
ആലപ്പുഴ: വെളിച്ചെണ്ണയ്‌ക്കൊപ്പം അരിവിലയും കുതിച്ചുയർന്നതോടെ ബിരിയാണിച്ചെമ്പിന് തീപിടിച്ച അവസ്ഥയാണ്.
ഒരുമാസത്തിനിടെ ഇരട്ടിയിലധികം വില വർദ്ധനയാണ് ബിരിയാണി അരിക്ക് ഉണ്ടായിരിക്കുന്നത്.
100 രൂപയുണ്ടായിരുന്ന ഒരുകിലോ കൈമ അരിക്ക് ഇപ്പോള്‍ 200 മുതല്‍ 240 രൂപ വരെ കൊടുക്കണം. ഇതോടെ താരതമ്യേന വിലക്കുറവുണ്ടായിരുന്ന കോലക്കും ബസുമതിക്കും ഡിമാൻഡും ഒപ്പം ചെറിയ രീതിയില്‍ വിലയും കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
വിവിധ ബ്രാൻഡുകള്‍ അനുസരിച്ച് വില കൂടിയത്. ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്ന ബിരിയാണി അരികള്‍ക്ക് 85 നിന്ന് 165 രൂപയായി വർദ്ധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളിച്ചെണ്ണയ്ക്കും അരിക്കും വില കൂടിയെങ്കിലും ബിരിയാണിക്ക് വില കൂട്ടാൻ പറ്റാത്ത അവസ്ഥയിലാണ് വ്യാപാരികള്‍ക്ക്. വിലകൂട്ടിയാല്‍ ഹോട്ടലില്‍ എത്തുന്നവരുടെ എണ്ണം കുറയുമോ എന്ന ആശങ്ക അവർക്കുണ്ട്.
ചെറുകിട കച്ചവടക്കാർക്ക് 2000 മുതല്‍ 3000 വരെയും അല്ലാത്തവർക്ക് 10000 രൂപ വരെയും വിലവർദ്ധന കാരണം ദിവസേന അധിക ചെലവ് വരുന്നുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ബിരിയാണിക്ക് വെളിച്ചെണ്ണ മാത്രം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വിലവർദ്ധന കാര്യമായി ബാധിക്കാൻ തുടങ്ങിയതെന്ന് ഹോട്ടലുകാർ പറയുന്നു.