പക്ഷിപ്പനി പടരുന്നു;മാംസവും മുട്ടയും നന്നായി വേവിക്കണം; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Spread the love

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കടുത്ത ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്. കേരളത്തിൽ ഇതുവരെ മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ അത്യാവശ്യമാണെന്ന് മന്ത്രി അറിയിച്ചു.

video
play-sharp-fill

പ്രധാന നിർദ്ദേശങ്ങൾ

പച്ചമാംസം, പക്ഷികളുടെ കാഷ്ഠം എന്നിവ കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും മാസ്‌കും കയ്യുറകളും ധരിക്കണം. തൊഴിലിന്റെ ഭാഗമായി മാംസം കൈകാര്യം ചെയ്യുന്നവർക്ക് രോഗസാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്നായി വേവിച്ച മാംസവും മുട്ടയും മാത്രമേ കഴിക്കാവൂ. മുട്ട പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം. പച്ചമാംസം ഒരു കാരണവശാലും ഉപയോഗിക്കരുത്.

ശക്തമായ പനി, ശരീരവേദന, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും.

പക്ഷികളിലോ സസ്തനികളിലോ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ ഉടൻ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ചത്ത പക്ഷികളെ നേരിട്ട് കൈകാര്യം ചെയ്യരുത്.

പ്രതിരോധ നടപടികൾ ശക്തം

ആരോഗ്യവകുപ്പ് പ്രത്യേക എസ്.ഒ.പി (SOP) പുറത്തിറക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സഹായത്തോടെ ബോധവൽക്കരണം ഊർജിതമാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. ആവശ്യമായ മരുന്നുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പക്ഷികളിലെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

തൂവൽ കൊഴിയുക, തീറ്റയോട് വിരക്തി, ശ്വാസതടസ്സം, പൂവ്-കൊക്ക്-തല ഭാഗങ്ങളിൽ നീർക്കെട്ടോ നീലനിറമോ കാണപ്പെടുക, വയറിളക്കം, മുട്ടയുടെ എണ്ണം കുറയുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണം. ചത്തുപോയ പക്ഷികളെയും അവശിഷ്ടങ്ങളെയും ആഴത്തിൽ കുഴിച്ച് മൂടുകയോ കത്തിക്കുകയോ ചെയ്യേണ്ടതാണ്.

ശ്രദ്ധിക്കുക

രോഗം ബാധിച്ച പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്കാണ് പകരാൻ സാധ്യത കൂടുതൽ. കൈകൾ സോപ്പിട്ട് ഇടയ്ക്കിടെ കഴുകുന്നതും ശുചിത്വം പാലിക്കുന്നതും രോഗത്തെ അകറ്റിനിർത്താൻ സഹായിക്കും.