ബിഷപ്പ് ഫ്രാങ്കോ കേസിൽ കുറ്റപത്രം തയ്യാറായി: ബിഷപ്പുമാരും കന്യാസ്ത്രീകളും സാക്ഷികൾ: പത്ത് വർഷം വരെ തടവ് ലഭിക്കാം
സ്വന്തം ലേഖകൻ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസ്സിൽ പഴുതടച്ച കുറ്റപത്രം തയ്യാറാക്കി പ്രോസിക്യൂഷൻ. കന്യാസ്ത്രീ പരാതിക്കാരി ആയ കേസിൽ ബിഷപ്പ് പ്രതിയായി കോടതിയിൽ വിചാരണ നേരിടുവാൻ പോകുന്നു എന്ന രീതിയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ആദ്യത്തെ കേസ്സിൽ പ്രതിക്ക് എതിരെ അക്കമിട്ട് തെളിവുകൾ നിരത്തിയാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്.
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗൽപൂർ രൂപത ബിഷപ്പ് കുര്യൻ വലിയ കണ്ടത്തിൽ, ഉജ്ജയിൽ രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ അടക്കം നാല് ബിഷപ്പുമാരും, ഇരുപത്തിയഞ്ച് കന്യാസ്ത്രീകളും, പതിനൊന്ന് വൈദികരും അടക്കം 83 സാക്ഷികൾ ആണ് പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രത്തിൽ ഉള്ളത്.
പ്രധാനപ്പെട്ട 10 സാക്ഷിക ളുടെ മൊഴികൾ മജിസ്ട്രേറ്റുമാർ രേഖപ്പെടുത്തിയിട്ടുണ്ട്. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ 7 മജിസ്ട്രേറ്റുമാരും സാക്ഷികളാണ്. കുറ്റപത്രത്തോടൊപ്പം 101 രേഖകളും കോടതിയിൽ ഹാജരാക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 342,376(2) (കെ),376(2)(എൻ), 376 (സി)(എ),377,506(1) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് പ്രതിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ജീവിതകാലം മുഴുവനുമോ,10 വർഷത്തിലധികമോ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ആണ് പലതും.
സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിലേക്കായി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത് കൂടാതെ മുഴുവൻ സാക്ഷികളുടെ മൊഴികളും വീഡിയോ റിക്കോർഡിങ്ങ് നടത്തുകയും ചെയ്തിട്ടുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി കുറ്റപത്രത്തോടൊപ്പം സമർപ്പിക്കുന്ന റിപ്പോർട്ടിൽ പ്രതിക്ക് എതിരെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ കുറ്റപത്രത്തിനുണ്ട്. ഒരു മതമേലധികാരി തന്റെ കീഴിലുള്ള കന്യാസ്ത്രീയുടെ പരാതിയിൽ വിചാരണ നേരിടുന്ന ആദ്യ കേസ് എന്ന നിലയിൽ വളരെ സൂക്ഷ്മമായും, വസ്തുതാപരമായും തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ കുറ്റപത്രം തയ്യാറാക്കിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജിതേഷ് ജെ.ബാബുവിന്റെയും, അന്വേഷണത്തിന് നേതൃത്വം നൽകിയ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് അന്തിമ കുറ്റപത്രം തയ്യാറാക്കിയത്.
വൈക്കം ഡിവൈ.എസ്.പി കെ.സുബാഷ്, എസ്.ഐ എം.പി.മോഹൻദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സി.ഐമാരായ പി.വി മനോജ് കുമാർ, കെ.എസ്.ജയൻ, സിവിൽ പോലീസ് ഓഫീസർ പി.വി.അനിൽകുമാർ, വനിത പോലീസ് ഓഫീസർ കെ.ജി.ശ്രീജ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തീകരിച്ചത്.
അഞ്ച് വാല്യങ്ങളിലായി മൊഴികളും രേഖകളും ഉൾപ്പെടെ 2000 പേജുകൾ വരുന്ന കുറ്റപത്രമാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.
സെക്ഷൻ
സെക്ഷൻ 342: അന്യായമായി തടഞ്ഞു വെച്ചതിൽ വച്ച്… ഒരു വർഷം കഠിന തടവും പിഴയും
സെക്ഷൻ 376(സി)(എ): അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക
5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ്
സെക്ഷൻ 377: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം… പത്തു വർഷത്തിൽ കുറയാത്ത ജീവപര്യന്തം തടവും പിഴയും
സെക്ഷൻ 506(1): ഭീഷണിപ്പെടുത്തൽ… 7 വർഷം കഠിന തടവ്
സെക്ഷൻ 376(2)(കെ): മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിൽ വെച്ച്…. 7 വർഷത്തിൽ കുറയാത്ത ജീവപര്യന്തം കഠിന തടവും പിഴയും
സെക്ഷൻ 376(2)(എൻ): ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുന്നതിൽ വെച്ച്… പത്തു വർഷത്തിൽ കുറയാതെ ജീവപര്യന്തം തടവും പിഴയും