play-sharp-fill
ബിഷപ്പ് ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷ; അറസ്റ്റ് തടഞ്ഞിട്ടില്ല; അറസ്റ്റു ചെയ്യാൻ തടസ്സവുമില്ല

ബിഷപ്പ് ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷ; അറസ്റ്റ് തടഞ്ഞിട്ടില്ല; അറസ്റ്റു ചെയ്യാൻ തടസ്സവുമില്ല

സ്വന്തം ലേഖകൻ

കൊച്ചി: കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റിവച്ചു. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അടിയന്തരമായി ഹർജി പരിഗണിക്കണം എന്ന് ജാമ്യാപേക്ഷയിൽ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അറസ്റ്റ തടയണമെന്ന ആവശ്യം ബിഷപ്പിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഉന്നയിച്ചുമില്ല. ഇത് അറസ്റ്റ് ഉണ്ടാവില്ലെന്ന് ഏതെങ്കിലും ഭാഗത്തുനിന്ന് ലഭിച്ച ഉറപ്പിന്മേലാകാനും സാധ്യതയുണ്ട്.അതേസമയം അറസ്റ്റിന് തടസ്സമില്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തിരക്കിട്ട് അറസ്റ്റ് വേണ്ട എന്നൊരു തീരുമാനം വേണമെങ്കിൽ അന്വേഷണ സംഘത്തിന് എടുക്കാം. സാധാരണ ഹൈക്കോടതിയിൽ ഇരിക്കുന്ന കേസിൽ തീരുമാനം ഉണ്ടാകുന്നതുവരെ അറസ്റ്റ് ഒഴിവാക്കുകയാണ് പതിവ്. ഹർജിയിന്മേൽ കോടതി വ്യക്തമായൊരു നിലപാട് പറയാത്ത സാഹചര്യത്തിൽ അന്വേഷണസംഘത്തിന്റെ നിലപാട് നിർണ്ണായകമാണ്. എന്നാലും ഹർജി വീണ്ടും പരിഗണിക്കുന്ന 25 വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് ബിഷപ്പിനും സഭയ്ക്കും പ്രതീക്ഷയുണ്ട്. ബുധനാഴ്ച രാവിലെ പത്തുമണിക്ക് വൈക്കം ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരാകാനാണ് ബിഷപ്പിന് കിട്ടിയിരിക്കുന്ന നിർദ്ദേശം.