play-sharp-fill
ഞാൻ പ്രളയത്തിൽപ്പെട്ടു: പക്ഷേ വിദഗ്ധമായി നീന്തി രക്ഷപെട്ടു; ഫ്രാങ്കോ മുളയ്ക്കൻ; രക്ഷയായത് പൊലീസിന്റെ രക്ഷാപ്രവർത്തനം

ഞാൻ പ്രളയത്തിൽപ്പെട്ടു: പക്ഷേ വിദഗ്ധമായി നീന്തി രക്ഷപെട്ടു; ഫ്രാങ്കോ മുളയ്ക്കൻ; രക്ഷയായത് പൊലീസിന്റെ രക്ഷാപ്രവർത്തനം

ശ്രീകുമാർ

കോട്ടയം: മലയാള നാട് കണ്ട നൂറ്റാണ്ടിലെ പ്രളയത്തിൽ മുങ്ങിയെങ്കിലും അതി വിദഗ്ധമായി രക്ഷപെട്ടത് ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ്. ബിഷപ്പിന്റെ പീഡനപ്പരാതി മാധ്യമങ്ങളിൽ കത്തി നിന്ന സമയത്താണ് പ്രളയം കേരളത്തെ മുക്കിയത്. ഇതിനൊപ്പം ബിഷപ്പിന്റെ പീഡനപ്പരാതിയും ഒഴുകി അറബിക്കടലിൽ വീണു. മാധ്യമങ്ങൾ ബിഷപ്പിനു പിന്നാലെയുള്ള ഓട്ടം അവസാനിപ്പിച്ച് പ്രളയജലത്തിൽ നീന്താൻ തുടങ്ങിയതോടെ പൊലീസും ബിഷപ്പിനെ വിട്ടു. ജലന്ധറിൽ പോയി ബിഷപ്പിന്റെ മൊഴിയെടുത്ത പൊലീസ് സംഘം, പിന്നെ ഒരു നടപടിയും എടുത്തില്ല. ഇതോടെ കേസും കേസ് ഫയലും വെള്ളത്തിലായി. കന്യാസ്ത്രീയുടെ പരാതിപ്രളയത്തിൽ ഒന്നു മുങ്ങി നിവർന്നെങ്കിലും പൊലീസിന്റെ രക്ഷാപ്രവർത്തനം ബിഷപ്പിനു തുണയായി.

ജൂലായ് ആദ്യ വാരത്തിലാണ് കുറവിലങ്ങാട്ടെ മഠത്തിൽവച്ചടക്കം 13 തവണ പ്രകൃതി വിരുദ്ധ രീതിയിൽ അടക്കം തന്നെ ബിഷപ്പ് പീഡിപ്പിച്ചെന്നായിരുന്നു ജലന്ധറിലെ തന്നെ കന്യാസ്ത്രീയുടെ മൊഴി. കന്യാസ്ത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പൊലീസ് ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സാധരണ ഗതിയിൽ ഒരു യുവതിയുടെ പീഡനപരാതി ലഭിച്ചാൽ ഉടൻ തന്നെ പ്രതിയാക്കപ്പെട്ടയാളെ അറസ്റ്റ് ചെയ്യാറുള്ള പൊലീസ് ബിഷപ്പിനെതിരെ യാതൊരു വിധനടപടിയും എടുത്തില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനോ, കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ഒന്ന് ചോദ്യം ചെയ്യാൻ പോലുമോ പൊലീസ് തയ്യാറായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മർദം ശക്തമായതോടെ ബിഷപ്പിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും ബലാത്സംഗത്തിനും പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് കന്യാസ്ത്രീയെ വൈദ്യപരിശോനയ്ക്കു വിധേയമാക്കിയപ്പോൾ പീഢനം നടന്നതായി തെളിയുകയും ചെയ്തു.
തുടർന്നു കന്യാസ്ത്രി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കുന്ന ജോലി പൊലീസ് തുടങ്ങി. കന്യാസ്ത്രീയുടെ മൊഴിയിൽ പറഞ്ഞ പ്രകാരം ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തെതുടർന്ന് സഭ വിട്ടു പോയ കന്യാസ്ത്രീമാർ അടക്കമുള്ളവരെ പൊലീസ് സമീപിച്ചു. തുടർന്ന് ഇവരിൽ നിന്നും പൊലീസ് സംഘം മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയിൽ പറയുന്ന പ്രകാരം പീഡനം നടന്ന സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തി. ഈ സമയം പ്രതിയായ ബിഷപ്പും കന്യാസ്ത്രീയും ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ ബിഷപ്പിനെതിരെ ശേഖരിക്കാൻ സാധിക്കുന്ന തെളിവുകളെല്ലാം പൊലീസ് ശേഖരിച്ചു. എന്നാൽ, ഉന്നതങ്ങളിൽ നിന്നുള്ള അതിഭയങ്കരമായ സമ്മർദം കേസിന്റെ തുടക്കം മുതൽ തന്നെ പൊലീസിനുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ മുതൽ തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ അദൃശ്യമായ കരങ്ങൾ പ്രവർത്തിച്ചിരുന്നു. ഇതിനിടെ കുറവിലങ്ങാട്ടെ മഠത്തിൽ എത്തി, കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കുറവിലങ്ങാട് എസ്.ഐ ഷിന്റോ പി.കുര്യനെ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റുന്നതിൽ വരെ കാര്യങ്ങൾ എത്തി.
തുടക്കം മുതൽതന്നെ കേസ് ഒതുക്കി തീർക്കാൻ പലതരത്തിലുള്ള സമ്മർദ്ദങ്ങളുമായി കന്യാസ്ത്രീയേയും കുടുംബത്തേയും രാഷ്ട്രീയ നേതാക്കന്മാരും സഭയും സമീപിച്ചിരുന്നു. എന്നാൽ വിട്ടു വീഴ്ച ചെയ്യാതെ തനിക്ക് പറ്റിയത് ഇനിയാർക്കും ഉണ്ടാകരുതെന്ന നിലപാടിൽ കന്യാസ്ത്രീ ഉറച്ചു നിന്നതോടെയാണ് കേസിന്റെ ഗതി മാറിയത്. പരാതിയിൽ ഉറച്ചു നിന്ന കന്യാസ്ത്രീമാർക്ക് ഭൂമിയും മഠവും കോടികളും വരെ വാഗ്ദാനം ചെയ്യപ്പെട്ടു. എന്നിട്ടും, ഇവർ നിലപാടിൽ തന്നെ ഉറച്ചു നിന്നു. തുടർന്നാണ് പൊലീസ് സംഘം ബിഷപ്പിന്റെ മൊഴിയെടുക്കാൻ ജലന്ധറിലേയ്ക്ക് തിരിച്ചത്. കന്യാസ്ത്രീമാർ കേസിൽ നിന്നും വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാട് വന്നതോടെ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നുവരെ പ്രചാരണമുണ്ടായി. എന്നാൽ, ഇതിനൊന്നും പൊലീസിനു ധൈര്യമുണ്ടായിരുന്നില്ല. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദം തന്നെയായിരുന്നു കാരണം. മാധ്യമങ്ങൾ വാർത്തയുമായി പിന്നാലെ നടക്കുകയും, കന്യാസ്ത്രീ പരാതിയിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ പൊലീസ് ജലന്ധറിൽ എത്തി ബിഷപ്പിനെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ബിഷപ്പിന്റെ ഗുണ്ടകൾ ഇതിനിടെ മാധ്യമങ്ങളെ ആക്രമിക്കുകവരെ ചെയ്തു. ഇതോടെയാണ് മാധ്യമങ്ങൾ പൂർണമായും ബിഷപ്പിന് എതിരായി. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്ത് മലയാളത്തിലെ പ്രമുഖചാനലുകളെല്ലാം ചർച്ച സംഘടിപ്പിക്കുകയും, വിമർശനവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇത്തരത്തിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷികമായി കേരളത്തിൽ മഴയും പ്രളയക്കെടുതിയും എത്തിയത്.
മാധ്യമങ്ങൾ മഴയ്ക്കു പിന്നാലെ പോയതോടെ പന്ത്രണ്ടു ദിവസത്തെ ജലന്ധർ വാസം അവസാനിപ്പിച്ച് വെറുംകയ്യോടെ പൊലീസ് സംഘം കേരളത്തിലേയ്ക്ക് മടങ്ങി. ബിഷപ്പിനെ ചോദ്യം ചെ്‌യ്‌തെങ്കിലും, അറസ്റ്റ് ചെയ്യാതിരുന്നതും മറ്റും മഴക്കെടുതിക്കിടെ മാധ്യമങ്ങളിൽ വാർത്ത ആയതുമില്ല. മാധ്യമങ്ങളുടെ പ്രധാന വാർത്തയിൽ നിന്നും മഴവന്ന് പുറത്താക്കിയ ആശ്വാസത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.