പൈന്റ് വാങ്ങാൻ ബിവറേജിലെത്തിയവർ സിനിമാ നടൻന്മാരായി
സ്വന്തം ലേഖകൻ
ആലപ്പുഴ: കലവൂർ പാതിരപ്പള്ളിയിൽ ഒരൊറ്റരാത്രികൊണ്ട് പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ്. വിവരമറിഞ്ഞവരെല്ലാം രാവിലെ തന്നെ ഓടിയെത്തി. ഔട്ട്‌ലെറ്റിന്റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ലെങ്കിലും ഒരു പൈൻഡ് എങ്കിലും വാങ്ങിപ്പോകാമെന്ന പ്രതീക്ഷയിൽ പലരും ക്യൂവിൽ അണിചേർന്നു. പക്ഷേ, പുതിയ ബീവറേജ് ഔട്ട്‌ലെറ്റിലേക്ക്സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാംഎത്തിയതോടെ സീനാകെ മാറി. അപ്പോഴാണ് പലരും ബീവറേജ് ഔട്ട്‌ലെറ്റിലേയ്ക്ക് ഒന്നുകൂടി നോക്കിയത്. അതോടെ പണിപാളിയത് മനസ്സിലാക്കി പലരും വലിഞ്ഞു.
കഴിഞ്ഞദിവസം പാതിരപ്പള്ളിയിൽ സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് പലരും ഇളിഭ്യരായസംഭവമുണ്ടായത്. ജയറാം നായകനായ ഗ്രാൻഡ് ഫാദർ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇവിടെ ബീവറേജ് ഔട്ട്‌ലെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറി നല്ല ഒറിജിനൽ ബീവറേജ് ഔട്ട്‌ലെറ്റാക്കി മാറ്റുകയായിരുന്നു സിനിമയുടെ അണിയറപ്രവർത്തകർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യഥാർഥ ബീവറേജിനെ അനുസ്മരിപ്പിക്കുന്നവിധം അതേബോർഡുകളും വിലവിവരപ്പട്ടികയും എന്തിനേറെ കൗണ്ടറുകൾക്ക് പുറത്തുള്ള കമ്പിവേലി വരെ സിനിമാ ചിത്രീകരണത്തിനായി തയ്യാറാക്കിയിരുന്നു. ഇതെല്ലാം കണ്ടതോടെയാണ് സംഭവം ഒറിജിനലാണെന്ന് വിചാരിച്ച് പലരും രാവിലെ മുതൽ വരിനിൽക്കാൻ തുടങ്ങിയത്. എന്നാൽ അല്പസമയത്തിനുശേഷം സംഭവം ഷൂട്ടിങാണെന്ന് മനസിലായതോടെ എല്ലാവരും കളമൊഴിഞ്ഞു. തുടർന്നാണ് സിനിമാ ചിത്രീകരണവും ആരംഭിച്ചത്.
ഹാസ്യനടൻ ധർമജൻ ബോൾഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് പാതിരപ്പള്ളിയിൽ ചിത്രീകരിച്ചത്. കുപ്പി വാങ്ങാൻ വന്ന് നിരാശരായവർക്ക് കുപ്പി കിട്ടിയില്ലെങ്കിലും സിനിമയിൽ മുഖം കാണിക്കാൻ അവസരവും ലഭിച്ചു. രാവിലെ അച്ചടക്കത്തോടെ വരിനിന്ന് ചമ്മിപ്പോയവർ പലരും അതേനിൽപ്പ് തന്നെയാണ് സിനിമയിലും അഭിനയിച്ചത്