play-sharp-fill
പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ വില്‍പനക്ക് നിരോധനം; മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങൾ ശരിയായ  രീതിയിലും  ശാസ്ത്രീയമായും സംസ്‌കരിക്കണം ; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും ; പഠന സംഘം സർക്കാരിന്  റിപ്പോർട്ട് സമർപ്പിച്ചു

പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ വില്‍പനക്ക് നിരോധനം; മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങൾ ശരിയായ  രീതിയിലും  ശാസ്ത്രീയമായും സംസ്‌കരിക്കണം ; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും ; പഠന സംഘം സർക്കാരിന്  റിപ്പോർട്ട് സമർപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദേശങ്ങളുടെ പ്രായോഗിക വശങ്ങൾ  വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയായിരുന്നു സർക്കാർ വിദഗ്ധ സംഘം രൂപീകരിച്ചത്.

ദേശാടന പക്ഷികളിൽ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വിൽപനയിലൂടെയും അസുഖം പടർന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ  അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുൾപ്പെടെയുള്ള  മറ്റു വസ്തുക്കളും  ശാസ്ത്രീയമായി  സംസ്‌കരിക്കാത്തത് മൂലം  അവയിൽ  നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചേർത്തല, തണ്ണീർമുക്കം ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഒരു ഫാമിൽ നിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ച കാക്കകൾ മുഖേനയും പക്ഷിപ്പനി പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വനങ്ങളിൽ നിന്നുള്ള വൈറസ് സാന്നിധ്യമുള്ള പക്ഷികളിൽ നിന്നും നാട്ടിലെ  താറാവുകളിലേക്കും മറ്റു കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്കും രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ട്. ഇറച്ചി ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന  ബ്രോയിലർ  കോഴികളിലും താറാവുകളിലും വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി. വൈറസിന്റെ വിശദമായ ജനിതക പഠനം നടത്തണമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

പക്ഷിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനും  2021 ലെ  ദേശീയ  കർമ്മ പദ്ധതി  കർശനമായി പാലിക്കണമെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചു. പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപ്പനയും കടത്തും (അകത്തോട്ടും പുറത്തോട്ടും)  2025 മാർച്ച് അവസാനം വരെ നിരോധിക്കണം. നിരീക്ഷണ മേഖലയിലുള്ള  സർക്കാർ  ഫാമുകളിൽ ഉൾപ്പെടെയുള്ള ഹാച്ചറികൾ 2025 മാർച്ച് അവസാനം വരെ അടച്ചിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങൾ ശരിയായ  രീതിയിലും  ശാസ്ത്രീയമായും സംസ്‌കരിക്കണം. 2025 മാർച്ച് അവസാനം വരെ കുട്ടനാട് മേഖലയിൽ എല്ലാ മാസവും സാമ്പിൾ ശേഖരിച്ച് പരിശോധിക്കണം. സ്വകാര്യ കോഴി, താറാവ് ഫാമുകളുടെ രജിസ്ട്രേഷൻ സർക്കാർ മൃഗാശുപത്രികളിൽ നിർബന്ധമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ   ലൈസൻസ് നിർബന്ധമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന  മുട്ടകളിലും പക്ഷി കുഞ്ഞുങ്ങളിലും  പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സ്‌ക്രീനിങ് നടത്തണം. പന്നിഫാമുകളിൽ കർശന നിരീക്ഷണവും പരിശോധനയും ഉണ്ടാവണം. ഓരോ നാലുമാസം കൂടുമ്പോഴും സർക്കാർ സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശന നിർബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തണം. ഒരു താറാവു വളർത്തൽ  കേന്ദ്രത്തിൽ 3000 മുതൽ 5000 വരെ എണ്ണത്തിനെ മാത്രം വളർത്താൻ അനുമതി നൽകുക.

ഒരു പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി ആ പ്രദേശത്തു ഉൾക്കൊള്ളാൻ കഴിയുന്ന താറാവുകളുടെ എണ്ണവും നിജപ്പെടുത്തണം. അംഗീകൃത അറവുശാലകൾക്ക് മാത്രം കോഴി, താറാവ് ഇറച്ചി സംസ്‌കരണത്തിന് ലൈസൻസ് നൽകണം. കോഴി / താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കണം. പക്ഷിപ്പനി തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്.