‘നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല….’! കേരളവിരുദ്ധ പ്രചാരണവും മോദി ‘ഷോ’യും കർണാടകയിൽ ഫലിച്ചില്ല..! ബിജെപിക്ക് തിരിച്ചടിയായതെന്ത്?
സ്വന്തം ലേഖകൻ
ഭരണവിരുദ്ധ വികാരത്തിലും അഴിമതി ആരോപണങ്ങളിലും മുങ്ങിനിന്ന കര്‍ണാടകത്തിലെ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍ ബിജെപിയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു കേരളവിരുദ്ധ പ്രചാണവും ധ്രുവീകരണ രാഷ്ട്രീയവും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ‘ദി കേരള സ്റ്റോറി’ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചര്‍ച്ചയാക്കിയതോടെ കര്‍ണാടകയില്‍ പതിവില്ലാത്ത വിധം തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പേര് ഇത്തവണ ഉയര്‍ന്നുകേട്ടു.
എന്നാല്‍, കോണ്‍ഗ്രസ് അഴിച്ചുവിട്ട അഴിമതിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ കേരളത്തെ ചൂണ്ടിക്കാട്ടിയുള്ള ഭയപ്പെടുത്തലും മതസാമുദായിക സംവരണം ഉയര്‍ത്തിക്കാട്ടലും ഫലം കണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
’40 ശതമാനം കമ്മിഷന്‍ സര്‍ക്കാരാ’ണ് കര്‍ണാടകത്തിലെന്നതായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ പ്രചരാണായുധം. അഴിമതിക്കേസില്‍ വിരുപാക്ഷപ്പ അറസ്റ്റിലായതും ബില്ല് മാറാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് കാരാറുകാരന്‍ ആത്മഹത്യചെയ്തതും ബി.ജെ.പി.ക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നടന്ന സര്‍വേകളെല്ലാം ബിജെപിക്കെതിരായിരുന്നു. അവസാനഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോകളില്‍ വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യം ബിജെപിക്ക് ആശ്വാസം നല്‍കിയെങ്കിലും ഇതൊന്നും വോട്ടിൽ പ്രതിഫലിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.
ഭരണവിരുദ്ധ വികാരത്തില്‍ ഉലഞ്ഞ കര്‍ണാടകത്തിലെ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ആശ്വാസം നല്‍കിയ ഏകഘടകം. തിരഞ്ഞെടുപ്പിന് പത്ത് ദിവസം മുമ്പുമാത്രം സംസ്ഥാനത്തുടനീളം 13 പൊതുയോഗങ്ങളും രണ്ട് വമ്പന്‍ റോഡ് ഷോകളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. എന്നാല്‍, ഈ റോഡ് ഷോയില്‍ വന്‍ ജനസാന്നിധ്യമുണ്ടായിരുന്ന ബെംഗളൂരു മേഖലയിലടക്കം കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി എന്നത് ശ്രദ്ധേയമാണ്.
ജാതീയതയും വര്‍ഗീയ ധ്രുവീകരണവും നിര്‍ണായകമാകുന്ന കര്‍ണാടകത്തില്‍ ഇത്തവണയും വിദ്വേഷപ്രചാരണത്തിന് കുറവൊന്നുമില്ലായിരുന്നു. ജാതിസെന്‍സസും ആനുപാതിക സംവരണവും ജനക്ഷേമ പദ്ധതികളും മുന്നോട്ടുവെച്ചാണ് ഈ ബി.ജെ.പി. പ്രചാരണത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്. വിവിധ ജാതികള്‍ക്ക് ആനുപാതിക വിഹിതം നല്‍കാന്‍ സംവരണം 50 ശതമാനത്തില്‍നിന്ന് 75 ശതമാനമാക്കുമെന്ന പ്രഖ്യാപനം ബി.ജെ.പി. മുന്നോട്ടുവെച്ച തന്ത്രത്തിന് തിരിച്ചടിയായി.
വൊക്കലിഗ, ലിംഗായത്ത് വോട്ടുകള്‍ ലക്ഷ്യംവെച്ച് മുസ്ലിം സംവരണം എടുത്തുകളഞ്ഞെങ്കിലും അതിന്റെ ഗുണം ലഭിച്ചത് കോണ്‍ഗ്രിനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാൻ ഇടയാക്കിയതും നേതാക്കളുടെ കൂടുമാറ്റംമൂലം വൊക്കലിഗ, ലിംഗായത്ത് വോട്ടുകളില്‍ അടിയൊഴുക്കുണ്ടായതും ബിജെപിക്ക് തിരിച്ചടിയായി. മുതിര്‍ന്ന നേതാവ് യെദ്യൂരപ്പയെ മുന്‍നിരയില്‍നിന്ന് മാറ്റിനിര്‍ത്തിയതില്‍ ലിംഗായത്തുകള്‍ക്കിടയില്‍ നേരത്തെ തന്നെ അമര്‍ഷമുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ് യെദ്യൂരപ്പയെ പ്രചാരണത്തില്‍ സജീവമാക്കുകയും അദ്ദേഹത്തിന്റെ മകന്‍ വിജയേന്ദ്രയെ മത്സരിപ്പിക്കുകയും ചെയ്‌തെങ്കിലും ലിംഗായത്ത് അമര്‍ഷം മറികടക്കാനായില്ല.
പോപ്പുലര്‍ ഫ്രണ്ടിനോട് ബജ്റംഗ് ദളിനെ താരതമ്യപ്പെടുത്തി വിദ്വേഷപ്രചാരകരായ സംഘടനകളെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ബിജെപി പ്രചാരണ ആയുധമാക്കിയെങ്കിലും ഇതും തീരദേശമേഖലയ്ക്കപ്പുറം ഫലിച്ചില്ല. കോൺഗ്രസ് പ്രഖ്യാപനം വന്നതിന് പിന്നാലെ ‘ബജ്‌റംഗ് ബലി കീ ജയ്’ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിച്ചത്. എന്നാൽ അതൊന്നും വോട്ടിനെ സ്വാധീനിച്ചില്ല.
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന കോണ്‍ഗ്രസ് പദ്ധതിയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കിയെന്ന് ബിജെപി നേതാക്കള്‍ത്തന്നെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പായി വിലിയിരുത്തിയിരുന്നു.
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂരു നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു.