video
play-sharp-fill
അന്തരിച്ച കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ ; മൃതദേഹം പൊതുദര്‍ശനത്തിനായി ഇന്ന്‌ മങ്കൊമ്പിലെ വീട്ടിലെത്തിക്കും

അന്തരിച്ച കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ ; മൃതദേഹം പൊതുദര്‍ശനത്തിനായി ഇന്ന്‌ മങ്കൊമ്പിലെ വീട്ടിലെത്തിക്കും

സ്വന്തം ലേഖകൻ

ആലപ്പുഴ: അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും.

ആദ്യം എന്‍എസ്എസ് കരയോഗം ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ എത്തിച്ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നു ചികിത്സയിലായിരുന്ന ബീയാറിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് 2.40നു ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

സോപാന സംഗീതകാരൻ മങ്കൊമ്പ് മായാസദനത്തിൽ പരേതനായ മങ്കൊമ്പ് ബാലകൃഷ്ണപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് ബി.രാജേന്ദ്രപ്രസാദ് എന്ന ബീയാർ പ്രസാദ്. നാടകാഭിനയത്തിലൂടെയും നാടകരചനയിലൂടെയുമാണ് കലാരംഗത്തെത്തിയത്. പിന്നീട് ടിവി അവതാരകനും ചലച്ചിത്ര ഗാനരചയിതാവുമായി.

അറുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട് ബീയാര്‍ പ്രസാദ്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് അദ്ദേഹം സിനിമാ ഗാനരചയിതാവായത്. കിളിച്ചുണ്ടൻ മാമ്പഴം, ജലോത്സവം, വെട്ടം, സീതാകല്യാണം, പാതിരാമണൽ, സ്വർണം, വീരാളിപ്പട്ട്, ബംഗ്ലാവിൽ ഔത, ഹായ്, ക്യാംപസ്, ഞാൻ സൽപ്പേര് രാമൻകുട്ടി, വാമനപുരം ബസ് റൂട്ട്, മഹാസമുദ്രം, ഇവർ, ലങ്ക, ഒരാൾ, കുഞ്ഞളിയൻ തുടങ്ങിയ സിനിമകൾക്കാണ് ബീയാർ പ്രസാദ് ഗാനങ്ങളെഴുതിയത്.‌ കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബീയാര്‍ പ്രസാദ് 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്.