video
play-sharp-fill
ബിഷപ്പിന്റെ പീഡനം: മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ; അറസ്റ്റ് ഒഴിവാക്കാനാവാതെ പൊലീസ്; അടുത്ത അഴ്ച ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തിയേക്കും

ബിഷപ്പിന്റെ പീഡനം: മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ; അറസ്റ്റ് ഒഴിവാക്കാനാവാതെ പൊലീസ്; അടുത്ത അഴ്ച ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തിയേക്കും

സ്വന്തം ലേഖകൻ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനുള്ള പൊലീസിന്റെയും സഭയുടെയും ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തുന്നില്ല. പൊലീസിന്റെയും സഭയുടെയും ശ്രമങ്ങളെല്ലാം വൃഥാവിലാക്കി കന്യാസ്ത്രീ തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയും, തുടർ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തതോടെയാണ് സഭയും പൊലീസും വെട്ടിലായിരിക്കുന്നത്. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വെള്ളിയാഴ്ച അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ പല തവണ പൊട്ടിക്കരഞ്ഞ കന്യാസ്ത്രി, തനിക്ക് നേരിട്ട ലൈംഗിക വൈകൃതങ്ങൾ തുറന്നു പറയുകയും ചെയ്തു. കോടതിയിൽ നൽകിയ രഹസ്യമൊഴി തന്നെ അന്വേഷണ സംഘത്തിനു മുന്നിൽ രണ്ടാം തവണയും കന്യാസ്ത്രീ തുറന്നു പറഞ്ഞതോടെ ബിഷപ്പിന്റെ അറസ്റ്റല്ലാതെ പൊലീസിനു മറ്റു മാർഗങ്ങളില്ലാതെയായി. അടുത്ത ആഴ്ച ബിഷപ്പിനെ കോട്ടയത്തേയ്ക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചോദ്യം ചെയ്യുന്നതിനാണ് ഇപ്പോൾ പൊലീസ് സംഘം ആലോചിക്കുന്നത്.
കന്യാസ്ത്രീ പീഡനത്തിനു ഇരയായ മെയ് 15 നു മഠത്തിൽ എത്തിയിരുന്നില്ലെന്നാണ് ബിഷപ്പ് ഫ്രാങ്കോ പൊലീസിനു നൽകിയിരുന്ന മൊഴി. എന്നാൽ, ഇത് തെറ്റാണെന്ന് കാര്യ കാരണ സഹിതം കന്യാസ്ത്രീ നൽകിയ മൊഴിയിൽ വ്യക്തമാകുന്നു. ഇവർ പറഞ്ഞ സാഹചര്യ തെളിവുകളും, ബിഷപ്പിന്റെ ടവർ ലൊക്കേഷനും എല്ലാം ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തിൽ എത്തിയതിനു മഠത്തിലെ രേഖകളും, വാഹന രജിസ്റ്ററും ഒപ്പം മഠത്തിൽ നിന്നു ബിഷപ്പ് ചെയ്ത ഫോൺ കോളുകളും തെളിവായി മാറും. സംഭവ ദിവസം ബിഷപ്പ് മഠത്തിലുണ്ടായിരുന്നു എന്നു തെളിയിക്കുന്ന മൊബൈൽ ടവർ ലൊക്കേഷനും പൊലീസിനു ലഭിച്ചിട്ടുണ്ട്.
13 തവണ തന്നെ പീഡിപ്പിച്ചതിൽ പലതും പ്രകൃതി വിരുദ്ധ പീഡനമായിരുന്നെന്നും കന്യാസ്ത്രീ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തുന്നു. പീഡനം സംബന്ധിച്ചു പല തവണ കർദിനാളിനോടും, സഭയിലെ മുതിർന്ന വൈദികരോടും വെളിപ്പെടുത്തിയിരുന്നു. ഇവർ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്നും, പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പൊലീസിൽ പരാതി കൊടുത്തതെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു.
കന്യാസ്ത്രീയുടെ രഹസ്യമൊഴിയും വെളിപ്പെടുത്തലും പുറത്തു വന്നതോടെ പൊലീസ് കൂടുതൽ പ്രതിരോധത്തിലായി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇനിയും അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളിച്ചാൽ പൊലീസിനു കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നേയ്ക്കും. ഇതിനിടെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ച് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച ബിഷപ്പിനെ കോട്ടയത്തേയ്ക്ക് വിളിച്ചു വരുത്താൻ പൊലീസ് ആലോചിക്കുന്നത്.