സഭയിൽ വീണ്ടും പിടിമുറുക്കി ഫ്രാങ്കോ ബിഷപ്പ്: കന്യാസ്ത്രീകളെ പലയിടത്തേയ്ക്ക് സ്ഥലം മാറ്റി; പോരാടാനുറച്ച് സിസ്റ്റർ അനുപമയും സംഘവും

സഭയിൽ വീണ്ടും പിടിമുറുക്കി ഫ്രാങ്കോ ബിഷപ്പ്: കന്യാസ്ത്രീകളെ പലയിടത്തേയ്ക്ക് സ്ഥലം മാറ്റി; പോരാടാനുറച്ച് സിസ്റ്റർ അനുപമയും സംഘവും

സ്വന്തം ലേഖകൻ

കൊച്ചി: ജയിലിൽ കിടന്നെങ്കിലും , പീഡനക്കേസിൽ കുടുങ്ങിയെങ്കിലും ജലന്ധർ രൂപതയിൽ ബിഷപ്പ് ഫ്രാങ്കോ തന്നെ രാജാവ്. സഭയിലെ മേധാവിത്വം ഉറപ്പിച്ച ഫ്രാങ്കോ തനിക്കെതിരെ നിന്ന കന്യാസ്ത്രീമാരെ പല വഴി പറപ്പിച്ചു. എന്നാൽ , സഭയുടെ പദവിയ്ക്കും പണത്തിനും പദവിയ്ക്കും മുട്ട് മടക്കാതെ പോരാടാൻ ഒരുങ്ങിത്തന്നെയാണ് കന്യാസ്ത്രീകൾ.
ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അ‍ഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റി.
സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ,ആൽഫി, നീന റോസ് എന്നിവര്‍ക്കെതിരെയാണ് പ്രതികാരനടപടി. മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
സമരനേതാവ് സിസ്റ്റർ അനുപമയെ പ‌ഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
എന്നാല്‍ സ്ഥലമാറ്റിയ സഭയുടെ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകള്‍. സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്നും കുറുവിലങ്ങാട് മഠത്തിൽ നിന്ന് ഒഴിയില്ലെന്നും നടപടിയ്ക്ക് വിധേയരായ കന്യാസ്ത്രീകൾ പ്രതികരിച്ചു. കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുർബലമാക്കാനെന്നും അവര്‍ ആരോപിക്കുന്നു. ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉത്തരവ് ജനുവരി പത്തിനാണ് ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് കൈമാറിയത്. ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ നിലവില്‍ സ്ഥലം മാറ്റിയിട്ടില്ല.
ഇതിനിടെ നടപടിയിൽ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ.
കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോവില്ലെന്നും കേരളത്തിന് പുറത്തേക്ക് മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.
കേസ് തീരാതെ ഇവിടെ നിന്ന് പോകില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് ഇപ്പോള്‍ കാണിക്കുന്നത്.