ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യമില്ല: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പാലാ സബ് ജയിലിൽ ഇനിയും കിടക്കേണ്ടി വരും; കന്യാസ്ത്രീകളുടെ രഹസ്യമൊഴി കോടതി ഇന്ന് രേഖപ്പെടുത്തും
സ്വന്തം ലേഖകൻ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. കേസിൽ സ്ാക്ഷികളെ സ്വാധീനിക്കാൻ ശേഷിയുള്ള ഉന്നതനാണ് ഫ്രാങ്കോ എന്ന വാദം അംഗീകരിച്ച കോടതി ബിഷപ്പിന് ജാമ്യം അനുവദിക്കാതിരിക്കുകയായിരുന്നു. ഇതോടെ ഇനിയും രണ്ടാഴ്ചയെങ്കിലും ബിഷപ്പിന് ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി. ഹൈക്കോടതി കേസ് തള്ളിയതോടെ ബിഷപ്പിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
കഴിഞ്ഞ സെപ്റ്റംബർ 22 നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് സംഘം ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി പാലാ സബ് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ ബിഷപ്പ് ഫ്രാങ്കോ പാലാ മജിസ്‌ട്രേറ്റ് കോടിതയിൽ ആദ്യം ജാമ്യാപേക്ഷ നൽകി. എന്നാൽ, കോടതി ഇത് തള്ളി. ഇതിനു പിന്നാലെ തൊട്ടടുത്ത പ്രവർത്തി ദിവസം തന്നെ ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ട കോടതി കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി വയ്ക്കുകയായിരുന്നു. ഈ കേസിലാണ് ഇന്ന് കോടതി വിധി പറഞ്ഞിരിക്കുന്നത്.
അന്വേഷണവുമായി ആദ്യ ഘട്ടം മുതൽ സഹകരിച്ചിരുന്ന വ്യക്തിയാണെന്നും, അറസ്റ്റ് തന്നെ അനവസരത്തിലായിരുന്നുവെന്നുമായിരുന്നു ഫ്രാങ്കോയുടെ അഭിഭാഷകർ ജാമ്യത്തിനായി കോടതിയിൽ വാദിച്ചത്. പരാതി തന്നെ വ്യാജമാണെന്നും, തെളിവുകളൊന്നും ശരിയല്ലെന്നും അതുകൊണ്ടു തന്നെ കുറ്റാരോപിതനായ ഒരാളെ അന്യായമായി തടവിൽ വയ്ക്കുന്നത് ശരിയല്ലെന്നും ഇവർ വാദിച്ചിരുന്നു. എന്നാൽ, സാക്ഷികളായ കന്യാസ്ത്രീകളെ സ്വാധീനിക്കാനും, ഭീഷണിപ്പെടുത്താനും ശേഷിയുള്ള ഇപ്പോഴും സഭയിലും സമൂഹത്തിലും സ്വാധീനമുള്ള ബിഷപ്പ് ഫ്രാങ്കോയെ ജാമ്യത്തിൽ വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതുമാത്രമല്ല അന്വേഷണം പുരോഗമിക്കുകയാണെന്നും, ഈ ഘട്ടത്തിൽ കേസിലെ പ്രതിയ്ക്ക് ജാമ്യം നൽകിയാൽ ഇത് തെളിവുകൾ നശിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം അനുസരിച്ചാണ് ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
ഇതിനിടെ, ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിനു ഇരയായ കന്യാസ്ത്രീയെ പിൻതുണച്ച് സാക്ഷി മൊഴി നൽകുകയും, സമരത്തിൽ പങ്കെടുക്കുകയും ചെയ്ത അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ബിഷപ്പിന് എതിരായി മൊഴി നൽകിയ ഫാ.നിക്കോളാസ് മണിപ്പറമ്പിൽ അടുത്തിടെ അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി മാറ്റിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം കേസിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീകളുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇവർ മൊഴി മാറ്റാതിരിക്കാൻ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വഴിയാണ് ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുക.