
485 കോടിയുടെ ബിറ്റ് കോയിൻ ഇടപാട്: യുവാവിനെ തല്ലിക്കൊന്ന കൂട്ടുകാർ വിരൽ മുറിച്ചു മാറ്റി; മരിച്ച മലയാളി യൂവാവിന്റെ വിരലിൽ ഒളിച്ചിരിക്കുന്നത് കോടികളുടെ രഹസ്യം; സത്യം കണ്ടെത്താൻ കേരള പൊലീസ് ഇടപെടണമെന്ന് ബന്ധുക്കൾ
സ്വന്തം ലേഖകൻ
കൊച്ചി: 485 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ ഡെറാഡൂണിൽ കൊലപ്പെടുത്തിയ് ബിസിനസ് പങ്കാളികളായ സുഹൃത്തുക്കൾ യുവാവിന്റെ കൈവിരൽ അറുത്തുമാറ്റി. മലപ്പുറം വടക്കൻപാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്ദുൽ ഷുക്കൂറിന്റെ (24) വിരലാണ് പ്രതികൾ അറുത്തെടുത്തു മാറ്റിയത്. ബാക്ക് ലോക്കറിന്റെയും, ഷുക്കൂറിന്റെ ബിറ്റ് കോയിൻ ഇടപാടുകളുടെയും വിവരങ്ങൾ ഈ വിരൽ ഉപയോഗിച്ച് തുറക്കാൻ സാധിക്കുന്ന രഹസ്യ സങ്കേതങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് പ്രതികൾ ഷുക്കൂറിന്റെ വിരൽ അറുത്തു മാറ്റിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരുന്നതിനായി കേരള പൊലീസ് തന്നെ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. എന്നാൽ, സംസ്ഥാനത്തിന് പുറത്ത് ഡെറാഡൂണിൽ നടന്ന കൊലപാതകത്തിൽ എങ്ങിനെ ഇടപെടാനാവുമെന്നാണ് മലപ്പുറം പൊലീസിന്റെ സംശയം.
ബിറ്റ്കോയിൻ ബിസിനസ് പൊളിഞ്ഞതിന് പിന്നാലെ പങ്കാളികൾക്കൊപ്പം ഡെറാഡൂണിലേക്ക് മുങ്ങിയ ഷുക്കൂറിനെ ഇവിടെവച്ചുണ്ടായ തർക്കത്തെ തുടർന്നാണ് മലയാളികളായ പത്തുപേർ ചേർന്ന് കൊലപ്പെടുത്തിയതെന്ന് ഡെറാഡൂൺ പൊലീസ് പറഞ്ഞു. മരിച്ചതറിയാതെ ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ചുപേരെ ഡെറാഡൂൺ പൊലീസ് തൊട്ടടുത്തദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി സ്വദേശികളായ ആഷിഖ്, അർഷാദ്, ഷിഹാബ്, മുനീഫ്, യാസിൻ, സുഫൈൽ മിക്തർ, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്നൂൺ, സി.അരവിന്ദ്, അൻസിഫ് അലി എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് മുമ്പോ ശേഷമോ പ്രതികൾ ഷുക്കൂറിന്റെ വിരലടയാളം എടുത്തിട്ടുണ്ടാവാമെന്ന് മാതാവ് എം.പി.സക്കീന ഡി.ജി.പിക്കു നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ: ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയവർ ആധാർ കാർഡ്, ബിസിനസ് രേഖകൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവയും കൊണ്ടുപോയിരുന്നു. വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് എടുത്തുമാറ്റി. ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്ബ് പേപ്പറുകളിലും നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തിട്ടുണ്ട്. ഷുക്കൂർ മുഖേന തീർക്കേണ്ട ചില ഇടപാടുകളുണ്ടെന്നും കൂടെപ്പോയില്ലെങ്കിൽ എല്ലാ ബാദ്ധ്യതകളും ഷുക്കൂർ ഏൽക്കേണ്ടി വരുമെന്നും തട്ടിക്കൊണ്ടുപോയവർ പറഞ്ഞു. പരാതി കൊടുത്താൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കേസ് കൊടുക്കാതിരുന്നത്.
ഒരുവർഷത്തോളമായി പലരുടേയും ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും അനുവാദം കൂടാതെ പലരും വീട്ടിൽ വന്നു താമസിക്കുകയും പണമിടപാട് സംബന്ധിച്ച് പ്രശ്‌നങ്ങളുന്നയിക്കുകയും ചെയ്തു. ഷുക്കൂറിനെ കൊണ്ടുപോയവർ മലയാളികളായതിനാൽ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് കേരള പൊലീസ് അന്വേഷിക്കണമെന്ന് കുടുംബവും നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസിൽ അഞ്ചു പേരെ ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾ ഒളിവിലാണ്.
ഒരുവർഷം മുമ്പ് ബിറ്റ്കോയിന്റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. മൂന്നുവർഷമായി കാസർകോട് കേന്ദ്രീകരിച്ചാണ് ഷുക്കൂർ പ്രവർത്തിച്ചിരുന്നത്. നിക്ഷേപകരിൽ നിന്നുള്ള ഭീഷണിക്ക് പിന്നാലെ ആഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒമ്പത്‌പേരും ഡെറാഡൂണിൽ വിദ്യാർത്ഥിയായ സുഹൃത്ത് യാസീനിന്റെ അടുക്കലേക്ക് പോയി. തന്റെ ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽ നിന്ന് നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പങ്കാളികളോട് ഷുക്കൂർ പറഞ്ഞു. കോടികൾ വിലയുള്ള ബിറ്റ്കോയിൻ ഇപ്പോഴും ഷുക്കൂറിന്റെ പക്കലുണ്ടെന്നും പാസ്വേഡ് കണ്ടെത്തി പണം സ്വന്തമായി കൈപ്പറ്റാനുമാണ് ഷുക്കൂറിന്റെ ശ്രമമെന്നും പങ്കാളികൾ വിശ്വസിച്ചു. ആഗസ്റ്റ് 26ന് യാസിനിന്റെ ഡെറാഡൂണിലെ വാടകവീട്ടിൽ ഷുക്കൂറിനെ കസേരയോടു ചേർത്തു കെട്ടിയിട്ടശേഷം ഇവർ ക്രൂരമർദ്ദനമാരംഭിച്ചു. ഇതു മൂന്നുദിവസം വരെ തുടർന്നിട്ടും ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ലഭിച്ചില്ല. മർദ്ദനത്തെ തുടർന്ന് ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും തുടർന്ന് അഞ്ചുപേർന്ന് രാത്രിയോടെ ആശുപത്രിയിലെത്തിച്ചു. ഷുക്കൂർ മരിച്ചതറിഞ്ഞതോടെ മുങ്ങിയ ഇവരെ സിസി ടിവി ദൃശ്യങ്ങളും ആശുപത്രി രേഖയിലെ വിവരങ്ങൾ പ്രകാരവും പിടികൂടുകയായിരുന്നു. മറ്റ് അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഡെറാഡൂൺ പൊലീസ് അറിയിച്ചു. ഇന്നലെ ഡെറാഡൂണിലെത്തിയ ബന്ധുക്കൾ ഷുക്കൂറിന്റെ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ട് നാട്ടിലെത്തിച്ചു വടക്കൻ പാലൂർ ജുമാമസ്ജിദിൽ ഖബറടക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
