തന്ത്രി കുടുംബത്തിൽ നിന്നൊരാളെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി നീക്കം; ഗോദയിൽ ഇറക്കുന്നത് സംസ്‌കൃത പണ്ഡിതനും ഉന്നത ബിരുദധാരിയുമായ ഇളമുറക്കാരനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പാർട്ടി ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയിൽ തന്ത്രി കുടുംബത്തിൽ നിന്നൊരാളെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി അണിയറ നീക്കം. രണ്ട് യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നട അടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ ദേവസ്വംബോർഡും സർക്കാർ പ്രതിനിധികളും തന്ത്രിയെ വിമർശിക്കുകയും താഴ്മൺ കുടുംബം അതിന് മറുപടി നൽകുകയും ചെയ്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തന്ത്രപരമായ നീക്കം നടത്താനാണ് ബി.ജെ.പി ശ്രമം.
ശബരിമല പ്രക്ഷോഭം ഏറ്റവുമധികം ചലനമുണ്ടാക്കിയ പത്തനംതിട്ടയിൽ തന്ത്രികുടുംബാംഗമായ ഒരു യുവാവിനെയാകും ബി.ജെ.പി സ്ഥാനാർത്ഥിയാക്കുക എന്നാണ് സൂചന. ഉന്നത ബിരുദധാരിയും സംസ്‌കൃതത്തിൽ പാണ്ഡിത്യവുമുള്ള ഇദ്ദേഹം ആലുവ വെളിയത്തുനാട്ടിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള തന്ത്ര വിദ്യാപീഠത്തിലെ വിദ്യാർത്ഥിയായിരുന്നു. ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത ആളാണ് തന്ത്രി കുടുംബത്തിലെ ഈ യുവാവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. അതിനാൽ പത്തനംതിട്ടയിൽ അതിനൊത്തൊരു സ്ഥാനാർത്ഥിയെ നിറുത്തിയാൽ വിജയിക്കാനാവുമെന്നും പാർട്ടി വിലയിരുത്തുന്നു. ആ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ തേടിയുള്ള അന്വേഷണം തന്ത്രി കുടുംബത്തിൽ എത്തി നിൽക്കുന്നത്. എന്നാൽ, ഇതിന് തന്ത്രികുടുംബം സമ്മതം മൂളുമോ എന്ന കാര്യത്തിൽ ഉറപ്പുവന്നിട്ടില്ല. ശബരിമല സമരത്തിൽ പന്തളം കൊട്ടാരം ബി.ജെ.പി നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. എൻ.എസ്.എസും പന്തളം കൊട്ടാരത്തിന്റെയും താഴമൺ കുടുംബത്തിന്റെയും നിലപാടിന് ഒപ്പമാണ്. ഇതുകൂടി കണ്ടുകൊണ്ടാണ് തന്ത്രി കുടുംബത്തിലെ ഒരംഗത്തെതന്നെ രംഗത്തിറക്കി പത്തനംതിട്ടയിൽ പോരാട്ടം കടുപ്പിക്കാൻ ബി.ജെ.പി ലക്ഷ്യമിടുന്നത്.