സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗത്തിനും, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പൊലീസ് കസ്റ്റഡിയും അറസ്റ്റും എല്ലാം മുൻകൂട്ടിയുള്ള തിരക്കഥയാണെന്ന വാദം ശക്തം. ബിഷപ്പിനെ ഒരു ദിവസം പോലും ജയിലിൽ കഴിയാൻ അനുവദിക്കാതെ പുറത്തെത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായിരുന്നു ആശുപത്രി വാസവും, പൊലീസ് കസ്റ്റഡിയും പെട്ടന്നുണ്ടായ ജാമ്യാപേക്ഷയും എല്ലാമെന്നാണ് സൂചന ലഭിക്കുന്നത്. ബിഷപ്പിനെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസം കസ്റ്റഡിയിൽ വിട്ടു.
വെള്ളിയാഴച രാത്രി വൈകിയാണ് ബിഷപ്പിനെ തൃപ്പൂണിത്തുറയിലെ ഹൈടെക്ക് ഇന്ററോഗേഷൻ മുറിയിൽ നിന്നും കോട്ടയത്തേയ്ക്ക് കൊണ്ടു വന്നത്. തൃപ്പൂണിത്തുറയിൽ വച്ച് ആദ്യം വൈദ്യ പരിശോധനയ്ക്ക് ബിഷപ്പിനെ അന്വേഷണ സംഘം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, യാത്രയ്ക്കിടെ ആറിടത്ത് കൂക്കുവിളി നേരിടേണ്ടി വന്നതോടെ ബിഷപ്പ്ിന്റെ മാനസിക സമ്മർദം ഏറിയെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. പെട്ടന്ന് തന്നെ തന്ത്രം മാറ്റിയ അന്വേഷണ സംഘം ബിഷപ്പിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദന ആയതിനാൽ തന്നെ മെഡിക്കൽ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്ത്ിൽ രാത്രി 11 മണിമുതൽ രാവിലെ ഒൻപത് മണിവരെ ബിഷപ്പ് സുഖമായി കഴിഞ്ഞു. പൊലീസ് ക്ലബിലെ രാത്രി കൊതുകുകടി ഒഴിവാക്കാൻ ബിഷപ്പിന്റെ അഭിഭാഷകർ തന്നെയാണ് നെഞ്ചു വേദന എന്ന തന്ത്രം ഉപദേശിച്ച് നൽകിയത്. പൊലീസും ഇതിനു രഹസ്യമായി കൂട്ടു നിന്നു.
എന്നാൽ, പൊലീസ് ബിഷപ്പിനു വഴിവിട്ട് യാതൊരു സൗകര്യങ്ങളും ഒരുക്കിയില്ലെന്നതിന്റെ തെളിവുകളും പൊലീസിനെ ന്യായീകരിക്കുന്നവർ നിരത്തുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബിഷപ്പിന്റെ അഭിഭാഷകനായ സിബി ചേനപ്പാടി സന്ദർശിക്കാനെത്തിയിട്ടും പൊലീസ് അനുവദിച്ചില്ല. ഇതിന്റെ പേരിൽ അഭിഭാഷകനും, പൊലീസും തമ്മിൽ വാക്ക് തർക്കം പോലും ഉണ്ടായി. ബിഷപ്പ് നെഞ്ചിനു വേദനയുണ്ടായ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മറിച്ചുള്ള പ്രചാരണം എല്ലാം അടിസ്ഥാന രഹിതമാണ്.
എന്നാൽ, ബിഷപ്പും പൊലീസും തമ്മിൽ ഒത്തു കളിക്കുന്നതിന്റെ പ്രധാന ലക്ഷങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബിഷപ്പിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. രണ്ടു ദിവസമാണ് കസ്റ്റഡി കാലാവധി. ഈ രണ്ടു ദിവസം പൊലീസിനൊപ്പം പൊലീസ് ക്ലബിലും മറ്റും ബിഷപ്പ് ഫ്രാങ്കോ കഴിച്ചു കൂട്ടേണ്ടി വരും. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയോടെ ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും. ഈ ഹർജിയിൽ അനുകൂല വിധി നേടി പുറത്തിറങ്ങാനാവുമെന്നാണ് ഫ്രാങ്കോയുടെ അനുയായികളും, അഭിഭാഷകരുംപ്രതീക്ഷിക്കുന്നത്. അതുവരെ ബിഷപ്പ് ഫ്രാങ്കോയെ ജയിലിൽ കിടക്കാതെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസ് ഇപ്പോൾ നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ, ഈ ആരോപണങ്ങളെയെല്ലാം പൊലീസ് തള്ളുകയാണ്. നിയമപരമായ നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും മറിച്ചുള്ള പ്രചാരണം എല്ലാം അടിസ്ഥാന രഹിതമാണെന്നും പൊലീസ് സംംഘം പറയുന്നു.