ബിഷപ്പിനെ കുടുക്കുന്ന നിർണ്ണായക തെളിവുകൾ പൊലീസിന്റെ പക്കൽ: രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം; അറസ്റ്റ് ഉടൻ എന്ന് സൂചന
തേർഡ് ഐ ബ്യൂറോ
തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുടുക്കാൻ പര്യാപ്തമായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ കയ്യിൽ ലഭിച്ചെന്ന് സൂചന. പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്ക് ലൈംഗിക താല്പര്യം പ്രകടിപ്പിച്ച് ബിഷപ്പ് അയച്ച സന്ദേശങ്ങൾ പൊലീസ് സംഘത്തിനു ഇവർ തന്നെ കൈമാറിയിട്ടുണ്ട്. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിലും, മൊബൈൽ ഫോണിലും സൂക്ഷിച്ചിരിക്കുന്ന സന്ദേശങ്ങൾ നിരത്തിയായിരുന്നു ബുധനാഴ്ച അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്തത്. ഈ സന്ദേശങ്ങളും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴിയും ലഭിച്ചതോടെ ബിഷപ്പിന്റെ അറസ്റ്റല്ലാതെ മറ്റു മാർഗങ്ങൾ പൊലീസ് സംഘത്തിനു മുന്നിലില്ലാതെയായി. ഇതോടെയാണ് വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറ്‌സ്റ്റ് ചെയ്‌തേക്കുമെന്ന സൂചന അന്വേഷണ സംഘം പുറത്ത് വിട്ടത്.
ബുധനാഴ്ച നടന്ന ചോദ്യം ചെയ്യലിൽ ആദ്യം സൗഹാർദപരമായാണ് ആരംഭിച്ചത്. ആദ്യ പത്ത് ചോദ്യങ്ങൾ കഴിഞ്ഞതോടെ തന്നെ ബിഷപ്പ് വിയർത്തു തുടങ്ങിയിരുന്നു. ഓരോ ചോദ്യത്തിനും മറുപടികളില്ലാതെ അറിയില്ല, എല്ലാം തെറ്റാണ് എന്ന മറുപടികൾ മാത്രമാണ് ബിഷപ്പ് നൽകിയത്. ഇതോടെ അന്വേഷണ സംഘം അടവ് മാറ്റി. ആദ്യം ബിഷപ്പെന്ന രീതിയിൽ പൊലീസ് മാന്യമായ രീതിയിൽ ചോദ്യം ചെയ്യൽ നടത്തിയെങ്കിലും, ഇദ്ദേഹം സഹകരിക്കാതെ വന്നതോടെയാണ് പൊലീസ് സംഘം അടവ് മാറ്റിയത്. ചോദ്യത്തിനൊപ്പം തെളിവുകളും കൂടി നിരത്തിയതോടെ ബിഷപ്പ് ഫ്രാങ്കോ വിയർത്തു. കന്യാസ്ത്രീയുടെ ആരോപണം തെറ്റാണെന്ന് സമർത്ഥിക്കാൻ പല തവണ ബിഷപ്പ് കാരണങ്ങൾ നിരത്തി. എന്നാൽ, ഇതെല്ലാം തെറ്റാണെന്ന് ബിഷപ്പിന്റെ തന്നെ മുൻ മൊഴികളും, സന്തതസഹചാരികളുടെ മൊഴികളും, ആധികാരികമായ രേഖകളും സഹിതം അന്വേഷണ സംഘം വാദിച്ചു. ഇതോടെ ബിഷപ്പിന്റെ സകല കണക്കുകൂട്ടലുകളും തെറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യത്തെ പത്ത് ചോദ്യത്തോടെ തന്നെ ബിഷപ്പ് എന്ന രീതിയിൽ നൽകിയിരുന്ന പരിഗണന അന്വേഷണ സംഘവും അവസാനിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലുമായി ആദ്യം മുതൽ സഹകരിക്കാതിരുന്ന ബിഷപ്പിനെ അതേ രീതിയിൽ തന്നെ കൈകാര്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ പിന്നീടുള്ള നീക്കങ്ങളെല്ലാം. ഇതോടെ ബിഷപ്പിന്റെ മൊഴികളെ കീറിമുറിച്ച് പൊലീസ് ശൈലിയിൽ തന്നെ ചോദ്യം ചെയ്യൽ പുരോഗമിച്ചു. മറുപടികളില്ലാതെ വിയർത്ത് കൈകൂപ്പിയ ബിഷപ്പിനെ കന്യാസ്ത്രീയ്ക്ക് അയച്ച സന്ദേശങ്ങളും, ഫോൺ വിളികളുടെ വിശദാംശങ്ങളും അന്വേഷണ സംഘം വായിച്ചു കേൾപ്പിച്ചു. ഇതോടെ ബിഷപ്പിന്റെ നിയന്ത്രങ്ങളെല്ലാം നഷ്ടപ്പെട്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു. ബുധനാഴ്ച അന്വേഷണവുമായി ബിഷപ്പ് സഹകരിച്ചില്ലെങ്കിലും നിർണ്ണായകമായ തെളിവുകളും, മൊഴികളും ബിഷപ്പിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ബിഷപ്പിനെതിരായ ആറു തെളിവുകൾ കൂടുതൽ ശക്തമാക്കുന്ന രീതിയിലുള്ള മൊഴിയാണ് ഇദ്ദേഹത്തിനു ലഭിച്ചത്. മാധ്യമങ്ങളോട് തനിക്കെതിരെ തെളിവില്ലെന്ന് ബിഷപ്പ് പല തവണ ആവർത്തിച്ചെങ്കിലും അന്വേഷണ സംഘം തെളിവുകൾ നിരത്തിയതോടെ സകല നിയന്ത്രണവും ബിഷപ്പിന് നഷ്ടമായത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ബിഷപ്പിനെ അന്വേഷണ സംഘം വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. രണ്ടാം ദിവസം ചോദ്യം ചെയ്യലിൽ എന്തെങ്കിലും അസാധാരണമായി സംഭവിച്ചെങ്കിൽ മാത്രമേ അറസ്റ്റ് വെള്ളിയാഴ്ചയിലേയ്ക്ക് നീങ്ങുകയുള്ളൂ.