play-sharp-fill
7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടെങ്കിലും തീരുമാനമായില്ല; ഒടുവിൽ  വാദം ഈ മാസം 7ന് പൂർത്തിയായപ്പോൾ ജ‍ഡ്ജി ബെഞ്ച് മാറിപ്പോയി; ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുമ്പോൾ വിധി പ്രഖ്യാപനം  ദീപാവലിക്കു ശേഷം

7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടെങ്കിലും തീരുമാനമായില്ല; ഒടുവിൽ വാദം ഈ മാസം 7ന് പൂർത്തിയായപ്പോൾ ജ‍ഡ്ജി ബെഞ്ച് മാറിപ്പോയി; ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുമ്പോൾ വിധി പ്രഖ്യാപനം ദീപാവലിക്കു ശേഷം

സ്വന്തം ലേഖകൻ

ബംഗളൂരു ∙ ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്.


2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയർന്നു വരികയും ചെയ്തതോടെ ഇഡി കേസ് റജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനൂപുമായി പരിചയമുണ്ടെന്നും ബംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നൽകിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തു. അതിനിടെ, ചില ലഹരി പാർട്ടികളിൽ അനൂപിനൊപ്പം ബിനീഷും പങ്കെടുത്തിട്ടുണ്ടെന്നു സാക്ഷികൾ മൊഴി നൽകി. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെടുത്തു. കാർഡിനു പിന്നിൽ ബിനീഷിന്റെ ഒപ്പായിരുന്നെന്നും ഉദ്യോഗസ്ഥർ വാദിച്ചു.

അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, ബീക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമാണ് ഇഡിയുടെ വാദം.

അതേസമയം, ബിസിനസ്, സിനിമ എന്നിവയിൽനിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്ന് ബിനീഷ് വാദിക്കുന്നു. 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനു ശേഷം നവംബർ 11 മുതൽ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണു ബിനീഷ്. അനൂപും റിജേഷും ഇതേ ജയിലിലുണ്ട്.

ജാമ്യഹർജി ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി തള്ളിയതിനെ തുടർന്ന് ബിനീഷ് ഏപ്രിലിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചു. 7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടെങ്കിലും തീരുമാനമായില്ല. ഒടുവിൽ നടന്ന വാദം ഈ മാസം 7നു പൂർത്തിയായി. ജ‍ഡ്ജി ബെഞ്ച് മാറിപ്പോയതിനാൽ ദീപാവലിക്കു ശേഷമേ വിധി പ്രഖ്യാപനമുണ്ടാകൂ. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്. കേസ് വീണ്ടും നവംബർ 2 ന് പരിഗണിക്കും.