ബിനീഷിനെതിരായ അന്വേഷണം കേരളത്തിലേക്കും ; ബിനീഷിന്റെ ബിനാമിയുടേത് എന്ന് സംശയിക്കുന്ന കാർ പാലസ് ഷോറൂമിലടക്കം പരിശോധന നടത്തും : സ്വത്തുക്കൾ കണ്ടുകെട്ടിയേക്കുമെന്നും സൂചന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം എൻഫോഴ്‌സ്‌മെന്റ് കേരളത്തിലേക്കും വ്യാപിപ്പിച്ചു.
2012 മുതൽ 2019 വരെയുള്ള കാലയളവിൽ 5.17 കോടിയുടെ കള്ളപ്പണ ഇടപാട് ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെയും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവിൽ നിന്ന് ഇന്നലെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.ഇ.ഡിയ്ക്ക് പുറമെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമെത്തിയിട്ടുണ്ട്. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന കാർ പാലസ് ഷോറൂമിലടക്കം പരിശോധന നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബിനാമി ഇടപാടുകൾ ബിനീഷ് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ ,സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി നടപടിയെടുത്തേക്കും. അനൂപിന് കൈമാറിയ 5.17കോടി ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്ന് ഇ.ഡി കോടതിയിൽ നൽകിയ റിമാന്റ് റിപ്പോർട്ടിലുണ്ട്. ഇത് ബിനീഷ് ആദായനികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തുപോകുന്നില്ല. ആദായനികുതി വെട്ടിപ്പ് നടത്തിയതിന് ബിനീഷിനെതിരെ പുതിയ കേസെടുത്തേക്കും.
.
ബിനീഷും കുടുംബവും താമസിക്കുന്ന മരുതംകുഴിയിലെ വീട്ടിലാവും ഇ.ഡി പരിശോധന നടത്തുക. അതേസമയം ബിനീഷ് അറസ്റ്റിലായ ശേഷം കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് മാറിയിരുന്നു. റെയ്ഡുണ്ടാവുമെന്ന് ഉറപ്പായതോടെ വീടിന് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
ബിനീഷിന്റെ ബിനാമിയാണെന്ന് കണ്ടെത്തിയ അബ്ദുൾ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധനയുണ്ടാവും. ശംഖുംമുഖത്തെ ഓൾഡ് കോഫീ ഹൗസ് റസ്റ്റോറന്റ്, യു.എ.ഇ കോൺസുലേറ്റിലെ വിസാ സ്റ്റാമ്ബിംഗ് ഇടപാടുകൾ നടത്തുന്ന യു.എ.എഫ്.എക്‌സ് സൊല്യൂഷൻസ്, കേശവദാസപുരത്തെ കാർ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെകെ റോക്‌സ് ക്വാറി എന്നീ സ്ഥാപനങ്ങൾ ബിനീഷിന്റെ ബിനാമി കമ്പനികളാണോയെന്ന് ഇ.ഡി. അന്വേഷിക്കും.