
ഹരിപ്പാട് നിന്നും പുറത്തു വന്ന ബാല ഭിക്ഷാടനം ഞെട്ടിക്കുന്ന സംഭവമാണെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കേരളം പോലൊരു സംസ്ഥാനത്ത് ഭിക്ഷാടനം നടക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഹരിപ്പാട് ഭിക്ഷാടന മാഫിയയെ പിടികൂടിയ സംഭവത്തിൽ ആലപ്പുഴ എസ്പിയുമായി സംസാരിച്ചെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംഭവത്തിൽ കുട്ടികൾക്ക് കൗൺസിലിങ് കൊടുക്കാൻ ശിശുക്ഷേമ സമിതി ചെയർപേഴ്സണനോട് നിർദേശിച്ചെന്നും മന്ത്രി പറഞ്ഞു. ഭിക്ഷാടനത്തിനായി കുഞ്ഞിന്റെ അച്ഛന്റെ സഹോദരനാണ് കൊണ്ടുവന്നതെന്നാണ് അറിയാൻ സാധിച്ചതെന്നും ഇളയ കുഞ്ഞിനെ ഉടൻ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
സിനിമയിൽ മാത്രമാണ് ഇത്തരം ക്രൂരതകൾ കാണുന്നതെന്നും എല്ലാ ജില്ലകളിലും വേണ്ട ശ്രദ്ധ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. ഭിക്ഷാടന പ്രവർത്തനവുമായി പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്റെ ചെറിയച്ഛന് അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തൂത്തുക്കുടിയിലെ അനാഥാലയത്തില്‍ നിന്നാണ് രണ്ട് കുട്ടികളെയും അന്തോണി ഹരിപ്പാട് എത്തിച്ചത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മാന്നാര്‍ ഭാഗത്ത് ഒളിവിലായിരുന്നു അന്തോണി. ഇയാള്‍ക്കെതിരെ ജെജെ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.






