ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിച്ചുനോക്കൂ; മുടിയിലും നഖത്തിലും മുഖത്തും വ്യത്യാസം കാണാം

Spread the love

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പോഷകങ്ങളില്‍ വരുന്ന കുറവാണ് ഇത്തരത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്.

ധാരാളം പേര്‍ പതിവായി പരാതിപ്പെടുന്ന രണ്ട് പ്രശ്നങ്ങളാണ്, ഒന്ന് മുടി കൊഴിച്ചില്‍ അടക്കമുള്ള മുടിയെ സംബന്ധിക്കുന്ന ബുദ്ധിമുട്ടുകളും രണ്ട് ചര്‍മ്മത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളും. ഈ രണ്ട് പ്രയാസങ്ങളും ഒരുപോലെ പരിഹരിക്കാൻ സഹായിക്കുന്നൊരു മാര്‍ഗത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

‘ബയോട്ടിൻ’ എന്നത് ആരോഗ്യകാര്യങ്ങളില്‍ അല്‍പമെങ്കിലും ശ്രദ്ധ പുലര്‍ത്തുന്നവരെല്ലാം കേട്ടിരിക്കാൻ സാധ്യതയുള്ളൊരു പദമാണ്. ‘ബയോട്ടിൻ’ ഗുളികകള്‍ വാങ്ങി കഴിക്കുന്നവരും ഏറെയാണ്.

വൈറ്റമിൻ-ബി കുടുംബത്തിലുള്‍പ്പെടുന്നൊരു ഘടകമാണ് ബയോട്ടിൻ. വൈറ്റമിൻ-ബി 7 എന്നും ഇതറിയപ്പെടുന്നു. ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ബയോട്ടിൻ പലതിനുമായാണ് ശരീരം വിനിയോഗിക്കുന്നത്. ഇതിനെ പ്രോട്ടീനോ, കൊഴുപ്പോ, കാര്‍ബോഹൈഡ്രേറ്റോ എല്ലാമാക്കി മാറ്റി ഊര്‍ജ്ജം പകരുന്നതിനെല്ലാം ഏറെ ഉപയോഗിക്കപ്പെടുന്നു.

ബയോട്ടിൻ ഒരിക്കലും ശരീരത്തില്‍ സ്റ്റോര്‍ ചെയ്ത് വയ്ക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ ഇത് നിരന്തരം നാം എടുത്തുകൊണ്ടിരിക്കണം. പ്രധാനമായും ഭക്ഷണത്തില്‍ നിന്ന് തന്നെ. ചര്‍മ്മത്തെയും മുടിയെയും നഖങ്ങളെയുമെല്ലാം സംരക്ഷിച്ചുനിര്‍ത്തുന്നതിന് ആവശ്യമായി വരുന്ന കെരാറ്റിൻ എന്ന പദാര്‍ത്ഥം നിര്‍മ്മിക്കുന്നതിന് ബയോട്ടിൻ ആവശ്യമാണ്.

അതത് കാലാവസ്ഥകളിലും മറ്റും ചര്‍മ്മത്തിനും മുടിക്കും നഖങ്ങളുമേല്‍ക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും പൊതുവെ ഇവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ബയോട്ടിൻ അത്യാവശ്യമാണ്. അതുകൊണ്ടാണ് പലരും ഇത് സപ്ലിമെന്‍റായി പ്രത്യേകമായി തന്നെ എടുക്കുന്നത്.

എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ പതിവായി നമുക്കിത് ലഭ്യമാക്കാവുന്നതേയുള്ളൂ. അതിന് ബയോട്ടിൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ച് കൂടി മനസിലാക്കാം.

പയറുവര്‍ഗങ്ങള്‍, കൂണ്‍, മധുരക്കിഴങ്ങ്, മുട്ടയുടെ മഞ്ഞക്കരു, സാല്‍മണ്‍ മത്സ്യം, വിവിധയിനം സീഡ്സ്, ബദാം എന്നിവയെല്ലാം ബയോട്ടിനാല്‍ സമ്പന്നമാണ്. ഇവയെല്ലാം തന്നെ പതിവായി നമുക്ക് എളുപ്പത്തില്‍ ലഭിക്കുന്ന തരം ഭക്ഷണങ്ങളും, പതിവായി കഴിക്കുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളില്ലാത്ത തരം ഭക്ഷണങ്ങളുമാണ്.

മുടി കൊഴിച്ചില്‍ തടയാനും, മുടിയുടെ ഭംഗിയും തിളക്കവും നഷ്ടപ്പെട്ട് മുടി പൊട്ടുന്നത് പ്രതിരോധിക്കാനും, നഖങ്ങള്‍ ആരോഗ്യമുള്ളതാക്കാനും, നഖം പൊട്ടുന്നത് ഒഴിവാക്കാനും, ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമായി നിലനിര്‍ത്താനുമെല്ലാം ബയോട്ടിൻ ആവശ്യവുമാണ് സഹായകവുമാണ്. അതിനാല്‍ ഡയറ്റില്‍ ഇത്തരത്തില്‍ ബയോട്ടിൻ അടങ്ങിയ ഭക്ഷണം പതിവാക്കിയാല്‍ വലിയൊരു അളവ് വരെ ഇതുപോലുള്ള പ്രയാസങ്ങളെയും പ്രതിരോധിക്കാം.