ദേശഭക്തിഗാനങ്ങളെ വിവാദമാക്കുന്നതിന്  പിന്നിൽ വർഗീയ അജണ്ട: ബിജെപി

Spread the love

തിരുവനന്തപുരം: ദേശഭക്തിഗാനത്തിന് ജാതിയോ ,മതമോ ,രാഷ്ട്രീയമോ ഇല്ല. ദേശഭക്തി മാത്രമേ ഉള്ളൂ. മലപ്പുറം തിരൂർ ആലത്തിയൂർ ഹൈസ്ക്കൂളിൽ ആഗസ്റ്റ് 15 ന് ദേശഭക്തിഗാനം പാടിയതിനെ വിവാദമാക്കുന്നതിനു പിന്നിൽ വർഗ്ഗീയ അജണ്ടയും, രാഷ്ട്രീയ അജണ്ടയുമാണുള്ളതെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രസ്താവിച്ചു.

നിഷ്ക്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് വിഭാഗീയതയും, വർഗ്ഗീയതയും കയറ്റി വിടുന്ന രാഷ്ട്രീയം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കും. മഹാൻമാരായ നിരവധി കവികൾ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ജനങ്ങളിൽ ദേശഭക്തി പ്രചോദിപ്പിക്കുന്നതിനായി നിരവധി ദേശഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. അല്ലാമ ഇക്ബാൽ എഴുതി പാടിയ ‘സാരെ ജഹാം സെ അച്ഛാ’ എന്നു തുടങ്ങുന്ന ഗാനം ഏതെങ്കിലും സംഘടനകൾ അവരുടെ പരിപാടികളിൽ പാടിയാൽ അതിനെ എതിർക്കാൻ കഴിയുമോ? കേരളത്തിലെ തന്നെ നിരവധി കവികൾ എഴുതിയ കവിതകൾ ദേശീയപ്രസ്ഥാനങ്ങൾ അവരുടെ പരിപാടികളിൽ ചൊല്ലാറുണ്ട്. ആലത്തിയൂർ സ്ക്കൂളിലെ വിവാദങ്ങൾക്കു പിന്നിലുള്ള രാഷ്ട്രീയ അജണ്ടയും വർഗ്ഗീയ അജണ്ടയും ജനങ്ങൾ തിരിച്ചറിയും. കേരളത്തിലെ നീറുന്ന ജനകീയ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ വഴിതിരിച്ചുവിടാനും, കേരളത്തിൽ ദേശീയതാ ബോധം വളരുന്നത് തടയാനും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമം നടക്കുന്നു. വിവാദങ്ങൾ ചർച്ച ചെയ്യപ്പെടാൻ ആഗ്രഹിക്കുന്ന മാധ്യമങ്ങൾ ഇക്കൂട്ടരുടെ ഹിഡ്ഡൻ അജണ്ട നടപ്പാക്കുകയാണ്. ആർക്കു വേണ്ടിയാണ് നിങ്ങൾ കുഴലൂതുന്നത്. ആഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ ദേശഭക്തിഗാനം പാടിയപ്പോൾ ആർക്കും പരിഭവവും പരാതിയുമില്ല. എല്ലാ മത വിഭാഗത്തിൽ പെട്ട കുട്ടികളും അദ്ധ്യാപകരും ആ വിദ്യാലയത്തിലുണ്ട്. ഗാനം പാടിയ കൂട്ടത്തിലും എല്ലാ വിഭാഗവുമുണ്ട്.

കേരളത്തിൽ വിവാദ വിഷയങ്ങളുണ്ടാക്കാൻ ഗവേഷണം നടത്തുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേർന്ന് ഒരു സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോകരുത്. ഓണാഘോഷ പരിപാടിയിൽ മുസ്ലിം വിദ്യാർത്ഥികൾ പങ്കെടുക്കരുതെന്ന് ഒരു സ്ക്കൂളിലെ അദ്ധ്യാപിക നിർദേശം നൽകിയത് ഇതുമായി ചേർത്തു വെക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശഭക്തിഗാനത്തിനും, ആഘോഷങ്ങൾക്കും, രാഷ്ട്രീയ നിറവും, വർഗ്ഗീയ നിറവും നൽകരുത്. സ്കൂളിൽ പാടിയ ദേശഭക്തി ഗാനത്തിൽ എവിടെയാണ് വർഗ്ഗീയതയുള്ളതെന്ന് എതിർക്കുന്നവർ വ്യക്തമാക്കണം. ഇതിനെതിരെ അദ്ധ്യാപകർക്കെതിരെ നടപടി എടുക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നും വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രസ്താവിച്ചു.