play-sharp-fill
ബിനോയ് കൊടിയേരിയുടെ ഡി.എൻ.എപരിശോധന: കുരുക്കു മുറുക്കി ബാർ നർത്തകി; ബിനോയിയുടെ ജാമ്യം റദ്ദാക്കാൻ ബീഹാർ സ്വദേശിനി നടപടി ആരംഭിച്ചു; കൊടിയേരി പുത്രന് വീണ്ടും കഷ്ടകാലം

ബിനോയ് കൊടിയേരിയുടെ ഡി.എൻ.എപരിശോധന: കുരുക്കു മുറുക്കി ബാർ നർത്തകി; ബിനോയിയുടെ ജാമ്യം റദ്ദാക്കാൻ ബീഹാർ സ്വദേശിനി നടപടി ആരംഭിച്ചു; കൊടിയേരി പുത്രന് വീണ്ടും കഷ്ടകാലം

സ്വന്തം ലേഖകൻ
മുംബൈ: ഡി.എൻ.എ പരിശോധനയ്ക്കു തയ്യാറാകാതെ ഒഴിഞ്ഞു മാറുന്ന ബിനോയ് കൊടിയേരിയെ കുടുക്കാൻ കൂടുതൽ തെളിവുകൾ പുറത്തു വിടാനൊരുങ്ങി ബീഹാർ സ്വദേശിയായ യുവതി. യുവതിയ്ക്കും കുട്ടിയ്ക്കുമൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ ചിത്രം യുവതി ഫെയ്‌സ്ബുക്കിൽ ഇടുകയും, ബിനോയ് കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത് വരികയും ചെയ്തതോടെയാണ് സിപിഎമ്മും കൊടിയേരി ബാലകൃഷ്ണനും കൂടുതൽ പ്രതിരോധത്തിലായി.
അടുത്ത ഘട്ടമായി ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകാതെ രക്ഷപെടാൻ ശ്രമിക്കുന്ന ബിനോയിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് ബിഹാറി യുവതിയുടെ അഭിഭാഷകൻ ഉന്നയിക്കുന്നത്. പരിശോധനയ്ക്കായി ഡിഎൻഎ രക്തസാമ്പിൾ നൽകാൻ തയ്യാറാകാത്ത ബിനോയിയുടെ നടപടിയാണ് ബിഹാറി യുവതിയെ ചൊടിപ്പിച്ചിരിക്കുന്നത്.
പീഡനപരാതിയിൽ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ. ഡിഎൻഎ പരിശോധനയ്ക്ക് വേണ്ട സാംപിൾ നൽകാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഇക്കാര്യത്തിൽ ഇനിയും ബിനോയ് സഹകരിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ രക്തസാമ്പിൾ നൽകാത്ത ബിനോയ് ജാമ്യവ്യവസ്ഥയിലെ നിബന്ധന ലംഘിച്ചിരിക്കുന്നു എന്ന നിഗമനത്തിലാണ് യുവതിക്ക് നിയമസഹായം നൽകുന്ന മുബൈയിലെ അഭിഭാഷകൻ അബ്ബാസ് മുഖ്ത്യാർ. കുട്ടിയുടെ പിതൃത്വം ഉൾപ്പടെയുള്ള വിഷയത്തിൽ തീർപ്പുണ്ടാക്കാൻ ക്രിമിനൽ നടപടിക്രമം വകുപ്പ് 53 എ പ്രകാരം പ്രതിയുടെ ഡി എൻ എ പരിശോധന പൂർത്തിയാക്കണം.യുവതി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകൾ ബിനോയിയുടെ വാദങ്ങൾ കളവെന്നതിന് തെളിവാണെന്നും അഭിഭാഷകൻ പറയുന്നു.
ബിനോയിയും യുവതിയുമായുള്ള ടെലഫോൺ സംഭാഷണത്തിന്റെ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന് നൽകിയിട്ടുണ്ട്. യുവതിയിൽ നിന്നും നിർദ്ദേശം ലഭിച്ചാലുടൻ ബിനോയിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ നാളെയും ബിനോയ് ഡി എൻ എ പരിശോധയ്ക്കായി രക്തസാംപിൾ നൽകിയേക്കില്ല എന്നാണ് സൂചന.
അതേസമയം വിവാഹവാഗ്ദാനംനൽകി ബിഹാർ യുവതിയെ ലൈംഗികദുരുപയോഗംചെയ്‌തെന്ന കേസ് ഒത്തുതീർപ്പാക്കാൻ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്തായതും ബിനോയിക്ക് തിരിച്ചടിയായിരുന്നു. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീൽ മുഖേന നോട്ടീസയച്ചതിനെത്തുടർന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കാൻ ബിനോയ് തന്നെ കോടതിയിൽ ശബ്ദ രേഖ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തു വന്നതെന്നാണ് സൂചന. ഡിഎൻഎ ടെസ്റ്റിൽ നിന്ന് ബിനോയ് ഒഴിഞ്ഞു മാറുകയാണ്. ഈ സാഹചര്യത്തിലാണ് പൊതു സമൂഹത്തിൽ ശബ്ദ രേഖ എത്തുന്നത്. കുട്ടിയുടെ പിതാവ് താൻ തന്നെയാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ബിനോയ്. ഇതോടെ ഇനി ഈ യുവതിയുമായി ബന്ധമില്ലെന്ന് ബിനോയിക്ക് പറയാനാകില്ല.
”അഞ്ചുകോടി നൽകാനാവില്ലെ”ന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. ”അത്ര പറ്റില്ലെങ്കിൽ കഴിയുന്നത് നൽകാനാ”ണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. ”മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങൾക്ക് എത്ര നൽകാൻകഴിയും, അത്ര നൽകൂ”വെന്നും അവർ അഭ്യർത്ഥിക്കുന്നു. ”നിന്റെ മകനുള്ളത് നീ നൽകൂ”വെന്ന് യുവതി വ്യക്തമായി പറയുന്നുണ്ട്. കുട്ടിയുടെ പിതൃത്വം സംഭാഷണത്തിൽ ബിനോയ് നിഷേധിക്കുന്നില്ല. ”പൈസ നൽകാം, എന്നാൽ രണ്ടു കാര്യങ്ങൾ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേർക്കുന്നത് നിർത്തണം. ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണം” -അദ്ദേഹം പറയുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉള്ളതെന്ന് വരുത്താനാണ് ഈ ശബ്ദരേഖ കോടതിയിൽ ബിനോയ് ഹാജരാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജാമ്യം കിട്ടിയതും. എന്നാൽ തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിക്കുന്ന തരത്തിലുള്ളതാണ് ശബ്ദരേഖ. എങ്ങനേയും യുവതിക്ക് നഷ്ടപരിഹാരം നൽകി കേസ് ഒതുക്കാനാണ് ബിനോയിയുടെ ശ്രമം.
ഇതിനിടെ, തനിക്കെതിരേ യുവതി നൽകിയ ബലാത്സംഗക്കേസിൽ പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. ബിനോയിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്രകാരമാണിത്. കഴിഞ്ഞ തിങ്കളാഴ്ച മുൻകൂർ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് ഡി.എൻ.എ. പരിശോധനയ്ക്ക് രക്തസാമ്ബിളുകൾ നൽകിയിരുന്നില്ല. ഹൈക്കോടതിയിൽ ഹർജി നൽകിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഡി.എൻ.എ. പരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ബിനോയ് നടത്തുന്നതെന്നും അതിനുവേണ്ടിയാണ് ഹർജി നീട്ടിവെപ്പിച്ചതെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ കുറ്റപ്പെടുത്തി. ഇതിനിടെയാണ് ശബ്ദരേഖ പുറത്താകുന്നത്. ഡി എൻ എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം ഉറപ്പിക്കാനാണ് യുവതിയുടെ ശ്രമം.
മുംബൈ ദിൻദോഷിയിലെ സെഷൻസ് കോടതി ബിനോയ് കോടിയേരിക്ക് മുൻകൂർജാമ്യം നൽകിയപ്പോൾവെച്ച വ്യവസ്ഥകളിൽ, പൊലീസ് ആവശ്യപ്പെട്ടാൽ രക്തസാമ്പിൾ നൽകണമെന്നതും ഉൾപ്പെടുന്നു. വരുന്ന നാളെ കൂടി രക്തസാമ്പിൾ നൽകിയില്ലെങ്കിൽ, ജാമ്യവ്യവസ്ഥ ലംഘിക്കുന്നതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ എങ്ങനേയും ഇതും അട്ടിമറിക്കാനാണ് നീക്കം. ഇത് മനസ്സിലാക്കിയാണ് ശബ്ദരേഖ പുറത്തു വിട്ടതും.