play-sharp-fill
അവാർഡ് ദാന വിവാദം: മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണയുമായി സംസ്ഥാന പുരസ്‌കാര ജേതാവ് കനി കുസൃതി; അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗം ബാധിച്ചാൽ അത് തിരുത്താനാവാത്ത തെറ്റായി മാറും

അവാർഡ് ദാന വിവാദം: മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണയുമായി സംസ്ഥാന പുരസ്‌കാര ജേതാവ് കനി കുസൃതി; അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗം ബാധിച്ചാൽ അത് തിരുത്താനാവാത്ത തെറ്റായി മാറും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: അവാർഡ് ദാന ചടങ്ങിലെ വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കു പിൻതുണയുമായി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി. മേശപ്പുറത്ത് മുഖ്യമന്ത്രി അവാർഡ് ഫലകം വച്ചു നൽകിയതിൽ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. ഇതിനിടെയാണ് കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള നടി കനി ഇപ്പോൾ മുഖ്യമന്ത്രിയെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

പുരസ്‌ക്കാരം മേശപ്പുറത്തു വച്ചതിൽ തെറ്റില്ലെന്നു മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി വ്യക്തമാക്കി. അവാർഡുകൾ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും അപമാനിക്കുകയായിരുന്നു എന്ന വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു കനി. മുഖ്യമന്ത്രിയും സർക്കാരും ചെയ്തത് വളരെ ഉത്തരവാദിത്ത ബോധത്തോടെ ആയിരുന്നുവെന്ന് കനി പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മുഖ്യമന്ത്രിയും അവിടെ കൂടിയ മറ്റുള്ളവരും പല പ്രായത്തിൽ പെട്ട ആളുകളായിരുന്നു. ഓരോ ആളിനെയും ഇമ്മ്യൂണിറ്റി പലതരത്തിലാണ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പിൻവലിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ പുരസ്‌കാരങ്ങൾ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണ്. ഈ അവാർഡുകൾ സ്വീകരിക്കുന്നവർക്ക് അത് പ്രധാനപ്പെട്ടതാണ് എന്നതു പോലെ തന്നെ മറ്റുള്ള സാധാരണക്കാർക്ക് അവരുടെ വീട്ടിലെ വിവാഹവും മറ്റു ചടങ്ങുകളും പ്രധാനപ്പെട്ടതാണ്.

അവരോടെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന് നിർദ്ദേശം കൊടുത്തിട്ടു സർക്കാർ ഇത്തരത്തിൽ ചടങ്ങുകൾ നടത്തുമ്പോൾ അവിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതു നിരുത്തരവാദപരമാണ്. അവിടെ ഒത്തുകൂടിയവർക്ക് രോഗബാധ ഉണ്ടായാൽ അത് തിരുത്താൻ പറ്റാത്ത തെറ്റാകും. പൊതു പ്രവർത്തകരും താരങ്ങളും സമൂഹത്തിൽ മാതൃക കാണിക്കേണ്ടവരാണ്. ഈ അവാർഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും കാര്യമാത്ര പ്രസക്തമായി സംസാരിക്കുകയും ചടങ്ങു വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. അതിനു സർക്കാരിനെ അഭിനന്ദിക്കുന്നു’. കനി പറഞ്ഞു.

ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിനാണ് കനി കുസൃതിക്ക് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരങ്ങൾ മേശപ്പുറത്തു വച്ച് കൊടുത്തതിനെ ചലച്ചിത്രമേഖലയിൽ പെട്ടവരും അല്ലാത്തവരുമായി ഒരുപാട് പേർ വിമർശിച്ചിരുന്നു. അതേസമയം സർക്കാർ താരങ്ങളെ അപമാനിച്ചെന്ന വിമർശനം ഉയർത്തിയത് നിർമ്മാതാവ് സുരേഷ് കുമാറായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കിൽ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു.അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാമെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി.

2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. ജെ.സി.ഡാനിയേൽ അവാർഡ് ഏറ്റു വാങ്ങാൻ സംവിധായകൻ ഹരിഹരൻ എത്താതിരുന്നതു ഫലത്തിൽ നന്നായി.മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരനു വേണ്ടി മേശപ്പുറത്തു നിന്ന് അവാർഡ് എടുക്കാനെത്തിയത്.

സ്റ്റാംപ് പ്രകാശനവും അവാർഡ് സ്മരണിക പ്രകാശനവും നേരിട്ടു നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ തോന്നാതിരുന്നതു കഷ്ടമാണെന്നും സുരേഷ്‌കുമാർ പറഞ്ഞു. ഇന്നലെയാണ് അമ്പതാമത് ചലച്ചിത്ര പുരസ്‌ക്കാരം സമ്മനിച്ചത്. താരങ്ങളെയെല്ലാം ക്ഷണിച്ചു വരുത്തിയ ശേഷം മേശപ്പുറത്തുവെച്ച പുരസ്‌ക്കാരം താരങ്ങൾ എടുക്കുകായിരുന്നു.

ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന്റെ മാതൃകയിൽ അടുത്ത വർഷം മുതൽ ടെലിവിഷൻ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന് വേണ്ടി ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഏറ്റുവാങ്ങി. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സ്വഭാവ നടി സ്വാസിക വിജയ്, മികച്ച ചിത്രമായ വാസന്തിയുടെ സംവിധായകർ ഷിനോസ് റഹ്മാൻ, സജസ് റഹ്മാൻ, പ്രത്യേക ജൂറി പരാമർശം നേടിയ നിവിൻ പോളി, അന്നബെൻ, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ഐ.എഫ്.എഫ്.കെയുടെ പേരിലുള്ള തപാൽ സ്റ്റാമ്പ് കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശനം ചെയ്തു. ഇങ്ങനെ പ്രകാശനം നിർവ്വഹിക്കാമെങ്കിൽ എന്തുകൊണ്ട് നേരിട്ടു നൽകിയില്ലെന്ന ചോദ്യം ഉയരുകയായിരുന്നു. വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങൾ ജേതാക്കൾ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു.