ഫ്രാങ്കോക്കേസിനു പിന്നാലെ കന്യാസ്ത്രീപ്പട്ടം ഉപേക്ഷിച്ച് വിവാഹം കഴിച്ചു: യുവതിയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ഒരു വിഭാഗം; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ സാമൂഹ്യ വിരുദ്ധർ; പരാതിയുമായി കുടുംബം
സ്വന്തം ലേഖകൻ
കോട്ടയം: സഭയുടെ ചട്ടങ്ങളും നിയമങ്ങളും ഒന്നും ലംഘിക്കാതെ വ്യവസ്ഥാപിത മാർഗത്തിലൂടെ തന്നെ തിരുവസ്ത്രം ഉപേക്ഷിച്ചിട്ടും കന്യാസ്ത്രീയ്ക്ക് നേരെ സോഷ്യൽ മീഡിയ അതിക്രമം. ഒരു വർഷം മുൻപ് സഭയിൽ നിന്നും പുറത്തിറങ്ങി, വിവാഹം കഴിച്ച യുവതിയ്ക്ക് നേരെയാണ് ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് സാമൂഹ്യ വിരുദ്ധ സംഘം പ്രചാരണം നടത്തുന്നത്. അപകീർത്തികരമായ പ്രചാരണം അതിരൂക്ഷമായതോടെ യുവതിയും ഭർത്താവും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും, വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
കന്യാസ്ത്രീ വേഷത്തിലും വിവാഹ വേഷത്തിലും നിൽക്കുന്ന ചിത്രങ്ങൾ ഒന്നിച്ച് ചേർത്ത് വച്ച് ഇതിനു താഴെ മോശം പരമാർശങ്ങളോടെ അതിക്രമ സന്ദേശങ്ങളാണ് അക്രമി സംഘം പ്രചരിപ്പിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡന ആരോപണങ്ങൾ ഉയരുന്ന സമയത്ത് തന്നെയാണ് പാലാ സ്വദേശിനിയും അദ്ധ്യാപികയുമായ യുവതി തിരുവസ്്ത്രം ഉപേക്ഷിച്ചത്. തിരച്ചും വ്യക്തിപരമായ കാരണങ്ങളാൽ സഭയുടെ പൂർണ അനുമതിയോടെയാണ് 32 കാരി സഭാ വസ്ത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചതും. യുവതിയുടെ കത്ത് ലഭിച്ച മാർപ്പാപ്പയും, സഭാ അധികൃതരും ഇതു സംബന്ധിച്ച് അംഗീകാരം നൽകുകയും ചെയ്തു. മാതാപിതാക്കളും ബന്ധുക്കളും അടക്കമുള്ളവർ ഇതിനു വേണ്ടി പിൻതുണയും നൽകി. ഇതിനു ശേഷമാണ് ഇവർ സഭ വിട്ടതും വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചതും. കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചെങ്കിലും സഭയുടെ തന്നെ സ്‌കൂളിൽ അദ്ധ്യാപികയായി ഇവർ ജോലി നോക്കുകയായിരുന്നു.
ഇതിനിടെയാണ് മറ്റൊരു അദ്ധ്യാപകനും പാലാ സ്വദേശിയുമായ യുവാവുമായി ഇവരുടെ വിവാഹം ഉറപ്പിച്ചത്. ജനുവരിയിൽ വിവാഹ നിശ്ചയവും ഫെബ്രുവരിയിൽ വിവാഹവും നടന്നു. ഇതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന അപകീർത്തികരമായ പ്രചാരണം ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. കന്യാസ്ത്രീ വേഷയത്തിൽ യുവതി നിൽക്കുന്ന ചിത്രത്തോടൊപ്പം, ഇരുവരുടെയും വിവാഹ ഫോട്ടോ വച്ച ശേഷം സഭയിൽ നിന്നും പുറത്ത് ചാടിയ കന്യാസ്ത്രീ വിവാഹിതയായി എന്ന രീതിയിലുള്ള ചിത്രങ്ങളോടെയാണ് പ്രചരിക്കുന്നത്. ഈ ചിത്രങ്ങളും, സോഷ്യൽ മീഡിയയിലെയും വാട്‌സ്അപ്പിലെയും സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടും സഹിതമാണ് ഇവർ ജില്ലാ പൊലീസ് മേധാവി അടക്കമുള്ള കേന്ദ്രങ്ങളിൽ പരാതി നൽകിയിരിക്കുന്നത്.
ചെസ് ടൂർണമെന്റിന്റെ മൂന്ന് വാട്സ് അപ്പ് ഗ്രൂപ്പുകൾ, ചരുതംഗപ്പട എന്നീ വാട്സ് അപ്പ് ഗ്രൂപ്പുകൾ എന്നിവ വഴി അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ചവരുടെ നമ്പരുകളും, സ്‌ക്രീൻ ഷോട്ടുകളും പൊലീസിനു കൈമാറിയിട്ടുണ്ട്. തിരുവസ്ത്രങ്ങൾ അണിഞ്ഞ ചിത്രങ്ങൾ സഭയുടെ അധികാര പരിധിയിലും, ഇവർ ജോലി ചെയ്ത സ്‌കൂളിലും മാത്രമാണ് ഉള്ളത്. ഇത് പുറത്തായത് എങ്ങിനെയെന്നും, പ്രചരിപ്പിച്ചവർ ആരെന്നും കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് യുവതിയും ഭർത്താവും പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ മേലുകാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.