ബിനോയ്‌ വിശ്വം തുടരും ; ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു

Spread the love

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞടുത്തു.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാം​ഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റം​ഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപരുമാണ്.

മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്ത് ജനനനം. ബിഎ, എൽഎൽബി ബിരുദധാരിയാണ്.

എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. നാ​ദാപുരത്ത് നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. 2006-11ൽ എൽഡിഎഫ് മന്ത്രിസഭയിൽ വനം, ഭവന മന്ത്രിയായിരുന്നു. 2018 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഷൈല പി ജോർജാണ് ഭാര്യ. മക്കൾ: രശ്മി ബിനോയ് (മാധ്യമപ്രവർത്തക),സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക).