play-sharp-fill
കൊറോണയ്ക്കു പുറമെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടരുന്നു: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

കൊറോണയ്ക്കു പുറമെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടരുന്നു: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്നു. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്കലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു നിയമസഭയെ അറിയിക്കുകയായിരുന്നു. പാലത്തിങ്കലിൽ വീടിനോട് ചേർന്ന് നടത്തുന്ന ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു.

 

ഇവയുടെയും പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയ പക്ഷിയുടെയും സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനക്ക് അയച്ചിരുന്നു. മൂന്ന് സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ടെണ്ണവും പോസിറ്റീവ് ആണ് ഫലം. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പക്ഷികളെയും കൊന്ന് കത്തിക്കും. കൊന്നു കത്തിക്കുന്നതിന്റെ തീയതിയും സമയക്രമവും തീരുമാനിക്കും.അതേസമയം രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. കൊടിയത്തൂരിലും വേങ്ങരയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

 

ഇവിടങ്ങളിൽ പക്ഷികളെ പിടികൂടി കൊന്ന് കത്തിക്കുന്ന പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായിരുന്നു. രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. വീടുകളിൽ അവശേഷിക്കുന്ന പക്ഷികളെ പിടികൂടി കൊല്ലുന്ന പ്രവർത്തനമാണ് ഇന്നു ആരംഭിക്കുന്നത്. പരിശോധനയ്ക്ക് എത്തിയ കേന്ദ്രസംഘം ഇന്ന് വേങ്ങേരി ഭാഗത്ത് സ്ഥിതി ഗതികൾ പരിശോധിക്കും. പക്ഷിപ്പനി മൂലം നഷ്ടം സംഭവിച്ചിരിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.