാൽ, കുമ്മനത്തെ മത്സരിപ്പിക്കാനാണ് ആർ.എസ്.എസും പി.കെ.കൃഷ്ണദാസ് വിഭാഗവും ശ്രമിക്കുന്നത്.

ഗ്രൂപ്പിന്റെ തുടക്കം

1990ലാണ് ബി.ജെ.പി കേരള ഘടകത്തിൽ ആദ്യമായി ഗ്രൂപ്പ് രൂപംകൊള്ളുന്നത്. ബി.ജെ.പിയെ തങ്ങളുടെ ചൊല്പടിക്ക് നിറുത്താൻ ആർ.എസ്.എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഗ്രൂപ്പ്. കെ. രാമൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു എതിർ ഗ്രൂപ്പ്. മുകുന്ദൻ പുറത്തായതോടെ പി.കെ.കൃഷ്ണദാസ് ഗ്രൂപ്പിന്റെ നേതൃത്വം ഏറ്രെടുത്തു. വി.മുരളീധരൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായതോടെ പഴയ രാമൻപിള്ള ഗ്രൂപ്പിലെ പലരും കൃഷ്ണദാസ് പക്ഷത്തേക്ക് പോയി. മറ്രുള്ളവർ മുരളീധരൻ പക്ഷത്തും അണിനിരന്നു. കെ.സുരേന്ദ്രൻ, സി.ശിവൻകുട്ടി, പി.സുധീർ, വി.വി.രാജേഷ്, സി.കൃഷ്ണകുമാർ, പുഞ്ചക്കരി സുരേന്ദ്രൻ തുടങ്ങിയവരാണ് മുരളീധരൻ ഗ്രൂപ്പിലെ പ്രമുഖർ. എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, എം.എസ്.കുമാർ, ബി.ഗോപാലകൃഷ്ണൻ, രാധാകൃഷ്ണമേനോൻ, എൻ.ശിവരാജൻ തുടങ്ങിയവരാണ് കൃഷ്ണദാസ് പക്ഷക്കാർ